പോലീസ് തെയ്യം അരങ്ങിലെത്തി

police theyyamഉഗ്രമൂര്‍ത്തികളായ തെയ്യക്കോലങ്ങളെ ഏറെ പരിചിതമായ നാട്ടില്‍ പോലീസ് തെയ്യവും. പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് പോലീസ് തെയ്യം കെട്ടിയാടിയത്.

ക്ഷേത്ര സ്ഥാനികരില്‍ നിന്ന് അരിയും കുറിയും സ്വീകരിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി തൊഴുത് പോലീസ് യൂണിഫോമില്‍ അരങ്ങിലെത്തിയ തെയ്യത്തിന് മുഖത്തെഴുത്തുമുണ്ടായിരുന്നു. ചെണ്ടമേളത്തിനൊപ്പം ചുവട് വെച്ച തെയ്യം പുകവലിക്കാരനെ പിടികൂടി പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്തും തിരക്ക് കൂട്ടുന്നവരെ വരിയില്‍ നിര്‍ത്താന്‍ ഇടക്കിടെ വിസിലടിച്ചും അരങ്ങ് കൊഴുപ്പിച്ചു. ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞതിന് ശേഷമാണ് തെയ്യം അരങ്ങ്‌വിട്ടത്. തറവാട്ടിലെ പ്രധാന തെയ്യക്കോലമായ കരിഞ്ചാമുണ്ഡിയോടൊപ്പം അരങ്ങിലെത്തിയ പോലീസ് തെയ്യത്തിന് പിറകിലും ഒരു ഐതിഹ്യപ്പെരുമയുണ്ട്.

പണ്ട് തറവാട്ടിലെ കാരിക്കാരണവര്‍ എടച്ചേരി ആലില്‍ കരിഞ്ചാമുണ്ഡിയുടെ കളിയാട്ടം കാണാനെത്തി. തന്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്ന് കരിഞ്ചാമുണ്ഡിയോട് കാരണവര്‍ അപേക്ഷിച്ചു. കാരണവരും ദേവിയും തറവാട്ടിലേക്കുള്ള യാത്രക്കിടയില്‍ കോലസ്വരൂപത്തെ നായന്മാരും അള്ളട സ്വരൂപത്തെ നായന്മാരും തമ്മില്‍ യുദ്ധം നടക്കുന്നത് കാണാനിടയായി. വെട്ടേറ്റ് നിലത്ത് വീണ് പിടയുന്ന ഒരു പോലീസുകാരന് കാരണവര്‍ മടിയില്‍ കിടത്തി വെള്ളം നല്കി. വൈകാതെ പോലീസുകാരന്‍ മരിച്ചു. തറവാട്ടില്‍ തിരിച്ചെത്തിയ കാരണവര്‍ക്ക് കരിഞ്ചാമുണ്ഡിയുടെയും പോലീസ് തെയ്യത്തിന്റെയും സാന്നിധ്യം അനുഭവപ്പെട്ടു. അതിന് ശേഷമാണ് തറവാട്ടില്‍ കരിഞ്ചാമുണ്ഡിയുടെയും പോലീസിന്റെയും തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം. ഇപ്പോള്‍ എല്ലാവര്‍ഷവും മേടം 24ന് തറവാട്ടില്‍ പോലീസ് തെയ്യം കെട്ടിയാടുന്നു.

KCN