ഇന്ത്യയെ ലക്ഷ്യമിട്ട് 130 ലധികം പാക്ക് ആണവായുധങ്ങൾ: യുഎസ് റിപ്പോർട്ട്

misailവാഷിങ്ടൺ∙ ഇന്ത്യയെ ലക്ഷ്യമിട്ട് 130ൽ അധികം ആണാവായുധങ്ങൾ പാക്കിസ്ഥാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് യുഎസ് റിപ്പോർട്ട്. തങ്ങൾക്കെതിരെ ഇന്ത്യ സൈനിക നടപടിക്ക് മുതിരുന്നത് ഒഴിവാക്കാനാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-പാക്ക് സംഘർഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രഷണൽ റിസേർച്ച് സർവീസ് (സിആർഎസ്) റിപ്പോർട്ട്. പോൾ കെ. കെർ, മേരി ബേത് നികിറ്റിൻ എന്നിവർ ചേർന്ന് തയാറാക്കിയിരിക്കുന്ന സിആർഎസ് റിപ്പോർട്ട് യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷ്യമല്ല.110നും 130നും ഇടയിൽ ആണവായുധങ്ങൾ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ചിലപ്പോൾ അതിലധികവും ആകാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കൂടുതൽ ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാൻ. മാത്രമല്ല, മികച്ച ആണവ വിക്ഷേപിനികൾ തയ്യാറാക്കി ഈ ആയുധങ്ങൾ സുസജ്ജമാക്കി വയ്ക്കുകയാണ് അവരെന്നും റിപ്പോർട്ട് പറയുന്നു.പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിക്ക് മുതിരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് ഈ ആണവായുധങ്ങൾ അവർ തയാറാക്കുന്നതെന്നും 28 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആണവായുധങ്ങളുടെ കാര്യത്തിൽ പാക്കിസ്ഥാൻ എടുക്കുന്ന ഈ മുൻകരുതലുകൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആണവ സംഘർഷ സാധ്യത വർധിപ്പിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയും തങ്ങളുടെ ആണവശേഖരം വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, പാക്കിസ്ഥാനിൽ ഇപ്പോഴും തുടരുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഏറ്റവും വലിയ ഭീഷണിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

KCN