ഇനി നമ്മുടെ പെണ്‍കുട്ടികള്‍ എവിടേക്കാണ് നിലവിളിച്ചോടേണ്ടത്?

പേടിച്ചുവിറക്കുന്ന നേരത്തൊക്കെ നിലവിളിച്ചോടാന്‍ ഒരച്ഛനുണ്ട് നമുക്കോരോര്‍ത്തര്‍ക്കും. അച്ഛനേക്കാള്‍ വലിയൊരു സുരക്ഷിതത്വം മറ്റൊരിടത്തും അനുഭവിച്ചറിഞ്ഞിട്ടേയുണ്ടാവില്ല നമ്മള്‍. ഭയം വന്നുചേരുമ്പോഴെല്ലാം നാം അച്ഛനരികലാണഭയം കൊതിക്കാറ്. എത്ര ബലഹീനനാണെങ്കിലും കുടെ അച്ഛനുണ്ടല്ലോ എന്ന ചിന്ത മനസ്സിന് വല്ലാത്ത കരുത്തുപകരും.
കുഞ്ഞുന്നാളില്‍ വാശിപിടിച്ചുകരയുമ്പോള്‍ കഥകളായിരം പറഞ്ഞുതന്ന് ചുമലിലേറ്റി നടക്കാറുള്ള അച്ഛന്‍, ഉത്സവപറമ്പിലേക്കും നഗരപൊലിമയിലേക്കും കൈപിടിച്ചുകൊണ്ടുപോയി കൗതുകങ്ങളുടെ ജാലകം തുറക്കാറുള്ള അച്ഛന്‍, സ്‌ക്കൂള്‍ വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍ കാവലായെത്താറുള്ള അച്ഛന്‍….
കൈതപ്രം അനശ്വരമാക്കിയ ആ വരികള്‍ ഓരോ നിമിഷത്തിലും മനസ്സ് ഏറ്റുപാടാറുണ്ട്.
സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോള്‍ അറിയാതെ
ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം…

എഴുതുന്ന വാക്കുകള്‍ക്കും പറയുന്ന വാചകങ്ങള്‍ക്കുമെല്ലാം എത്രയോ അപ്പുറമാണ് അച്ഛനെന്ന സങ്കല്പം. ആണ്‍കുട്ടികളെക്കാളേറെ അച്ഛനോടിഷ്ടം പെണ്‍കുട്ടികള്‍ക്കാണ്. തിരിച്ചും അതേ അളവില്‍ സ്‌നേഹം പരന്നൊഴുകും.
പറഞ്ഞിട്ടെന്ത,് ഇന്ന് പലദിക്കിലും അച്ഛന്‍ എന്ന പദത്തിന്റെ പവിത്രത കളങ്കമേറ്റ് വീഴുന്നു. സ്വന്തം മക്കള്‍ക്ക് പ്രത്യേകിച്ചും പെണ്‍മക്കള്‍ക്കു സുരക്ഷിതത്വത്തിന്റെ മതിലായി മാറേണ്ട അച്ഛന്‍ അവര്‍ക്കുമുന്നില്‍ കാമഭ്രാന്തനായി കടിച്ചുകീറുന്ന വല്ലാത്തൊരു കാഴ്ച്ചക്കാണ് മലയാളികള്‍പ്പോലും സാക്ഷിയാകുന്നത്.
അച്ഛനും സഹോദരങ്ങളും കൂടി പിച്ചിചീന്തിയ കുഞ്ഞുമോളുടെ സങ്കടക്കഥകേട്ടിട്ട് നമ്മുടെ ഷോക്ക് മാറിയിട്ടില്ല. അപ്പോഴേക്കിത കവിയൂരിലെ അനഘയും പീഡിപ്പിക്കപ്പെട്ടത് സ്വന്തം പിതാവില്‍ നിന്നാണെന്ന് വ്യക്തമായിരിക്കുന്നു.ദൈവമേ(!) എന്തെന്തുവാര്‍ത്തകളാണീ കേള്‍ക്കുന്നത്(?)
വഴിയോരങ്ങളില്‍ വായനോക്കി നില്‍ക്കുന്ന പൂവാലന്മാരോട് നമ്മുടെ പെണ്‍കുട്ടികള്‍ അഹങ്കാരത്തോടെ പറായാറുള്ളത് എടാ ഞാന്‍ അച്ഛനോട് പറഞ്ഞ് നിനക്ക് കാണിച്ചുതരാം, അല്ലെങ്കില്‍ എന്റെ ഏട്ടന്‍ നിന്റെ കഥകഴിക്കും എന്നൊക്കെയായിരുന്നു.
എന്നാലിന്ന് പെണ്‍കുട്ടികളുടെ മനസ്സില്‍  ആ വിശ്വാസത്തിന്  ക്ഷതമേറ്റുക്കൊണ്ടിരിക്കുന്നു. വീടിനുള്ളില്‍ തന്നെ കഴുകന്‍ കണ്ണുകള്‍ പിന്തുടരുമ്പോള്‍ ഇനി നമ്മുടെ കുഞ്ഞുപെങ്ങന്മാര്‍ എവിടേക്കാണ് നിലവിളിച്ചോതേണ്ടത്. യുവതിയായ മക്കളെ വീട്ടില്‍ നിര്‍ത്തിപോകുമ്പോള്‍ ആരാണ് അവളുടെ അടുത്തുള്ളതെന്ന് ചോദിക്കുമ്പോള്‍ അച്ഛനുണ്ടെന്ന് സുരക്ഷിതത്വബോധത്തോടെ പറയാറുണ്ട് അമ്മമാര്‍. എന്നാലിപ്പോള്‍ അച്ഛനോടൊപ്പം മക്കളെ ഒറ്റക്ക് വീട്ടില്‍ നിര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് നമ്മുടെ നാട് ചെന്നെത്തിയിരിക്കുന്നു.  വീട് വീതികളേക്കാള്‍ ഭീകരമാവുന്നു. ഉണ്ണാനും ഉറങ്ങാനുമാവാതെ സ്വന്തം അച്ഛനെപേടിച്ച് സ്വന്തം വീട്ടില്‍ കഴിയേണ്ട പെണ്‍കുട്ടികള്‍ നമ്മോട് വിളിച്ചുപറയുന്നത് വലിയൊരു ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.
മരിക്കുന്നതിന് മുമ്പ് കവിയൂരിലെ അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പലവട്ടം പിഡീപ്പിച്ചിരുന്നുവെന്ന് സി.ബി.ഐ സംഘം സംശയത്തിനിട നല്‍കാതെ വിവരിക്കുമ്പോള്‍ നാം എന്ത് പേരിട്ടാണ് അതിനെ വിളിക്കേണ്ടത്. പിതാവ് എന്ന സങ്കല്‍പ്പത്തെ പിച്ചിചീന്തിയ ആ മനുഷ്യനെ എങ്ങനെയാണ് അച്ഛനെന്ന് വിളിക്കാന്‍ കഴിയുക.

