ങ്യാാഹ്ഹഹഹ…. ആ മണികിലുക്കം നിലച്ചു

kalabhavanവിസ്മൃതിയിലേക്ക് മറന്നുപോയിരുന്ന നാടന്‍പാട്ടുകളെ വീണ്ടും ജനകീയമാക്കിയത് കലാഭവന്‍ മണിയാണ്. ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെ സിനിമയില്‍ സ്ഥാനമുറപ്പിക്കുന്നതിനിടയിലാണ് കലാഭവന്‍മണി നാടന്‍ പാട്ടില്‍ വീണ്ടും സജീവമാകുന്നത്.

ങ്യാാഹ്ഹഹഹ…… എന്ന പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ ചിരി അതു തന്നെയായിരുന്നു കലാഭവന്‍ മണിയെന്ന നടന്റെ ഐഡിന്റിറിറ്റിയും. സിനിമയിലും ഷോ വേദികളിലും തന്റെ കൈമുതലായ ആ ചിരിയിലൂടെ അദ്ദേഹം പ്രേക്ഷകരെ കൈയ്യിലെടുത്തു. ചിരിപ്പിക്കാന്‍ അറിയാമെന്നതുപോലെ പ്രേക്ഷകരെ കരയിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം തന്റെ മികച്ച അഭിനയത്തിലൂടെ തെളിയിച്ചു. ജീവിതത്തിന്റെ പാതി ദൂരം താണ്ടിയപ്പോഴേക്കും ആ മണികിലുക്കം നിലച്ചത് പ്രേക്ഷകരെ ഞെട്ടിച്ചും കണ്ണീരിലാഴ്ത്തിയുമാണ്.

ചാലക്കുടിയില്‍ ഓട്ടോ ഡ്രൈവറായി തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയനായ നടനായി തീര്‍ന്ന മണിയുടെ ജീവിതത്തില്‍ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും നാള്‍വഴികള്‍ കണ്ടത്തൊനാവും. തന്റെ തീവ്ര ശ്രമഫലമായാണ് അദ്ദേഹം ഉയരങ്ങള്‍ താണ്ടിയതും അംഗീകാരങ്ങള്‍ നേടിയതും. കര്‍ഷകതൊഴിലാളികളായ മാതാപിതാക്കളില്‍ നിന്നാണ് മണി ജീവിതം പഠിച്ചതും കലാകാരനായതും. തന്റെ ഐഡിന്റിറ്റിയായി അംഗീകരിപ്പിച്ചെടുത്ത നാടന്‍ പാട്ടുകള്‍ മണി സ്വായത്തമാക്കിയത് തന്റെ മാതാപിതാക്കളില്‍ നിന്നായിരുന്നു. അവരുടെ മുന്നിലാണ് താന്‍ ആദ്യം പാട്ടുകള്‍ അവതരിപ്പിച്ചിരുന്നതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ‘ചാലക്കുടി ചന്തക്കു പോയപ്പോ…’, ഓടേണ്ട, ഓടേണ്ട, ഓടിത്തളരേണ്ട…’, വരാന്ന് പറഞ്ഞിട്ട്, വരാതിരുന്നാലോ…’, ‘കൈകൊട്ടു പെണ്ണേ, കൈകൊട്ട്, പുത്തന്‍ വളയിട്ട് കൈ കൊട്ട്….’ തുടങ്ങി ആസ്വാദകര്‍ നെഞ്ചേറ്റിയ നിരവധി നാടന്‍ പാട്ടുകള്‍ മണിയുടെതായിട്ടുണ്ട്. നാടന്‍ പാട്ടുകള്‍ക്ക് മണി തന്റെതായ സ്വന്തം ശൈലിയുണ്ടാക്കി എന്നു പറഞ്ഞാലും തെറ്റുണ്ടാവില്ല. പലതും കൃഷിപണിയുടെ ആയാസം കുറക്കാന്‍ കര്‍ഷക തൊഴിലാളികളായ സത്രീകള്‍ പണിക്കിടെ പാടിയിരുന്നവയായിരുന്നു. ഇതില്‍ ദ്വൈയാര്‍ഥമുള്ളവയും ഉണ്ട്. ‘പച്ചരി ചോറുണ്ട്, പച്ചമീന്‍ ചാറുണ്ട്….’ എന്ന വരികളുള്ള പാട്ട് ഉദാഹരണം.
നാടന്‍ പാട്ടുകളിലൂടെ താന്‍ നല്‌ളൊരു ഗായകനാണെന്ന് മണി തെളയിച്ചു. മലയാള സിനിമയും ശ്രോതാക്കളും അവയെ ഇരു കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം നായകനായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ ‘കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട…’ എന്നതുള്‍പ്പെടെ നിരവധി സിനിമകളില്‍ മണി പിന്നണി ഗായകനായി. ഒരു ആല്‍ബത്തിനും ‘എം.എല്‍.എ. മണി പത്താംക്‌ളാസും ഗുസ്തിയും’ എന്ന സിനിമക്കും ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. ഓട്ടോ ഡ്രൈവറില്‍ നിന്ന് കലാഭവന്‍ മിമിക്‌സ് ട്രൂപ്പിലൂടെയാണ് മണി അറിയപ്പെട്ടത്. അവിടെ നിന്നാണ് മറ്റു പലരെയും പോലെ മണിയും സിനിമയില്‍ എത്തിയത്. ഹാസ്യ നടനായി തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായും തിളങ്ങി. ‘വല്‌ള്യേട്ടനി’ലെ കാട്ടിപ്പള്ളി പപ്പനെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റില്ല. ‘രാക്ഷസ രാജാവ്’, ‘വക്കാലത്ത് നാരായണന്‍ കുട്ടി’ തുടങ്ങി തമിഴിലടക്കം വില്ലനായി മണി തിളങ്ങി. ഹാസ്യനടനായി വന്ന് തമിഴകത്തെ പകരം വെക്കാനില്ലാത്തവണ്ണം മാറിയ മലയാളി കൂടിയായ എം.എന്‍. നമ്പ്യാരുടെ പിന്തുടര്‍ച്ചക്കാരനാവുകയായിരുന്നു ഇക്കാര്യത്തില്‍ മണി. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായിട്ടുണ്ടെങ്കിലും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ‘കരുമാടി കുട്ടന്‍’, ‘വാല്‍ക്കണ്ണാടി’, ‘ആകാശപ്പറവകള്‍’, ‘ആഴക്കടല്‍’, ‘ആയിരത്തിലൊരുവന്‍’ എന്നിവയിലെ നായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ‘അക്ഷരത്തില്‍’ ഓട്ടോവൈറായിട്ടാണ് സിനിമയില്‍ തുടക്കം. ‘സല്ലാപ’ത്തില്‍ പാട്ടു പാടി മഞ്ചുവാര്യരെ പഞ്ചാരയടിച്ചു നടക്കുന്ന ചെത്തുകാരനാണ് സിനിമയില്‍ മണിയെ ശ്രദ്ധേയനാക്കിയത്. ഓട്ടോഡെവര്‍ ഐ.പി.എസു കാരനാവുന്ന ‘ലോകനാഥന്‍ ഐ.പി.എസ്’ എന്ന സിനിമ ഓട്ടോ തൊഴിലാളികള്‍ നെഞ്ചേറ്റി. ‘ദി ഗാര്‍ഡ്’ എന്ന ഒറ്റയാള്‍ സിനിമയിലും കസറി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘പാപനാശം’ അടക്കം 27 തമിഴ് സിനിമകളിലും നാല് തെലുങ്ക് സിനിമളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

 

 

KCN

more recommended stories