ബോയിങ് 737 വിമാനം പറന്നു, ഒരു യാത്രക്കാരിക്കു വേണ്ടി!

boyingബെയ്ജിങ് ∙ പുതുവർഷം ആഘോഷിക്കാൻ ഒറ്റയ്ക്കൊരു വിമാനത്തിൽ പറന്നു വീട്ടിലേക്കു പോയാലോ? രസമുള്ള കാര്യം. ഒരു ബോയിങ് 737 വിമാനത്തിൽ ഒറ്റയ്ക്കു വീട്ടിലേക്കു യാത്രചെയ്ത ഷാങ് എന്ന ചൈനീസ് യുവതി ‘ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാനയാത്രക്കാരി’ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.ഈ വർഷത്തെ ചൈനീസ് പുതുവർഷം ഫെബ്രുവരി എട്ടിനാണ്. ഈ ദിവസങ്ങളിൽ ചൈനയിലൊട്ടാകെ ആഘോഷത്തിമിർപ്പാണ്. എല്ലാ ചൈനക്കാരും സ്വന്തം വീട്ടിലെത്തുന്ന സന്ദർഭം. കഴിഞ്ഞ തിങ്കളാഴ്ച കനത്ത മൂടൽമഞ്ഞുമൂലം ട്രെയിനുകൾ വ്യാപകമായി മുടങ്ങിയതോടെ പതിനായിരത്തോളം യാത്രക്കാരാണു വഴിയിൽ കുടുങ്ങിയത്.കിഴക്കൻ ചൈനയിലേക്കുള്ള വിമാനസർവീസുകളും താളംതെറ്റി. 10 മണിക്കൂർ വൈകിയാണു ഗുവാങ്ഷൂവിലേക്കുള്ള ബോയിങ് 737 ഫ്ലൈറ്റ് 2833 എത്തിയത്. യാത്രക്കാരിയായി വിമാനത്താവളത്തിലുണ്ടായിരുന്നത് മോട്ടോർ കമ്പനി ജീവനക്കാരിയായ ഷാങ് മാത്രം. മറ്റുള്ളവർ വേറെ മാർഗത്തിൽ യാത്ര തുടർന്നിട്ടുണ്ടാകണം. ഷാങ് എത്തിയതോടെ ചൈന സതേൺ എയർലൈൻസ് അധികൃതർ ഒരു യാത്രക്കാരിയുമായി വിമാനം പറത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ടു മണിക്കൂർ യാത്ര. യാത്രക്കാരിക്ക് ഒരു പൈസ അധികം കൊടുക്കേണ്ടിവന്നില്ല. വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളുടെ പടം സമൂഹമാധ്യമത്തിലിട്ട യുവതി എഴുതി: ‘‘വലിയ സന്തോഷം. എത്ര അപൂർവ അനുഭവം. ഞാൻ ഒരു റോക്ക് സ്റ്റാർ ആണെന്നു തോന്നി.’’ ഒട്ടേറെപ്പേർ അഭിനന്ദിച്ചെങ്കിലും ഒരാൾക്കുവേണ്ടി ഒരു വിമാനം പറത്തിയതു കടന്നകയ്യായിപ്പോയെന്നു ചിലർ വിമർശിച്ചു. ബോയിങ് 737ന്റെ വിവിധ മോഡലുകൾ 100 മുതൽ 200 വരെ യാത്രക്കാർക്കു സഞ്ചരിക്കാവുന്നതാണ്.

KCN

more recommended stories