Gal
കാമവെറിയും നെറികേടും ഏറുന്ന ലോകത്ത് മക്കള്‍ വഴിതെറ്റാതിരിക്കാന്‍ സദാജാഗുരൂകനായിരിക്കുന്ന അച്ഛനും അമ്മയും പോയ കാലത്തിന്റെ ഓര്‍മ്മമാത്രമാണോ(?) മകളുടെ ബോഡി ലാംഗ്വേജ് നോക്കി വെള്ളമിറക്കുന്ന നാരായണന്‍ നമ്പൂതിരിമാര്‍ക്ക് ഇവിടെ എത്രോയോ അനുയായികളുണ്ടെന്ന് പിന്നെയും പിന്നെയും പത്രതാളുകളില്‍ കാണുന്നു. മകളെ പീഡിപ്പിക്കുന്ന പിതാവും പെങ്ങഫളെ  ഉപയോഗിക്കുന്ന സഹോദരനും വിദ്യാര്‍ത്ഥിനിയുടെ മാനം കളങ്കപ്പെടുത്തുന്ന അദ്ധ്യാപകനുമെല്ലാം ഏറിവരുന്നു. മകളെ അന്യന് കാഴ്ചവെച്ച് കാശാക്കുന്ന അച്ഛനോടൊപ്പം അമ്മയും കൂട്ടുനില്‍ക്കുന്നുവെന്നതാണ് മറ്റൊരു സങ്കടകരമായ കാഴ്ച്ച. സ്വന്തം മകളെ കാഴ്ച്ചവസ്ത്തുവാക്കിയിട്ട് അതിന്റെ ചോരപണം പറ്റി ഞെളിഞ്ഞ് നടക്കുന്ന അമ്മമാരും അപൂര്‍വ്വമല്ലാത്ത കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും പണം സമ്പാദിക്കാമെന്ന കണക്കുകൂട്ടലിന് മുന്നില്‍ ബന്ധങ്ങളുടെ പവിത്രതപോലും മറന്നുപോവുകയാണ് മലയാളികള്‍. കൂട്ടികൊടുപ്പുകാര്‍ എന്ന പദത്തിന് ഏതോ നാലാംകിട ഗുണ്ടയുടെ മുഖമായിരുന്നു നമ്മുടെ സങ്കല്‍പ്പത്തില്‍. എന്നാലിന്ന് അത് സ്വന്തം അച്ഛനോ അമ്മയോ ആണ്.
പെണ്ണുതന്നെ പെണ്ണിന്റെ ശത്രുവായി മാറുന്ന കാലത്ത് ഇനി എങ്ങനെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ ഈ ഭൂമിയില്‍ ജീവിക്കേണ്ടത്(?) പെണ്ണിനെ വഴിതെറ്റിക്കുന്നതും അവളുടെ ജീവിതം തകര്‍ക്കുന്നതും മറ്റൊരുപെണ്ണാണ് എന്ന സത്യമാണ് അടുത്തകാലത്തായി നമുക്ക് കാണേണ്ടിവരുന്നത്.
നാലുവയസ്സുപോലും പ്രായമാവാത്ത കുഞ്ഞുമോളെ ഒമ്പതു വയസ്സുകാരന്‍ പീഡിപ്പിച്ചുകൊല്ലുന്നു, ഒന്നിച്ച് സ്‌കൂളില്‍ പോകുന്ന സഹോദരിക്ക് സമാനമായ അഞ്ചാം ക്ലാസുകാരിയെ ഏഴാം ക്ലാസുകാരന്‍ ഉപയോഗിച്ച് നശിപ്പിക്കുന്നു. മലയാളക്കരയിലെ ചിത്രങ്ങളാണിത്. എന്തുകൊണ്ടിങ്ങനെ(?) ഒരു വിചിന്തനം ആവശ്യമാണിവിടെ(?)
