നമ്മുടെ നേതാക്കള്‍ ഫോണെടുക്കാത്തതെന്തേ (?)

സാമൂഹ്യ  പ്രവര്‍ത്തനം ഒരു പ്രാര്‍ത്ഥനയാണ്, ദൈവത്തിന്റെ കണ്ണില്‍ ഏറ്റവും മഹത്തരമായ ഒന്നാണത്. വിലപ്പെട്ട സമയങ്ങളത്രയും മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം സമര്‍പ്പിക്കാന്‍ കഴിയുന്നുവെന്നത് സമാനതകളില്ലാത്ത നന്മയാണ്. എന്തു നഷ്ടം സംഭവിച്ചാലും പൊതുപ്രവര്‍ത്തനം ഏറെ പുണ്യംതന്നെ. സഹോദരന്റെ ദു:ഖങ്ങള്‍ക്കുമുന്നില്‍ സാന്ത്വനത്തിന്റെ തലോടലും ആശ്വാസത്തിന്റെ കൈതാങ്ങുമായി അവതരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ജന്മംസഫലമാകുന്നു. നാടിനും നാട്ടുകാര്‍ക്കും വേണ്ടി എല്ലാം ഒഴിഞ്ഞുവെച്ച കുറേ നേതാക്കളും മനുഷ്യരും ഇന്നും ചരിത്രതാളില്‍ ജ്വലിക്കുന്ന അദ്ധ്യായങ്ങളായി ജീവിക്കുന്നു.

