ഫ്രാന്‍സില്‍ രാസ, ജൈവായുധ ആക്രമണത്തിനു സാധ്യത

franceപാരിസ്: ഫ്രാൻസിൽ രാസ, ജൈവായുധ ആക്രമണത്തിനു സാധ്യതയെന്ന് പ്രധാനമന്ത്രി മാനുവൽ വാൾസ്. ഭീകരരുടെ ചിന്തയും ലക്ഷ്യവും പ്രവചനാതീതമാണ്. ഏതുതരത്തിലുളള ആക്രമണവും പ്രതീക്ഷിക്കാമെന്നും ജാഗ്രത തുടരുകയാണെന്നും പ്രധാനമന്ത്രി മാനുവൽ വാൾസ് പാർലമെന്റിനെ അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കു കൂടി നീട്ടുന്നതിനുളള ബിൽ പാർലമെന്‍റ് അംഗീകരിച്ചു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബ്ദൽ ഹമീദ് അബ ഔദ് കൊല്ലപ്പെട്ടെന്ന വാർത്ത പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ഐഎസിനെതിരായ നടപടികളും പാർലമെൻറിന്റെ പ്രത്യേക സമ്മേളനം ചർച്ച ചെയ്യും. അതേസമയം ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണ്. ബെൽജിയത്തിൽ പൊലീസ് ആറിടങ്ങളിൽ റെയ്ഡുകൾ തുടങ്ങി. കൂടാതെ, ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്ക്കെതിരെ ഏതു തലത്തിൽ പോരാടണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് ചർച്ച നടത്തും. ഈ മാസം 26ന് മോസ്കോയിൽ വച്ചാണ് പുടിനുമായുള്ള ചർച്ച. 24ന് ഒബാമയുമായി വാഷിങ്ടണിൽ വച്ചും ചർച്ച നടത്തും

അതേസമയം, ഇന്നലെ സെയ്ന്റ് ഡെന്നിസിൽ നടന്ന റെയ്ഡിൽ പൊട്ടിത്തെറിച്ച വനിതാ ചാവേറിന് പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അബ്ദൽ ഹമീദ് അബ ഔദുമായി ബന്ധമുണ്ടെന്ന് അന്വേഷകസംഘം വിലയിരുത്തുന്നു. ഹസ്ന ഹിറ്റ്ബൗലാഹ്സ് എന്ന യുവതിയാണ് റെയ്ഡിനിടെ പൊട്ടിത്തെറിച്ചത്.

KCN

more recommended stories