ആ ബസുകള്‍ ഓടിയത് കീശവീര്‍പ്പിക്കാനായിരുന്നില്ല

mafeesaബസും ബസ് യാത്രയും ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗാണെങ്കിലും സ്വാര്‍ത്ഥതയുടെ ഇടങ്ങളായിട്ടാണ് നമ്മള്‍ പലപ്പോഴും അതിനെ കാണാറുള്ളത്. എനിക്ക് മാത്രം സീറ്റ് കിട്ടണമെന്നും ഞാന്‍ മാത്രം ഇരുന്നാല്‍ മതിയെന്നും ചിന്തിക്കുന്ന യാത്രക്കാരും ഒന്ന് ശരിക്ക് കയറാനോ ഇറങ്ങാനോ അനുവദിക്കാതെ പിറുപിറുക്കുന്ന ജീവനക്കാരും ബസിനുള്ളിലെ സ്ഥിരം കാഴ്ചയാണ്. നമുക്ക് കിട്ടാനുള്ള ഒരു രൂപ പരമാവധി വൈകിപ്പിക്കുകയും നമ്മള്‍ കൊടുക്കാനുള്ളത് സമര്‍ത്ഥമായി പിടിച്ചുവാങ്ങുകയും ചെയ്യുന്ന ആ സ്വഭാവങ്ങളെ വെറുക്കുമ്പോള്‍ നമ്മള്‍ ചിലപ്പോഴൊക്കെ ബസിനെ തന്നെ വെറുത്തുപോകാറുണ്ട്.