സാമൂഹ്യസേവനം നിര്‍വ്വചിക്കാനാവാത്ത പൂണ്യമാണെന്ന് പറയുമ്പോഴും നമ്മുടെ ഇന്നെത്തെ പൊതുപ്രവര്‍ത്തകര്‍ അക്കാര്യത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുള്ളവരാണ് എന്നത് വലിയ ചോദ്യമാവുന്നു. വോട്ടെടുപ്പ് കാലത്ത് നിറപുഞ്ചിരിയും ആയിരം വാഗ്ദാനങ്ങളുമായി അരികിലെത്തുന്നുവര്‍ അവസാനം കണ്ടാല്‍പോലും മിണ്ടാറില്ല എന്നത് പണ്ടുമുതലേയുള്ള പരാതിയാണ്. അയാളുടെ മുന്നില്‍ ഒരാവശ്യത്തിനു ചെല്ലേണ്ടിവന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കണ്ട ആ മനുഷ്യനേ ആയിരിക്കില്ല അത്.
ഇന്നത്തെ നേതാക്കളില്‍ പ്രത്യേകിച്ചും ജനപ്രതിനിധികളില്‍  ഒരു വിഭാഗം ഫോണെടുക്കാന്‍പോലും കൂട്ടാക്കാത്തവരാണ് എന്ന പരിഭവം ജനങ്ങള്‍ക്കിടയില്‍ ഏറിവരികയാണ്.
ഒരു മനുഷ്യന് ബുദ്ധിമുട്ട് സംഭവിക്കുന്നത് ഏതു നേരത്താണെന്നറിയില്ല. അവിചാരിതമായ ഒരു സമയത്ത് ദുരിതം വന്നുവീഴുമ്പോള്‍ സാധാരണക്കാരനായ ഒരു വ്യക്തി ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് പ്രതീക്ഷയുടെ നൂറുനിറങ്ങളോടെ ജനപ്രതിനിധിയെ വിളിക്കലാണ്. എന്നാല്‍ ഫോണെടുക്കാനേ കൂട്ടാക്കില്ല അപ്പോളയാള്‍ , അഥവാ എടുത്താല്‍ തന്നെ തിരക്കുനിറഞ്ഞ നൂറുവര്‍ത്തമാനങ്ങളായിരിക്കും ഉത്തരം.
പ്രാദേശിക നേതാക്കളില്‍പോലും വലിയൊരു വിഭാഗം ഫോണ്‍ ഓഫ് ചെയ്ത്‌വെച്ച് ജനങ്ങളുടെ ശല്ല്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നവരാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാകുമോ(?) ഉച്ചയാകുമ്പോള്‍ മാത്രം ഫോണ്‍ ഓണ്‍ചെയ്യുന്നുവരും രാത്രി ഒമ്പതുമണിക്കുശേഷം ഫോണ്‍ എടുക്കാത്തവരും നിരവധിയാണ്. പൊതു നമ്പര്‍ ഓഫ് ചെയ്ത് സ്വകാര്യ നമ്പരില്‍ ജീവിക്കുന്നവരാണിവരിലധികവും. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പൊതുപ്രവര്‍ത്തകര്‍ ഏറിവരുമ്പോള്‍ സാമൂഹ്യസേവനത്തിന്റെ മഹത്വം തന്നെയാണ് മാഞ്ഞുപോകുന്നത്.
ഒരു സംഭവം ഓര്‍മ്മവരുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അത്യാവശ്യകാര്യത്തിനുവേണ്ടി യുവനേതാവായ ഒരു ജനപ്രതിനിധിയെ വിളിക്കുകയാണ്. വിളിച്ചമാത്രയില്‍ പതിവുരീതിയിലുള്ള ഉത്തരം, ഞാന്‍ മരിച്ചവീട്ടിലാണ് പിന്നെ വിളിക്കു( നിത്യവും ഇയാള്‍ നല്‍കുന്ന ഉത്തരം ശരിയാണെങ്കില്‍ ഒരു ദിവസം നാട്ടില്‍ പത്തു മരണമെങ്കിലും സംഭവിക്കണം) അദ്ദേഹത്തിന്റെ സ്വഭാവം മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ അയാളുടെ ഓഫീസില്‍ പോകാന്‍ തീരുമാനിച്ചു. ക്ഷണനേരംകൊണ്ട് ഓഫീസിലെത്തിയപ്പോള്‍ അയാള്‍ സുഖമായിരിക്കുന്നുണ്ടവിടെ. നേതാവിനെ കണ്ടമാത്രയില്‍ അകലെ മാറിനിന്ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും വിളിച്ചു. എവിടെയാണ്(?) വീണ്ടും അതേ ഉത്തരം ഞാന്‍ മരിച്ച വീട്ടില്‍ തന്നെയാ…ഉടന്‍ വിദ്യാര്‍ത്ഥികളുടെ കമാന്റ് ഞങ്ങള്‍ പിറകിലുണ്ട്…
വല്ലാതെ ചമ്മിപ്പോയ നേതാവിന് സോറിമാത്രമായിരുന്നു ഉത്തരം.
ഇങ്ങനെ എത്രയോ നേതാക്കള്‍ പ്രവര്‍ത്തകരുടെ കോളിനുമുന്നില്‍ മരണവീട്ടിലാവുകയോ യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്യാറുണ്ട്.
ഒരു തിരക്കുമില്ലാതിരിക്കുമ്പോഴും ഞാന്‍ മീറ്റീങ്ങിലാണ് പിന്നെ വിളിക്കൂ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയോ തിരക്കുചമയുകയോ ചെയ്യുന്നതും ഇന്നിന്റെ നേതാക്കളുടെ ശീലമായി മാറുന്നു.
പ്രവര്‍ത്തകരില്‍ നിന്ന് അകന്നുജീവിക്കാന്‍ കൊതിക്കുന്ന നേതാക്കള്‍ ഏറീവരുമ്പോള്‍ പൊതുപ്രവര്‍ത്തനത്തെ നമുക്കെങ്ങനെയാണ് നന്മ എന്ന പേരിട്ടു വിളിക്കാന്‍ കഴിയുക(?)

ab kudiyanamലേഖകന്‍

എബി കുട്ടിയാനം

KCN

more recommended stories