അലസരാവാതിരിക്കാന്‍ ഉറങ്ങുന്നവര്‍

alasa_chinaഅതൊരു അപൂര്‍വ്വ കാഴ്ചയായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഓഫീസിനകത്ത് ലൈറ്റണച്ച് ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നു! ചൈനാ വിശേഷങ്ങള്‍ നേരിട്ടറിയാനുള്ള ജിജ്ഞാസ. കൂട്ടത്തിലുള്ള ക്യൂബ മുകുന്ദനാണ് ഏറെ ആകാക്ഷ.
ഷെന്‍സെന്‍ പട്ടണത്തിലെ വന്‍കിട ഹോട്ടലുകളില്‍പ്പെട്ട നാന്‍ ഹായ് ഹോട്ടലില്‍ നിന്ന് കോംപ്ലിമെന്ററി ആയി ലഭിച്ച പ്രാതലാണ് ഞങ്ങളുടെ ആദ്യ ചൈനാ ഭോജനം. സുഭിക്ഷമായ കോണ്‍ഡിനന്റല്‍ , ചൈനീസ് മെനുകളുടെ സങ്കരമാണ് വിളമ്പിയത്. ഞങ്ങളുടെ കൂട്ടത്തിലുള്ള കഞ്ഞിക്കാരന് രാവിലെ തന്നെ ലഭിച്ച കോഞ്ഞി (നമുക്ക് കഞ്ഞി) യും ചോറും ബഹുജോറായി. പഴ വര്‍ഗ്ഗങ്ങളും പാകം ചെയ്യാത്ത പച്ചക്കറികളും നിറഞ്ഞതായിരുന്നു തീന്‍മേശ ( നമുക്ക് ഇവ അലര്‍ജ്ജിയാണല്ലോ) .
പ്രാതലിന് ശേഷം 11.30 ഓടെയാണ് അവിടത്തെ ഒരു പ്രധാന കമ്പനിയുടെ ഓഫീസില്‍ കയറിയത്. ജാകരൂകരായി പ്രവര്‍ത്തിക്കുന്ന മനുഷ്യയന്ത്രങ്ങള്‍. സുന്ദരികളും സുന്ദരന്മാരും ( ഒരു ചൈനക്കാരി അഭിപ്രായപ്പെട്ടത് മീശയില്ലാത്തവര്‍ സുന്ദരന്മാരല്ല എന്നാണ്) മോണിറ്ററിലേക്ക് കണ്ണും നട്ട് ഒറ്റ ഇരിപ്പ്. ശീതീകരിച്ച ഓഫീസില്‍ കൃത്രിമ വെളിച്ചമുള്ള ക്യൂബിക്കുകളിലാണ് എല്ലാവരുടെയും ഇരിപ്പിടം.
പരസ്പരം സംസാരിക്കാനുള്ള അവസരങ്ങള്‍ അവര്‍ വിനിയോഗിക്കുന്നില്ല! (നമ്മളോ) സ്ത്രീകള്‍ പോലും പ്രവര്‍ത്തനത്തില്‍ ശ്രദ്ധാലുക്കളാണ്. ഞങ്ങള്‍ അവിടെ പ്രവേശിച്ചതിന്റെ ഒരു അടയാളം പോലും ആരുടെ മുഖത്തും കണ്ടില്ല. ഒരു വലിയ കണ്ണുള്ള സുന്ദരി എന്നെ ശ്രദ്ധിച്ചോ എന്ന് സംശയം. സുഹൃത്തുക്കള്‍ സമ്മതിച്ച് തന്നില്ല, തോന്നലാവാം, അഭിലാഷമാവാം . ഇടനാഴിയില്‍ ഈ യന്ത്ര മനുഷ്യരുടെ മുന്നിലൂടെ നടന്ന് ഞങ്ങള്‍ കോണ്‍ഫറന്‍സ് റൂമിലെത്തി. അപ്പോഴും എല്ലാവര്‍ക്കും ഞങ്ങള്‍ വെറും ഏഴാം കൂലികള്‍ .
