ദുരിതാശ്വാസം: പുതിയവസ്ത്രങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ജില്ല മുന്‍ഗണന നല്‍കും

കാസര്‍കോട് : മഹാപ്രളയം ദുരിതം വിതച്ച ജില്ലകളിലും പ്രളയബാധിത മേഖലകളിലും പുതിയവസ്ത്രങ്ങളും മെഴുകുതിരി, നാപ്കിന്‍, മരുന്നുകള്‍, പാത്രങ്ങള്‍, ഡ്രൈഫുഡ്, ഡ്രൈഫ്രൂട്ട്സ്, ശുചീകരണ വസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ പി.കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. ഏത് സ്ഥലത്ത് ഏതാണ് അനിവാര്യമെന്ന് അന്വേഷിച്ച് യഥാര്‍ത്ഥ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുക. സംസ്ഥാനവും, കേന്ദ്രവും, വിദേശരാജ്യങ്ങള്‍ പോലും ഒത്തൊരുമിച്ചാണ് പ്രളയബാധിത മേഖലയുടെ പുനരുദ്ധാരണത്തിന് പരിശ്രമിക്കുന്നതെന്ന് എം.പി പറഞ്ഞു. ദുരിതമേഖലകളുടെ അതിജീവനം പ്രധാനമാണ്. ദുരിതാശ്വാസത്തിന് എന്ന പേരില്‍ നിര്‍ബന്ധിത പിരിവും വിഭവസമാഹരണവും പല സ്ഥലങ്ങളിലും നടക്കുന്നത് അടിയന്തരമായി തടയാന്‍ ജില്ലാഭരണകൂടവും പോലീസും സത്വരനടപടി കൈക്കൊളളും.

ദുരിതാശ്വാസനടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഇന്ന് (ആഗസ്റ്റ് 21) രാവിലെ 10.30ന് ചേരുമെന്ന്് ജില്ലാകളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നതിനായി കാസര്‍കോട് ഗവ.കോളജ്, തൃക്കരിപ്പൂര്‍ പോളിടെക്നിക്ക്, പടന്നക്കാട് കാര്‍ഷിക കോളജ് എന്നീ കേന്ദ്രീങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നതിനും സൗകര്യമുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ടും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടും ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രമേ ജനങ്ങള്‍ മുഖവിലയ്്ക്ക് എടുക്കുവാന്‍ പാടുള്ളു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുന്നതാണ്.
യോഗത്തില്‍ വിവിധ സംഘടനകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക ജില്ലാ കളക്ടര്‍ സ്വീകരിച്ചു. എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നഗരസഭ ചെയര്‍മാന്‍മാരായ ബീഫാത്തിമ ഇബ്രാഹിം, വി.വി രമേശന്‍, പ്രൊഫ.കെ.പി ജയരാജന്‍, ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ ഇ.ദേവദാസ്, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു, എഡിഎം:എന്‍.ദേവീദാസ്,കാഞ്ഞങ്ങാട് ആര്‍ഡിഒ:സി.ബിജു, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories