വീടുകള്‍ ഇരുന്നൂറ്, സായിറാം ഭട്ടിന്റെ കനിവിന് സമാനതകളില്ല

sairamവീടില്ലാത്ത പാവങ്ങള്‍ക്കുമുന്നില്‍ സാന്ത്വനത്തിന്റെ മേല്‍ക്കൂരയായി മാറുന്ന ബദിയഡുക്ക കിളിംഗാറിലെ സായിറാം ഗോപാലകൃഷ്ണഭട്ട് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ എണ്ണം ഇരുന്നൂറായി. സ്വാര്‍ത്ഥതയില്‍ സ്വയം ഉള്‍വലിയുന്ന ആളുകള്‍ വാഴുന്ന ലോകത്ത് വലിയവരുമാനമൊന്നുമില്ലാത്ത സാധാരണ മനുഷ്യന്‍ കനിവ് കൊണ്ട് നന്മയുടെ വീടുകള്‍ തീര്‍ത്ത് പാവങ്ങള്‍ക്ക് ആശ്വാസമാകുന്ന സംഭവം ലോകത്തിന് തന്നെ മാതൃകയായി മാറുന്നു.
കുറച്ചുമാത്രം അടക്കാതോട്ടമുള്ള സായിറാം ഭട്ടിന്റെ മനസ്സില്‍ പാവങ്ങള്‍ക്കൊരുവീടെന്ന നല്ല ആശയം ഉദയം ചെയ്തത്  ഏകദേശം നാല് പതിറ്റാണ്ടു മുമ്പായിരുന്നു. ഒരു മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്നും മഴവെള്ളം പുറത്തേക്കുമാറ്റുവാനുള്ള ഓലകള്‍ ചോദിച്ചുകൊണ്ട് സായിറാം ഭട്ടിന്റെ അടുത്തേക്ക് ഒരു സാധുവായ മനുഷ്യന്‍ വന്നു. തോട്ടത്തില്‍ നിന്ന് ഓലയും ആവശ്യമായ സാമഗ്രികളും എടുത്തോളു എന്നു പറഞ്ഞപ്പോള്‍ ആ മുഖത്ത് തെളിഞ്ഞ ആഹ്ലാദവും സംതൃപതിയും സായിറാം ഭട്ടിന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. സായിറാം ഭട്ട് അയാളോട് ചോദിച്ചു നിങ്ങള്‍ക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കട്ടെ. അത് കേട്ടപ്പോള്‍ ആദ്യം ആ മനുഷ്യന് അത് വിശ്വസിക്കാനായില്ല, പിന്നെ അധികം വൈകാതെ  വീടെന്ന സ്വപ്നം പൂവണിഞ്ഞു. അതൊരു തുടക്കമായിരുന്നു. പിന്നീട് ഓരോ ഇടവേളകളിലും ഓരോ വീടുകള്‍ ഉയര്‍ന്നുവരികയും ജീവിതത്തില്‍ ഒരിക്കലും സ്വന്തം വീടുണ്ടാവില്ലെന്ന നിരാശയില്‍ കഴിഞ്ഞ എത്രയോ പാവങ്ങള്‍ അതിലേക്ക് ആഹ്ലാദത്തോടെ കടന്നുവരികയും ചെയ്തു. വീടുകളുടെ എണ്ണം അമ്പതും നൂറും കഴിഞ്ഞ് ഇരുന്നൂറിലെത്തി.
ഇരുന്നൂറ് വീടുകളിലായി അതിനേക്കാള്‍ എത്രയോ ഇരട്ടിമനുഷ്യര്‍ സമാധാനത്തോടെ അന്തിയുറങ്ങുമ്പോള്‍ ദൈവത്തിന്റെ മുന്നില്‍ ഒരു നന്മ ചെയ്തുവെന്നതിനപ്പുറം അഹങ്കാരമോ മേനിപറച്ചിലോ സായി ഭട്ടിനില്ല. വീടുകളുടെ ഓരോ താക്കോല്‍ദാനവും അതീവ ലളിതമായി നടത്തുന്നതാണ് ആ മഹമാനസ്സിന്റെ രീതി. അതിനെ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കുന്നതിനോടുപോലും അദ്ദേഹത്തിന് താല്പര്യമില്ല.
ഒരു ശുപാര്‍ശയോ ഇടപെടലോ സായിറാം ഭട്ടിന്റെ മുന്നില്‍ വിലപോവില്ല. ഏറ്റവും അര്‍ഹരായവരെ തേടിപിച്ചാണ് അദ്ദേഹം വീടുകള്‍ നല്‍കുന്നത്. ഇരുന്നൂറാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഓടിയെത്തി. ഇരുന്നൂറുവീടുകള്‍ പാവങ്ങള്‍ക്ക് ദാനമായി നല്‍കിയ സായിറാം ഭട്ടിന്റെ കിളിങ്കാറിലെ വീട് ആഢംബരം ലവലേശമില്ലാത്തതാണ് എന്നടുത്ത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാകുന്നു.
നല്‍കും തോറും ദൈവം അനുഗ്രഹത്തിന്റെ പുതിയ പുതിയ വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കുമെന്ന് പറയുന്ന സായിറാം ഭട്ടിന്റെ സേവനം വെറും വീടുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ഒരു നാടിന് മുഴുവന്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് ഒരു സമാന്തര സര്‍ക്കാര്‍ തന്നെയായി മാറുന്നു. കിളിങ്കാറില്‍ നിര്‍മ്മിച്ചിട്ടുള്ള ജലസംഭരണി ആയിരങ്ങള്‍ക്കാണ് അനുഗ്രഹമാകുന്നത്. ഇതിനുപുറമെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും സമൂഹ വിവാഹങ്ങളും നടത്തി സേവനത്തിന് നന്മയുടെ ആയിരം മുഖം നല്‍കുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ഓട്ടോറിക്ഷ വാങ്ങികൊടുത്തും അദ്ദേഹം കനിവിന്റെ പുഴയായിട്ടുണ്ട്.
ചെയ്യുന്ന സേവനങ്ങള്‍ വിളിച്ചകൂവി ഇടിച്ചുക്കേറി ജനശ്രദ്ധനേടാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ സായിറാം ഭട്ട് ഇരുന്നൂറാം വീടിന്റെ തിളക്കത്തിലും നിശബ്ദനാണ്. ആര്‍ക്കും കാണിക്കാന്‍വേണ്ടിയല്ല ഞാനിത് ചെയ്യുന്നതെന്ന് അദ്ദേഹം ഇന്നലെയും പറയാതെ പറഞ്ഞു. ഇരുന്നാറാമത് വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആ സേവനങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ലായിരുന്നു.
ലോകത്തില്‍ തന്നെ അപൂര്‍വ്വമായ കനിവിന്റെ കഥ രചിക്കുമ്പോഴും സായിറാം ഭട്ടിനെ വേണ്ടപോലെ അംഗീകരിക്കാന്‍ നമ്മുടെ അധികാരികള്‍ മറന്നുപോകുന്നുവെന്ന പരാതി വ്യാപകമാണ്. പത്മശ്രിപുരസ്‌ക്കാരത്തിന് വരെ നിര്‍ദ്ദേശിക്കാവുന്ന നാമമായിട്ടും ഈ പേര് അധികാരവര്‍ഗ്ഗത്തിനിടയില്‍ ഇതുവരെയും ഉയര്‍ന്നുകേട്ടിട്ടില്ല.

 

ലേഖകന്‍

എബി കുട്ടിയാനം

KCN

more recommended stories