അവരുടെ കമ്പനിയെയും ഗുണനിലവാരത്തെയും കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മാത്രം കഴിവുള്ള ആംഗ്ലേയ ജ്ഞാനികള്‍! ക്യൂബ മുകുന്ദന്റെ ആവേശം അവരില്‍ ഒന്നും ഉളവാക്കിയില്ല. ഭാഷാ പിടികിട്ടാത്തത് കൊണ്ടോ, അല്ല രാഷ്ട്രീയ താത്പര്യമില്ലാത്തത് കൊണ്ടോ, അവര്‍ക്ക് കച്ചവടം മാത്രമാണ് താല്പര്യം. കച്ചവടമാണ് മതം, പണമാണ് ദൈവം. പുരുഷന്‍മാരേക്കാളും സ്ത്രീകള്‍ ജോലി ചെയ്യുന്നത് കാണാം. എല്ലാ സ്ത്രീകളും ഇവിടെ സമ്പാദിക്കുന്നു. ഒരു ചൈനാ സുഹൃത്ത് പറഞ്ഞു ജോലിയില്ലാത്ത സ്ത്രീകള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ കാണൂ.
രാജ്യം ചൈനയാണെങ്കിലും കുടിക്കാന്‍ തന്നത് പെപ്‌സിയും കോളയും. തിന്നാന്‍ ലേസും മറ്റും. അവിടെ അങ്ങനെയാണ്. എന്തും ഏതും അവിടെ ഉല്‍പാദിപ്പിക്കാം വില്ക്കാം , സൗകര്യവും ലഭ്യമാണ്. വിദേശത്തേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് പ്രത്യേക പാക്കേജ് ലഭ്യമാണ്. ഒറ്റ കണ്‍ഡീഷന്‍ – പണം പുറത്തേക്ക് ഒഴുകരുത്. അകത്തേക്ക് കൊണ്ടുവരുന്നവര്‍ക്ക് പ്രോത്സാഹനം.
ഒരു യൂറോപ്യന്‍ കമ്പനിയുടെ സി.ഇ.ഒ. ചൈനയില്‍ കമ്പനി സ്ഥാപിക്കാന്‍ ഉണ്ടായ സാഹചര്യം ആവേശത്തോടെ ഞങ്ങളോട് വിവരിച്ചു. ചിപ്പുകളും ഐസികളും നിര്‍മ്മിച്ച് ലോക രാജ്യങ്ങളിലേക്ക് നല്‍കുന്ന കമ്പനിയാണ് ഇത്. 2007 -2008 കാലഘട്ടങ്ങളില്‍ ഇവരുടെ ഉത്പന്നമായിരുന്നു ലോകത്തെവിടെയും പോലെ ചൈനക്കാരും ഇറക്കുമതി ചെയ്തിരുന്നത്. കൂടുതല്‍ വിദേശ കറന്‍സി ഈ കമ്പനിയിലേക്ക് മാറ്റപ്പെടുന്നത് മനസിലാക്കി ചൈന സര്‍ക്കാരിന്റെ ഒരു പ്രതിനിധി സംഘം കമ്പനി സന്ദര്‍ശിക്കുകയും ഈ കമ്പനിക്ക് വേണ്ട എല്ലാ സംവിധാനങ്ങളും സ്ഥലം, കെട്ടിടം, കുറഞ്ഞ നിരക്കില്‍ ലോണ്‍, ലൈസന്‍സ്, മുതലായവ നല്‍കി ഇവിടെ നട്ടുവളര്‍ത്തി. ഇന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ ബൃഹത്തായി കയറ്റി അയച്ച് വിദേശ കറന്‍സി ചൈനയ്ക്ക് വേണ്ടി നേടുന്നു.
നമുക്ക് നമ്മളിരുന്ന കോണ്‍ഫറന്‍സ് റൂമിലേക്ക് തിരിച്ച് വരാം. പെപ്‌സിയും കോളയും കുടിക്കാന്‍ ഞങ്ങളുടെ മിഥ്യാ ആദര്‍ശം സമ്മതിച്ചില്ല. കൂട്ടത്തിലുള്ള കഞ്ഞിക്കും ക്യൂബക്കും എന്തായാലും അത് വേണ്ട. ഇതൊന്നും ഞങ്ങള്‍ക്ക് വശമില്ല എന്ന് മനസിലാക്കി അവര്‍ ഒരു ഒന്നൊന്നര ചൈനാ ടി ( ചായ) നല്‍കി ഞങ്ങളുടെ ചര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന് കൊണ്ടേയിരുന്നു.