ബന്ധങ്ങളുടെ പവിത്രതയാണ് ഇവിടെ കടപുഴകി വീഴുന്നത്. എന്തുമാവാം എങ്ങിനെയുമാവാമെന്ന് വീട്ടകങ്ങള്‍ തന്നെ പറഞ്ഞുതരുമ്പോള്‍ നാരായണന്‍ നമ്പൂതിരിമാര്‍ വീട്ടിനകത്തുതന്നെ രൂപപ്പെടുകയാണ്.
ഒരു അനഘമാത്രമല്ല…നാമറിയാത്ത എത്രയോ അനഘമാര്‍ എത്രയോ വീടുകളില്‍ മാനവും മനസ്സും തകര്‍ന്ന് കഴിയുന്നുണ്ടാവും. ആരാറിയാന്‍ അതൊക്കെ(?) നമ്മുടെ കാഴ്ചയും കാഴ്ച്ചപ്പാടും മാറുകതന്നെവേണം. ലതാനായരേയും ശോഭജോണിനെയും നായികമാരാക്കുന്നതിനുപകരം അവര്‍ക്ക്  ഒരിക്കലും പുറത്തുവരാനാവാത്ത കാരാഗ്രഹമൊരുക്കണം.
പെണ്‍കുട്ടികളെ അപമാനിക്കുമ്പോള്‍  ബന്ധുക്കള്‍ വന്ന് ഭീഷണിയോടെ ചോദിക്കുന്ന ചോദ്യം, എടാ, നിനക്ക് അമ്മയും പെങ്ങന്മാരുമില്ലെ എന്നാണ്.
ഏതു നീചനും അമ്മയേയും പെങ്ങളെയും കളങ്കപ്പെടുത്തില്ല എന്ന സന്ദേശമാണി വാക്കുകള്‍ക്കകത്ത് നിറയെ. എന്നാലിപ്പോള്‍ അതും തിരുത്തപ്പെടുന്നു. പെങ്ങളും മകളുമെല്ലാം ഉപഭോഗവസ്തുമാത്രമായി മാറി.
ഇനിയെങ്കിലും ഇതുമാറണം. വീട്, ആ പഴയ സങ്കല്‍പ്പം പോലെ ~~ഒരു  സ്വര്‍ഗ്ഗമാവണം, അച്ഛന്‍ കണ്‍കണ്ടദൈവവും ആങ്ങിളമാര്‍ കാവലിന്റെ മാലാഖയുമാവണം. സ്‌നേഹത്തിന്റെ പുഴ ഒഴുകണം വീട് നിറയെ, നമ്മുടെ മക്കള്‍ക്ക് കരഞ്ഞുനിലവിളിക്കാനെങ്കിലും അച്ഛനും അമ്മയുമുണ്ടാകണം….
ആരും കേള്‍ക്കാതെ അനഘകരയുന്നത് ഇപ്പോള്‍ മലയാളികള്‍ കേള്‍ക്കുന്നുണ്ട്. പറഞ്ഞിട്ടെന്ത് കണ്ണീരൊപ്പാന്‍ പോലും കാത്തുനില്‍ക്കാതെ അവള്‍ പോയില്ലെ. നിനക്ക് അമ്മയും പെങ്ങളുമില്ലേയെന്ന് നമ്മളെങ്ങനെയാണിനി നമ്പൂതിരിയോട് വിളിച്ചുചോദിക്കേണ്ടത്. ആ ആധാകാരികതയെപ്പോലും അയാള്‍ പിച്ചിചീന്തിയില്ലെ…
അനഘ…വീട് തന്നെ ഭീതിയാകുമ്പോള്‍ നിന്റെ അനുജത്തിമാര്‍ ഇനി എവിടെക്കാണ് നിലവിളിച്ചോടേണ്ടത്(?)

KCN

more recommended stories