എന്നാല്‍ അടുത്തകാലത്തായി ബസുകള്‍ നമ്മെ മതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നന്മകള്‍ അസ്തമിച്ചുപോകുന്ന ലോകത്തൂടെ അവര്‍ കനിവിന്റെ ഓട്ടമോടുന്നു. ഈ അടുത്തകാലത്ത് കണ്ട പല കാഴ്ചകളും സമാനതകളില്ലാത്ത പുണ്യമായിരുന്നു. രോഗം കൊണ്ട് വലയുന്ന കുഞ്ഞുമോനുവേണ്ടിയും നിസഹായനായ മനുഷ്യനുവേണ്ടിയും സ്വയം മാറ്റിവെക്കപ്പെട്ട സര്‍വ്വീസുകളായി ചില ബസുകള്‍ മാറിയപ്പോള്‍ നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത അഴകുള്ള കാഴ്ചയായി അത് മാറി.
ജീവിതം തുടങ്ങും മുമ്പ് രോഗത്തിനു മുന്നില്‍ വലഞ്ഞുപോയ ബാല്യവുമായി സങ്കടകടലിലായ അനയ് മോനെ തിരികെ ലഭിക്കണമെങ്കില്‍ ലക്ഷങ്ങളുടെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയപ്പോള്‍ പകച്ചുപോയ അവന്റെ അച്ഛന്റെയും അമ്മയുടെയും മുന്നില്‍ സാന്ത്വനത്തിന്റെ കൈകളായി മാറിയത് മള്‍ട്ടി നാഷണല്‍ കമ്പനികളോ കോടിശ്വരന്മാരുടെ ശീതികരിച്ച മുറിയോ അല്ല നമ്മളൊക്കെ അനിഷ്ടത്തോടെ പെരുമാറുകയും ചിലപ്പോഴൊക്കെ കയര്‍ക്കുകയും ചെയ്തിട്ടുള്ള ബസ് ജീവനക്കാരായിരുന്നു. കാഞ്ഞങ്ങാട്ടെ മുത്തപ്പന്‍ ബസും കാസര്‍കോട് മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന മര്‍സാന ബസും ഒരുദിവസം സര്‍വ്വീസ് നടത്തിയത് തങ്ങളുടെ ബാങ്ക് അക്കൗണ്ടിന് ബലം കൂട്ടാനായിരുന്നില്ല. ആയിരം ദിവസം ആയിരം കിലോമീറ്റര്‍ ഓടിയാലും കിട്ടാത്ത സംതൃപ്തിയും പുണ്യവും അവര്‍ ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തു. അന്ന് ജീവനക്കാരുടെ ശമ്പളവും ബസിന്റെ വരുമാനവുമെല്ലാം അനയ് മോനുള്ളതായിരുന്നു. ടിക്കറ്റ് കൗണ്ടറിന് പകരം കണ്‍മുന്നില്‍ ബക്കറ്റ് വന്നപ്പോള്‍ എണ്ണിവെച്ച ചാര്‍ജ്ജിനെ അപ്പുറത്തേക്ക് മാറ്റി കനിവിന്റെ പുതിയ നോട്ടുകളായിരുന്നു ഓരോ യാത്രക്കാരും ആ ബക്കറ്റിലിട്ടത്.
അപക്വതയുടെ ഇടങ്ങളെന്ന് നമ്മള്‍ കുറ്റപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ വഴി കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഓരോ മാസവും നടക്കുന്നത്. ചാരിറ്റിക്ക് വേണ്ടി മാത്രം രൂപീകൃതമായ എത്രയോ ഗ്രൂപ്പുകളുണ്ട് വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സോഷ്യല്‍ മീഡിയക്കുള്ളിലെ ഈ ട്രന്റ് തന്നെയാണ് ബസിലേക്കും ഓട്ടോറിക്ഷകളിലേക്കുമെല്ലാം എത്തിച്ചേര്‍ന്നത്. മുത്തപ്പന്‍ ബസിനെയും മര്‍സാന ബസിനെയും പോലുള്ള നിരവധി ബസുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കനിവിന്റെ ഡബിള്‍ബെല്ലുമായി യാത്ര തുടരുന്നുണ്ട്.
കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഓടിയ 126 ബസുകള്‍ നന്മയുടെ പുതിയ പാഠമാണ് പകര്‍ന്നത്. എവിടെക്കാണ് യാത്ര എന്ന ചോദ്യമോ, ടിക്കറ്റ് ബുക്കോ ഇല്ലാതെ മുന്നിലെത്തിയ കണ്ടക്ടര്‍മാരുടെ കയ്യില്‍ ഒരു ബക്കറ്റായിരുന്നു യാത്രക്കാര്‍ കണ്ടത്. വൃക്ക രോഗികളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അവര്‍ ബക്കറ്റ് നീട്ടിയപ്പോള്‍ ഓരോ യാത്രക്കാരനും നന്മയുടെ ഭാഗമായി. അതിവേഗം ബക്കറ്റുകള്‍ നിറഞ്ഞുകവിഞ്ഞു.
എണ്‍പതോളം ഉടമസ്ഥരും ഇരുന്നൂറിലേറെ ജീവനക്കാരും നന്മയുടെ കാവല്‍ക്കാരായ ആ രാത്രിക്കൊടുവില്‍ ബസ് ഓട്ടം നിര്‍ത്തിയപ്പോള്‍ കനിവിന്റെ കുടത്തിനുള്ളില്‍ വന്ന് നിറഞ്ഞത് ലക്ഷക്കണക്കിന് രൂപയായിരുന്നു.
ഏറ്റവും ഒടുവിലായി കേട്ട വാര്‍ത്തയായിരുന്നു അതിലും മനോഹരം. വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഡബിള്‍ ബെല്‍ അടിച്ചു ഓടിപോകുന്ന ബസ് ജീവനക്കാരുള്ള ഇതേ നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിക്കാനായി ഒരു ബസ് സര്‍വ്വം മറന്ന് ഓടുകയുണ്ടായി കേരളക്കരയില്‍.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് മുലമറ്റത്തേക്കോടുന്ന ലൈലാമോള്‍ എന്ന സ്വകാര്യ ബസാണ് നന്മയുടെ കാറ്റായി മാറിയത്. ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതേണ്ട ഒരു വിദ്യാര്‍ത്ഥിനി ഏറെ വൈകി ബസ് സ്റ്റാന്റിലെത്തി. പരീക്ഷ തുടങ്ങാന്‍ മിനുറ്റുകളുടെ മാത്രം ബാക്കി. ജീവതത്തിന്റെ പരീക്ഷയാണ് അവളുടെ കണ്‍മുന്നില്‍. ടാക്‌സി വിളിച്ചുപോയാല്‍ മാത്രമേ തൊടുപുഴയില്‍ എത്തുകയുള്ളു. എന്നാല്‍ അതിനുള്ള സാമ്പത്തികശേഷിയൊന്നും ആ കുഞ്ഞുപെങ്ങള്‍ക്കില്ലായിരുന്നു. അവളുടെ സങ്കടവും നിസഹായാവസ്ഥയും മനസ്സിലാക്കിയ ബസ് ജീവനക്കാര്‍ അവളോട് മോള് വിഷമിക്കേണ്ട ഞങ്ങള്‍ നിന്നെ കൃത്യസമയത്ത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കി ആശ്വസിപ്പിച്ചു.
ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, കളക്ഷനെ കുറിച്ചു ചിന്തിക്കാതെ ആ കുട്ടിയുടെ പരീക്ഷ മാത്രം ലക്ഷ്യമാക്കി ഓടിയപ്പോള്‍ പത്തു മണിക്കുമുമ്പേ ബസ് സ്‌കൂളിലെത്തി. അവള്‍ ആശ്വാസത്തോടെ പരീക്ഷ എഴുതി. ബസിന്റെ വരുമാനത്തേക്കാള്‍ ആ വിദ്യാര്‍ത്ഥിനിയുടെ ഭാവിക്ക് വില കല്‍പ്പിച്ച ജീവനക്കാരുടെ നന്മയെ നമുക്ക് ഏത് മഷി ഉപയോഗിച്ചാണ് എഴുതാനാവുക.
നല്ല മനുഷ്യരും അവരുടെ നല്ല മനസ്സുമാണ് ഒരുപാട് തോന്നിവാസങ്ങള്‍ക്കിടയിലും നമ്മുടെ നാടിനെ അഴകുള്ളതാക്കി മാറ്റുന്നത്. അപകടത്തില്‍പ്പെട്ട് നടുറോഡില്‍ പിടയുന്നവനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം അവന്റെ നിലവിളി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ലൈക്കും കമന്റും വാങ്ങുന്ന ഇതേ ഭൂമിയിലാണ് ഇങ്ങനെയുള്ള ബസ് ജീവനക്കാരും ജീവിക്കുന്നത്.
ഓട്ടോ ഓടിച്ചുകിട്ടുന്ന ചെറുസമ്പാദ്യത്തില്‍ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്ന കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി പരിസരത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ നന്മയുടെ നല്ല മാതൃകയാണ്. ആഴ്ചയില്‍ ഒരു ദിവസം ഉച്ചഭക്ഷണം വേണ്ടെന്ന് വെച്ച് ആ തുക ഉപയോഗിച്ച് പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങികൊടുക്കുന്ന വിദ്യാര്‍ത്ഥികളും നമുക്കിടയിലുണ്ട്.

