കാസര്‍കോടിന്റെ സിംഹാസനം ആര്‍ക്ക്… ?

p k tകാസര്‍കോട്  : വാഗ്ദാനങ്ങള്‍ നല്കിയും രാഷ്ട്രീയആശയങ്ങള്‍ക്കൊണ്ട് ഉഴുത് മറിച്ചും സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് മണ്ഢലത്തില്‍ തിഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കി. രാജ്യം ഇനിയുള്ള അഞ്ച് വര്‍ഷം ആര് ഭരിക്കണമെന്ന വിധിയെഴുത്ത് നടത്തുവാന്‍ വ്യാഴാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തും.  കാസര്‍കോട്ട് ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ് . ഇരുമുന്നണികള്‍ക്കൊപ്പം ബി.ജെ.പിക്കും ശക്തമായ സ്വാധീനം ഉള്ള കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി കടുത്ത മല്‍സരത്തിനാണ് കളമൊരുങ്ങിയത്.  പ്രമുഖര്‍ സ്ഥാനാര്‍ഥികളായി എത്തിയതോടെ സംസ്ഥാനത്തെ, ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി മാറിയിരിയിരുന്നു.
ഓദ്യോഗിക പ്രഖ്യാപനത്തിന് വളരെ നേരത്തെ തന്നെ കാസര്‍കോട്ടെ സ്ഥാനാര്‍ഥിയായി സി.പി.എം പി കരുണാകരനെ തീരുമാനിച്ചിരുന്നു. പാര്‍ലമെന്റില്‍ ഇടതുശബ്ദമായി പി.കരുണാകരന്‍ ഇക്കുറിയും ഉണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് തരിമ്പും സംശയമില്ല. കഴിഞ്ഞ തവണ ആഞ്ഞുവീശിയ പാര്‍ട്ടിവിരുദ്ധ കൊടുംകാറ്റില്‍ പാര്‍ട്ടിക്കോട്ട കാത്ത, കരുണാകരന്റെ പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പത്തുവര്‍ഷത്തെ പ്രകടനം തന്നെയാണ് ഈ വര്‍ഷവും,പികരുണാകരന് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നേടിക്കൊടുത്തത്. പ്രചരണ രംഗത്ത്  മുന്നേറ്റം നടത്തിയ പി കരുണാകരന്‍ , മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടുകള്‍ ചോദിച്ചത്.
ഇടതുകോട്ടയില്‍ ത്രിവര്‍ണ്ണക്കൊടി പാറിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരം ഇതാണെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇക്കുറിയില്ലെങ്കില്‍ ഇനിയൊരിക്കലും മണ്ഡലം പിടിച്ചെടുക്കുവാന്‍ കഴിയില്ലെന്ന് നേതാക്കള്‍ തന്നെ പരസ്യമായിതന്നെ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പതിവു പ്രാദേശികവാദങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായെങ്കിലും ടി.സിദ്ദിഖിനെ ഇറക്കിയാണ് യു.ഡി.എഫ് ക്ഷീണം തീര്‍ത്തത്. പതിവുതെറ്റിച്ച് അറിയപ്പെടുന്ന, ഒരു സ്ഥാനാര്‍ഥിയെത്തിയതിന്റെ ആവേശത്തിലാണ് നേതാക്കളും അണികളും. വ്യത്യസ്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച  സിദ്ദിക്ക്  നേതാക്കളുടെയും അണികളുടെയും,പ്രതീക്ഷയ്ക്കനുസരിച്ചുള്ള പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.  രാഹുല്‍ ഗാന്ധി പ്രചണത്തിനായി കാസര്‍കോട്ടെത്തിയതും യു.ഡി.എഫ്.പാളയത്തില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ തന്നെ ബി.ജെ.പി കാസര്‍കോട്ട്, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇരുമുന്നണികളെയും ഒട്ടേറെ പിന്നിലാക്കി പ്രചാരണരംഗത്ത് പാര്‍ട്ടി നേരത്തെയിറങ്ങി. മോദി ആവേശത്തോടൊപ്പം കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം കൂടിയായപ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. കേന്ദ്ര ഭരണത്തെ ശക്തമായി വിമര്‍ശിച്ചു കൊണ്ടാണ് കാസറഗോഡ് മണ്ഡലത്തില്‍ ബി ജെ പി ഇത്തവണ പ്രചരണം നടത്തിയത്.  പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി കാസര്‍കോട്ടെത്തിയത് ബി.ജെ.പി.യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. മോഡി എത്തിയതിന്റെ ആവേശത്തിമിര്‍പ്പിലാണ് ഇപ്പോഴും ബി.ജെ.പി കേന്ദ്രങ്ങള്‍.  അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ വെല്ലുവിളി മുന്നണികള്‍ നിസ്സാരമായിക്കാണുന്നില്ല. മത്സരിച്ചുള്ള പ്രചരണമാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തിയത് . ഒരുപക്ഷേ ഇത്രയും ചൂടേറിയ ഒരു ത്രികോണമത്സരം ഇതാദ്യമായിട്ടായിരിക്കാം കാസര്‍കോട് മണ്ഢലത്തില്‍ നടക്കുന്നത്.
കാസര്‍കോടിന്റെ സിംഹാസനം ആര്‍ക്കാണ് അവകാശപ്പെട്ടത്. ? കാത്തിരിക്കാം മെയ് 16 വരെ.

KCN