ഏകദേശം 1 മണിക്ക് ചര്‍ച്ച അവസാനിപ്പിച്ച് വെളിയിലേക്ക് വന്നു. എന്റെ മനസ്സില്‍ നേരത്തെ കടക്കണ്ണെറിഞ്ഞ സുന്ദരിയെ ചിന്തിച്ച് മനസ്സില്‍ ഒരു ലഡു പൊട്ടി. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട് ! അവിടവിടെ മോണിറ്ററുകള്‍ മിന്നുന്നത് കാണാം (മിന്നാമിനുങ്ങിനെ പോലെ ) ഇവിടെയും ആര്യാടന്‍ സേവയാണോ എന്ന് തരിച്ചിരുന്നുപോയി. ചൈനയെപ്പറ്റി ചിന്തിച്ചതെല്ലാം വൃഥാവിലാകുമല്ലോ എന്ന കുണ്ഠിതവും. സസൂക്ഷ്മം വീക്ഷിച്ചപ്പോള്‍ തലങ്ങും വിലങ്ങും ഉറങ്ങുന്നവര്‍ . തല വലത്തോട്ട്, ഇടത്തോട്ട് ചെരിച്ചവര്‍, മുന്നിലുള്ള മേശയെ താങ്ങായി നിര്‍ത്തിയവര്‍. ബെഡ്‌റോളില്‍ ഉറങ്ങുന്നവര്‍ , ഇങ്ങനെ പല രൂപത്തിലും ഉറങ്ങുന്നവരെ കണ്ടു അത്ഭുതമൂറി. എന്റെ സുന്ദരിയെ തപ്പി. അവളും കസേരയിലിരുന്ന് കൈകള്‍ രണ്ടും താങ്ങായി ഉറങ്ങുകയാണ്.
ഞങ്ങളുടെ കൂട്ടത്തിലുള്ള വലിയ വിവരക്കാരന്‍ (അതയാളുടെ തോന്നല്‍) ഉച്ചത്തില്‍ എന്തൊക്കെയോ പുലമ്പുന്നു. ഇതൊന്നും എനിക്ക് ശ്രവിക്കാന്‍ കഴിയുന്നില്ല (ലഡ്ഡുവും കൂരിരുട്ടും)
പെട്ടെന്ന് ഞങ്ങളുടെ ദ്വിഭാഷി അയാളുടെ മാതൃഭാഷയില്‍ ‘ചുപ്പ് രഹോ’ എന്ന് പറഞ്ഞത് മനസ്സിലാക്കാതെ സര്‍വ്വജ്ഞാനി പിന്നേയും പുലമ്പിക്കൊണ്ടേയിരുന്നു. സ്ഥലകാല ബോധം കൈ വന്ന ഞങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നെ പമ്മി – പമ്മി വിവരക്കാരനേയും കൂട്ടി മെല്ലെ ഓഫീസ് റൂം കടന്ന് വരാന്തയിലെത്തി. അപ്പോഴാണ് ഞങ്ങള്‍ക്ക് ശ്വാസം നേരെ വീണത്, കാര്യങ്ങള്‍ തിരക്കിയതും.
അവിടെ 12. മുതല്‍ 12.30 വരെ ഉച്ചഭക്ഷണസമയമാണ്. 12.30 മുതല്‍ 1.30 വരെ ഉച്ചയുറക്കം. കൃത്യം 12.30 ന് ലൈറ്റുകള്‍ അണക്കും. കൃത്യം 1.30 ന് പ്രകാശം ചൊരിയും. സ്വിച്ചിട്ടപോലെ എല്ലാവരും ഉറങ്ങുന്നു, ഉണരുന്നു, അവരവരുടെ ജോലിയില്‍ വ്യാപൃതരാവുന്നു. രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ഓഫീസ് സമയം. 9 മുതല്‍ 12 വരെ രാവിലത്തെയും 1.30 മുതല്‍ 5.30 വരെയാണ് ഉച്ചയ്ക്ക് ശേഷവുമുള്ള സമയ ക്രമങ്ങള്‍. ഉച്ചയ്ക്ക് ശേഷമാണ് കൂടുതല്‍ സമയം.

