മുഖ്യമന്ത്രി വഴിയൊരുക്കി, ദിവ്യയ്ക്കു പഠിക്കാന്‍ വെളിച്ചമെത്തി

കാസര്‍കോട് : മുഖ്യമന്ത്രിയുടെ ഇടപെടലും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ശ്രമവും കൂടിച്ചേര്‍ന്നപ്പോള്‍ ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ്സുകാരി ദിവ്യയുടെ വീട്ടില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കുമുമ്പേ വെളിച്ചമെത്തി.Divya-kasaragod
കാസര്‍കോട് ജില്ലയിലെ ബളാല്‍ പൊന്നുമുണ്ടയിലെ ഗോവിന്ദന്റേയും ഗീതയുടേയും മകളായ ദിവ്യ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെത്തിയത് വീട്ടില്‍ വൈദ്യുതിയെത്തണമെന്ന അപേക്ഷയുമായായിരുന്നു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെളിച്ചത്തില്‍ പഠിച്ച് അര്‍ധവാര്‍ഷിക പരീക്ഷയിലും സംസ്ഥാന ശാസ്ത്രമേളയിലും എ ഗ്രേഡുകള്‍ വാങ്ങിക്കൂട്ടിയ ദിവ്യയ്ക്ക് എസ് എസ് എല്‍ സി പരീക്ഷയാവുമ്പോഴെങ്കിലും വീട്ടില്‍ വൈദ്യുതിവെളിച്ചം തെളിഞ്ഞുകാണണമെന്നത് ആഗ്രഹമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍കോട്ടു നിന്നുള്ള അപേക്ഷ സ്വീകരിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നു. പക്ഷേ അര്‍ഹതപ്പെട്ട കാര്യങ്ങള്‍ക്ക് സാങ്കേതികപ്രശ്‌നങ്ങള്‍ തടസ്സമാകരുതെന്നു കരുതി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സുതാര്യകേരളം കണ്ണൂര്‍ ജില്ലാ ഓഫീസില്‍നിന്ന് കാസര്‍കോട് ഓഫീസുമായി ബന്ധപ്പെട്ട് ദിവ്യയുടെ അപേക്ഷ സ്വീകരിക്കുകയായിരുന്നു.
ഭീമനടി വൈദ്യുതി സെക്ഷനു കീഴിലെ രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതി യോജനയില്‍ പെടുത്തുന്നതിന് ദിവ്യയുടെ കുടുംബം നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എല്ലാ വിധത്തിലും അര്‍ഹതപ്പെട്ട ബിപിഎല്‍ കുടുംബമെന്ന നിലയില്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിക്കുകയും ചെയ്തു. പക്ഷേ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലൈന്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാവാന്‍തന്നെ ഇനിയും വൈകുന്നതിനാല്‍ കണക്ഷന്‍ ലഭിക്കാന്‍ വൈകും. അതുകഴിഞ്ഞു മാത്രമേ വീടുകളില്‍ കണക്ഷന്‍ നല്കുന്നത് തുടങ്ങാന്‍ കഴിയൂ. അപ്പോഴേക്കും ദിവ്യയുടെ പത്താംക്ലാസ് കഴിയും.
ഈ സാഹചര്യത്തില്‍ ദിവ്യയുടെ വീട്ടില്‍ താല്ക്കാലികമായെങ്കിലും വെളിച്ചമെത്തിക്കുന്നതിനായി സുതാര്യകേരളത്തില്‍ നിന്ന് അനര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടു. അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ചെറിയ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ചുള്ള സൂര്യറാന്തലുകള്‍ സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന പദ്ധതി നിലവിലുണ്ട്. നേരത്തേ അപേക്ഷ നല്കിയിരുന്നില്ലെങ്കിലും സുതാര്യകേരളത്തിലൂടെ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ദിവ്യയ്ക്കു കൂടി അത് അനുവദിക്കാന്‍ അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ ജയചന്ദ്രന്‍ സന്നദ്ധനായി. ദിവ്യയുടെ വീട് ഉള്‍പ്പെടുന്ന ചിറ്റാരിക്കല്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായരുടെ ഇടപെടല്‍ കൂടിയായതോടെ കാര്യങ്ങള്‍ക്ക് വേഗതയേറി. സൂര്യറാന്തല്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി കഴിച്ച് വേണ്ടിവരുന്ന ബാക്കി തുക ജില്ലാ പഞ്ചായത്ത് അംഗം സ്വന്തം കയ്യില്‍ നിന്ന് വഹിക്കാമെന്ന് അനര്‍ട്ട് അധികൃതരെ അറിയിച്ചതോടെ ദിവ്യയുടെ സ്വപ്നം സഫലമായി. ഹരീഷ് തന്നെ കാസര്‍കോട്ടെ അനര്‍ട്ട് ജില്ലാ ഓഫീസില്‍ നേരിട്ടുചെന്ന് ദിവ്യയ്ക്കുവേണ്ടി ഉപകരണങ്ങള്‍ വാങ്ങി.
സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹരീഷ് പി നായര്‍ ദിവ്യയ്ക്ക് സൗരോര്‍ജ ഉപകരണങ്ങള്‍ കൈമാറി. പിടിഎ പ്രസിഡന്റ് പി വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. സുതാര്യകേരളം കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത് കൃഷ്ണന്‍, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ അലോഷ്യസ് ജോര്‍ജ്, ജേര്‍ണലിസം വിഭാഗം അധ്യാപകന്‍ ആന്റണി തുരുത്തിപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശശിധരന്‍ അടിയോടി സ്വാഗതവും സോജിന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

KCN

more recommended stories