വെള്ളമിറങ്ങിയ വീട്ടില്‍ 35 പാമ്പുകള്‍; കാറിനുള്ളില്‍ പെരുമ്പാമ്പ് പ്രളയമൊഴിഞ്ഞപ്പോള്‍ പാമ്പുകളുടെ പ്രളയം

ആലുവ: പ്രളയത്തില്‍ മുങ്ങിപ്പോയ വീട്ടില്‍ നിന്ന് 35 പാമ്പുകളെയാണ് കൊന്നതെന്ന് ഗൃഹനാഥ. ആലുവ ദേശത്തെ ദീപയാണ് പ്രളയദുരിതത്തെക്കുറിച്ച് മനോരമയില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഭര്‍ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാംദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടുമക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണ് വഞ്ചിയില്‍ ക്യാംപിലേക്ക് കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍പോലും കയ്യിലുണ്ടായിരുന്നില്ല. ഒരു ജന്‍മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയത് കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടുണ്ടല്ലോ എന്നുള്ളതാണ്.

വീടിനുള്ളില്‍ നിന്ന് മാത്രം 35പാമ്പുകളെയാണ് കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു. തറയില്‍ നിറയെ കുതിര്‍ന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50കിലോയുടെ അരിച്ചാക്കുമായി ഭര്‍ത്താവ് വന്നുകയറിയതാണ്. പക്ഷേ,മുഴുവവനും കുതിര്‍ന്നുവീര്‍ത്ത്,തറയിലെ ചെല്‍യില്‍ കിടക്കുന്നു. ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെ വീട് വെള്ളത്തിലായിരുന്നുവെന്നും വെള്ളമിറങ്ങിയപ്പോള്‍ സഹിക്കാനാവാത്ത ദുര്‍ഗന്ധമാണെന്നും ഇവര്‍ പറയുന്നു.

അഞ്ചുദിവസത്തിനുള്ളില്‍ അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ അമ്പതിലേറെപ്പേരാണ് പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. എറണാകുളം,തൃശൂര്‍,പാലക്കാട്,ഇടുക്കി ജില്ലകളില്‍ നിന്നാണ് പാമ്പുകടിയേറ്റ് ചികിത്സയിലെത്തിയത്. അണലിയാണ് പ്രധാന ഉപദ്രവകാരി. മാളത്തില്‍ വെള്ളംകയറിയതോടെയാണ് പാമ്പുകള്‍ കൂട്ടമായി പുറത്തിറങ്ങിയത്.

കീഴരിയൂരു നിന്നും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ പെരുമ്പാമ്പാണ് ഇവിടത്തെ താരം. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍ സലാമിന്റെ കാറില്‍ നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിലാണ് കക്ഷി ഒളിച്ചിരുന്നത്. ഇതിന് അടുത്തുള്ള സ്ഥലങ്ങളിലൊക്കെ വെള്ളം കയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ മാത്രം വെള്ളം കയറിയില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു സലാം.

പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല.തുടര്‍ന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമിറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. തുടര്‍ന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. പത്തടി നീളവുമുണ്ട്. ഇരുപതു ദിവസത്തോളം പെരുമ്പാമ്പ് വനശ്രീയിലെ അതിഥിയായിരിക്കും. തുടര്‍ന്ന് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഭീഷണിയായി പാമ്പു സള്യം പതിവായിരിക്കുകയാണ്. ചത്തതും ജീവനുള്ളതുമായ പാമ്പുകള്‍ മലവെള്ളത്തില്‍ ധാരാളമായി ഒഴുകിയെത്തിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ വീട്ടുമുറ്റത്തു കണ്ടതില്‍ അധികവും ജീവനുള്ള വിഷപ്പാമ്പുകളാണ്. തീരദേശത്തു കണ്ട പല പാമ്പുകളും ചത്ത നിലയിലായിരുന്നു.

KCN

more recommended stories