കതിര്‍മണ്ഡപത്തില്‍ നിന്നും കാരുണ്യത്തിന്റെ സ്വര്‍ണ്ണവള

പാലക്കുന്ന്: കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച് കതിര്‍ മണ്ഡപം. ഞായറാഴ്ച പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ വേദിയാണ് പ്രളയ ദുരിതത്തില്‍ കഴിയുന്ന കേരളീയ ജനതയ്ക്ക് കൈത്താങ്ങായത്. വധു വരന്‍മാര്‍ വിവാഹ ആഭരണത്തില്‍ നിന്നും നിറഞ്ഞ മനസ്സോടെ രണ്ടരപവന്റെ സ്വര്‍ണ്ണവള വധുവിന്റെ കൈയ്യില്‍ നിന്നും ഊരി നല്‍കുകയായിരുന്നു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്ക് കതിര്‍ മണ്ഡപത്തില്‍ വെച്ച് തന്നെ സ്വര്‍ണ്ണവള ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് കൈമാറി.

നവദമ്പതികളുടെ തീരുമാനത്തെ നിറഞ്ഞ കയ്യടികളുടെയാണ് വിവാഹ വേദിയിലെത്തിയ ബന്ധുമിത്രാദികളും നാട്ടുകാരും സ്വീകരിച്ചത്. കേരളം മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഞങ്ങളും അവരോടൊപ്പം ചേരുകയാണെന്ന് വധൂവരന്‍മാരായ പ്രസാദും, അശ്വതിയും പറഞ്ഞു. വധൂവരന്‍മാരുടെ തീരുമാനത്തെ രണ്ട് പേരുടെയും മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഉദുമ മുക്കുന്നോത്ത് ബാര ചവോക്ക് വളപ്പില്‍ ദാമോദരന്‍ – പുഷ്പ ദമ്പതികളുടെ മകന്‍ പ്രസാദ് ദാമോദരന്റെയും ഉദുമ പടിഞ്ഞാര്‍ ജന്മാ കടപ്പുറത്തെ അശ്വതി നിവാസിലെ കെ.കൃഷ്ണന്‍ – ശ്യാമള ദമ്പതികളുടെ മകള്‍ അശ്വതിയുടെയും വിവാഹമായിരുന്നു ഇന്നലെ നടന്നത്. പ്രസിഡണ്ട് സുകമാരന്‍ പൂച്ചക്കാടിന്റെ മരുമകളാണ് വധു അശ്വതി.

ലയണ്‍സ് സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിനേശ്കുമാര്‍, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഭാരവാഹികളായ സുകുമാരന്‍ പൂച്ചക്കാട്, പ്രകാശന്‍ മാസ്റ്റര്‍, ഷൗക്കത്തലി, അന്‍വര്‍ ഹസ്സന്‍, ഹാറൂണ്‍ ചിത്താരി, ഖാലിദ് പാലക്കി, അബ്ദുല്‍ നാസ്സര്‍, നൗഷാദ് ഗസല്‍, ഗോവിന്ദന്‍ നമ്പൂതിരി മാസ്റ്റര്‍, എം.എ ബഷീര്‍ ചിത്താരി എന്നിവര്‍ ഏറ്റുവാങ്ങി. സ്വര്‍ണ്ണവള ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രളയബാധിത മേഖലയില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തന ഫണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

KCN

more recommended stories