അതിനാണ് അവര്‍ ഉറങ്ങുന്നത് .കൂടുതല്‍ ഉന്മേഷവാന്‍മാരാവാന്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍…
ഫാക്ടറിസന്ദര്‍ശിച്ചപ്പോഴും ഇത് തന്നെയാണ് സ്ഥിതി. അവിടെ ഷിഫ്റ്റ് 6 മുതല്‍ 6 വരെ. ദിവസേന രണ്ട് ഷിഫ്റ്റ് . ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ആശുപത്രി, സ്‌കൂള്‍ എന്നിവ കമ്പനി വക സൗജന്യമാണ്. സര്‍ക്കാരും അവരെ സഹായിക്കും. ഇവിടെയും സുന്ദരികളാണ് കൂടുതല്‍ . ആറുമണിക്ക് ശേഷം ജോലിക്കാര്‍ കമ്പനി മൊബൈല്‍ ഉപയോഗിക്കാറില്ല. പിന്നെ സ്വകാര്യ ജീവിതം. നമുക്ക് 24 മണിക്കൂറും ജോലി 24 മണിക്കൂറും വിശ്രമം.
ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരിക്കല്‍ പോലും വിശ്രമമെടുക്കുന്നതോ പരസ്പരം സംസാരിക്കുന്നതോ കണ്ടിട്ടില്ല. ഞങ്ങളിലെ ഒരു സംശയാലു എന്തോ ചോദിച്ചപ്പോള്‍ ഒരു സുന്ദരന്റെ വക മന്ദഹാസം മാത്രം.
പൊതു സ്ഥലത്ത് സിഗരറ്റ് വലി നിരോധിച്ചിട്ടില്ല എന്നല്ലാതെ മറ്റെല്ലാ കാര്യത്തിലും ക്ലീന്‍, ക്ലീന്‍. പോലീസ് പോലും വളരെ അപൂര്‍വ്വ വസ്തുവാണ്. പുരുഷന്‍മാരെ വശീകരിക്കാന്‍ ബാറുകളുടെ മുമ്പില്‍ കൊഞ്ചുന്ന സ്ത്രീകളെ പോലീസുകാര്‍ പേടിപ്പിക്കുന്നത് കാണാം. പക്ഷേ ഇവിടെ തായിലാന്റ് പോലെ ഫ്രീ സെക്‌സ് അല്ല. പക്ഷേ നമ്മേപ്പോലെ കപട സദാചാര ബോധവുമല്ല. ഐസ്‌ക്രീം സ്റ്റാളുകളിലും മറ്റും കാണുന്നവരെ സദാചാരത്തിന്റെ പേരില്‍ അക്രമിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ബലാത്സംഗ പ്രതികളാവുന്നു!
വളരെ പച്ച പിടിച്ച പ്രദേശമാണ് ഷെന്‍സെന്‍. എയര്‍പോര്‍ട്ട് അടക്കമുള്ള എല്ലാവിധ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങളും ഇവിടെ ഉണ്ട്. ഹോംകോംങില്‍ നിന്ന് 45 മിനുട്ട് ബോട്ട് യാത്ര ചെയ്താല്‍ ഇവിടെയെത്താം. റോഡ് വക്കിലുള്ള വലിയ മരങ്ങള്‍ സിമന്റ് സ്ലാബ് കൊണ്ടോ ഇരുമ്പ് തൂണുകള്‍ കൊണ്ടോ ബന്ധിച്ചിരിക്കുന്നത് കാണാം, വയനാടില്‍ ഒരു മരത്തെ മാത്രമേ ചങ്ങലക്കിട്ടിട്ടുള്ളൂ. ഇവിടെ എല്ലാ മരങ്ങളും ! പക്ഷേ ഇവര്‍ക്ക് നമ്മെപ്പോലെ അന്ധവിശ്വാസങ്ങളില്ല (കുറഞ്ഞത് സര്‍ക്കാരിനെങ്കിലും) ‘തൂഫാനില്‍ ‘ നിന്നും ഈ വൃക്ഷങ്ങളെ സംരക്ഷിക്കാനാണ് പോലും ഇങ്ങനെ ചെയ്യുന്നത്.