മറ്റുള്ളവന്റെ ദു:ഖവും അവന്റെ സങ്കടവും മനസിലാക്കുവാന്‍ കഴിയുക എന്നത് വല്ലാത്തൊരു നന്മ തന്നെയാണ്. ദൈവം ചിലര്‍ക്കുമാത്രം നല്‍കുന്ന പുണ്യമാണത്. നമ്മെ കുറിച്ച് മാത്രം ചിന്തിക്കുകയും കുപ്പായം മാറുന്ന ലാഘവത്തോടെ കാറും ബൈക്കും മാറുകയും ചെയ്യുന്ന സ്വാര്‍ത്ഥന്മാര്‍ക്ക് ഒരിക്കലും അതിന്റെ അര്‍ത്ഥം മനസ്സിലായെന്ന് വരില്ല.
നമ്മുടെ മനസ്സ് നിറയുന്നത് സമ്പത്തിന്റെ മുകളില്‍ സമ്പത്ത് നിറയുമ്പോഴല്ല മറിച്ച് അതില്‍ നിന്ന് ഒരു വിഹിതം പാവപ്പെട്ടവനു മുന്നിലേക്ക് വെച്ചുനീട്ടുമ്പോഴാണ്. ചിക്കു ജ്യൂസും ചിക്കന്‍ തന്തൂരിയും കഴിക്കാന്‍ വേണ്ടി ഫാസ്റ്റ് ഫുഡ് കടകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്ന നമ്മളറിയുന്നില്ല കുടിക്കാന്‍ കഞ്ഞിവെള്ളം പോലുമില്ലാതെ എത്രയോ പാവങ്ങള്‍ നമുക്ക് മുന്നില്‍ കരഞ്ഞു ജീവിക്കുന്നുവെന്നുള്ളത്.
മറ്റുള്ളവനെ സഹായിക്കാന്‍ കൈവശം കോടികളുടെ ബാങ്ക് ബാലന്‍സ് വേണമെന്നില്ല. ഒരു രൂപ പോലും കയ്യിലില്ലാതിരിക്കുമ്പോഴും നമുക്ക് കാരുണ്യത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിയും. ഇത്തരം നന്മ ചെയ്യുന്നവരുടെ ഭാഗമാവുക. ബസ് ജീവനക്കാരും അതിലെ യാത്രക്കാരുമൊക്കെ ചെയതത് ആ നന്മയായിരുന്നല്ലോ…

എബി കുട്ടിയാനം

 

KCN

more recommended stories