China - Traditional village live show
China – Traditional village live show

ഇന്ത്യക്കാര്‍ നടത്തുന്ന ഹോട്ടലുകളാണ് നമുക്കുള്ള ഏക ഭോജനാശ്രയം. പരമ്പരാഗത ചൈനാ ഹോട്ടലിലെ ഹോട്ട് പോട്ട് അടിപൊളിയായിരുന്നു. നടുക്ക് തിളച്ച് മറിയുന്ന എണ്ണയില്‍ ( വ്യത്യസ്തമായ ചേരുവകള്‍ക്ക് പ്രത്യേകം അറകള്‍) നമുക്ക് ആവശ്യമുള്ള വിഭവങ്ങള്‍ പൂങ്ങിതിന്നാം. പച്ചക്കറി, പഴവര്‍ഗ്ഗം, ആട്, മാട്, കോഴി , മീന്‍ പോര്‍ക്ക്, താറാവ് എന്നിങ്ങനെ എന്തും വേവിക്കാം. അവിടെയും സ്ത്രീകളാണ് ജോലിക്കാര്‍ , തികഞ്ഞ ബഹുമാനത്തോടെ പരസ്പരം ഇടപെടുന്നു.ഒരു കമന്റടിപോലും കേട്ടില്ല. ഒരു യൂറോപ്യന്‍ വിദേശി നല്കിയ ടിപ് ഹോട്ടല്‍ തൊഴിലാളി പുഞ്ചിരിയോടെ തിരസ്‌കരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി. അവിടെ ആ പതിവ് ഇല്ല.
ലോകത്തിലെ പ്രധാന നഗരങ്ങളെപോലെ ഇവിടെയും ലേറ്റ് നൈറ്റ് ജീവിതമാണ് ബാറുകളും സിനിമാ തിയേറ്ററുകളും ഇക്കിളിപ്പെടുത്തുന്ന ഡാന്‍സുകളും എല്ലാം …. സ്വര്‍ഗ്ഗീയ തുല്യം.

China - Traditional village
China – Traditional village

നമ്മുടെ താജ്മഹല്‍ അടക്കമുള്ള ലോകാത്ഭുതങ്ങളുടെ ഒരു മിനിയേച്ചര്‍ ‘സെവന്‍ വണ്‍ഡേര്‍സ് ‘ ല്‍ കാണാം. ‘ചൈനാ എത്തിനിക്ക് വില്ലേജ് ‘ ല്‍ ചൈനാ ഗ്രാമങ്ങളുടെ പുനരാവിഷ്‌കാരവും ചൈനയിലെ വ്യത്യസ്തമായ സാംസ്‌കാരിക പരിപാടികളും കാണാം. കച്ചവടത്തിനൊപ്പം ടൂറിസവും ഇവിടെ പ്രമോട്ട് ചെയ്യപ്പെടുന്നു.
അംബര ചുംബികളായ കെട്ടിടങ്ങള്‍ മെച്ചപ്പെട്ടപാര്‍പ്പിട സൗകര്യങ്ങള്‍, ലോകോത്തര നിലവാരമുള്ള ഹോട്ടലുകളും സൗകര്യപൂര്‍വ്വം മിതമായ നിരക്കില്‍ യാത്ര ചെയ്യാന്‍ മെട്രോ റെയിലും ബസുകളും ബോട്ടുകളും ഇവിടത്തെ ജന ജീവിതത്തെ സന്തോഷപ്രദമാക്കുന്നു. വാള്‍മാര്‍ട്ട് അടക്കമുള്ള വന്‍ കിട റീട്ടേയില്‍ ഔട്ട് ലെറ്റുകളും കാണാം.
ഇവിടെ ഷെന്‍സെനില്‍ എല്ലാവരും സന്തുഷ്ടരാണ്. അത് അവരുടെ മുഖത്തും പ്രതിഫലിക്കുന്നു. പുഞ്ചിരിയോടെ മാത്രമാണ് അവരെ കാണപ്പെടുന്നത്. തിരിച്ച് വന്നിറങ്ങി കുറച്ച് ദിവസം അതിന്റെ ഇന്റോക്‌സികേഷനില്‍ ഞങ്ങളും പുഞ്ചിരിച്ചു – ക്യുബ മുകുന്ദന്‍ ഒഴികെ, പക്ഷെ എത്ര ദിവസം, എങ്ങനെ….?

 

ലേഖകന്‍

നാസര്‍ ഹസന്‍ അന്‍വര്‍

 

KCN

more recommended stories