വിരാട് നീ ഞങ്ങളുടെ സച്ചിനാണ്

viratവീരാട്….നിന്നെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ വീണ്ടും തോറ്റുപോകുന്നു…നീ പ്രതിഭയുടെ പുതിയ ലോകമാണ്…ബാറ്റ്‌കൊണ്ട് നീ കവിതയെഴുതുമ്പോള്‍ ചരിത്രമാണ് പിറന്നുവീഴുന്നത്…വീരാട്…കുട്ടിക്രിക്കറ്റ് കാണാന്‍ പോലും സമയമില്ലാത്ത കാലത്തും നീ ഞങ്ങളുടെ ഉറക്കം പിടിച്ചുവാങ്ങുന്നു…നീ ഞങ്ങളെ ടീവിക്കുമുന്നില്‍ പിടിച്ചിരുത്തുന്നു…ഒരുപാട് തിരക്കുകള്‍ക്കിടയിലും നീ ഞങ്ങളെ സര്‍വ്വം മറന്ന് ആഹ്ലാദിപ്പിക്കുന്നു…നിനക്കു മുന്നില്‍ സ്പിന്നെന്നോ ഫാസ്റ്റെന്നോ ഇല്ല, നിനക്ക് മുന്നില്‍ പാക്കിസ്ഥാന്റെ ആമിറും ആഫ്രിക്കയുടെ സ്റ്റെയിനും ഇംഗ്ലണ്ടുകാരുടെ ആദില്‍ റഷീദുമെല്ലാം തലതാഴ്ത്തിമടങ്ങുന്നു, നീ നിലയുറപ്പിക്കുമ്പോള്‍ എതിരാളികളുടെ മുഖം കറുക്കുന്നു, അവര്‍ പരിഭ്രാന്തരാവുന്നു.

വിരാട്… നീ ക്രീസില്‍ വരുമ്പോള്‍ ഞങ്ങളുടെ മനസില്‍ പുതിയ വസന്തം വിരിയുന്നു, വീരാട് നീ ബാറ്റ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ ആര്‍പ്പുവിളി തുടങ്ങുന്നു…
വീരാട്….. നീ ഞങ്ങളുടെ സച്ചിനാണ്…സച്ചിന് ശേഷം ആരെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമാണ് നീ…ഒന്നു പറഞ്ഞോട്ടെ നീ ചിലപ്പോള്‍ അതുക്കും മേലെയാണ്…കഴിഞ്ഞ കളിയില്‍ പാക്കിസ്ഥാനെതിരെ അടുപ്പിച്ചടുപ്പിച്ച് വിക്കറ്റ് വീണപ്പോള്‍ ഞങ്ങള്‍ കുലുങ്ങാതിരുന്നത് നീയുണ്ടല്ലോ എന്ന വിശ്വാസത്തിലായിരുന്നു…ഒടുവില്‍ വീണ്ടും നീ ഞങ്ങളുടെ പ്രതീക്ഷകള്‍ കാത്തു…അല്ലെങ്കിലും റണ്‍പിന്തുടര്‍ന്ന് ജയിപ്പിക്കുന്നതില്‍ നിന്നോളം മിടുക്കന്‍ ആരാണുള്ളത്….കാലം ഇന്ത്യക്ക് സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് നീ…വെല്ലുവിളികളാണ് നിനക്കിഷ്ടം…പ്രതിസന്ധിഘട്ടത്തിലാണ് പോരാളികളെ തിരിച്ചറിയുന്നതെന്ന സത്യത്തിനുമുന്നില്‍ നീ എത്രവട്ടമാണ് വീരനായകനായി മാറിയത്…നീയില്ലെങ്കിലും ഇന്ത്യ ജയിക്കും…ശിഖര്‍ധവാനും രോഹിതും അജിന്‍ക്യാ രഹാനയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുന്നവര്‍…തട്ടിയും മുട്ടിയും ധോണിയും ചിലപ്പോള്‍ മത്സരം ജയിപ്പിച്ചേക്കും…പക്ഷെ എതിരാളികളെ നോക്കിയിട്ട് നിങ്ങള്‍ എനിക്ക് പുല്ലാണെന്ന ഭാവത്തില്‍ ഒരു മത്സരം ജയിപ്പിക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.
വീരാട് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും ആസ്‌ത്രേലിയയുടെ സ്റ്റിവന്‍ സ്മിത്തുമെല്ലാം സമകാലിക ക്രിക്കറ്റിലെ ഒന്നാം തരം താരങ്ങളാണ് പക്ഷെ അവരൊന്നും നിന്റെ നൂറ് അയലത്ത് വരില്ല…നീ ക്രിക്കറ്റിനെ സമീപിക്കുന്ന ഒരു രീതിയുണ്ടല്ലോ അതാണ് ഞങ്ങള്‍ക്കിഷ്ടം…
വീരാട്…ചിലര്‍ പറയും നീ അഹങ്കാരിയാണെന്ന്…എങ്കില്‍ ഞങ്ങള്‍ പറയട്ടെ അഹങ്കരിക്കാന്‍ മാത്രമുണ്ടല്ലോ നിന്റെ മിടുക്കും നിന്റെ നേട്ടങ്ങളും…അല്ലെങ്കിലും പോരാളികളെ നോക്കിയിട്ട് നമ്മള്‍ പണ്ടേ പറയുന്ന ഡയലോഗാണ് അഹങ്കാരി എന്നുള്ളത്…അവര്‍ മറ്റൊന്നുമാലോചിക്കാതെ പുതിയ വിജയങ്ങള്‍ക്കുവേണ്ടി പോരാടികൊണ്ടിരിക്കും…അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും തേടുന്ന തിരക്കിലായിരിക്കും…ഒന്നും ചെയ്യാതെ മറ്റുള്ളവരുടെ കുറവുകള്‍ മാത്രം കണ്ടുപിടിക്കുന്നവരുടെ വാക്ക് പ്രയോഗങ്ങളാണ് അഹങ്കാരി എന്നുള്ളത്.
കാലത്തിന് മുന്നില്‍ നമ്മള്‍ ആശങ്കയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇനി ആര് എന്നുള്ളത്…രാഷ്ട്രീയത്തിലും സാഹിത്യത്തിലും കളിയിലും കലയിലുമെല്ലാം അങ്ങനെയൊരു ചോദ്യമുയരും…പക്ഷെ കാലം അതിന്റെ ഡയറിതാളിനുള്ളില്‍ പുതിയ പ്രതിഭകളെ കരുതിവെച്ചിട്ടുണ്ടാവും…ഓരോ കാലത്തും ഓരോ നായകന്മാരുണ്ടാവുന്നത് അതുകൊണ്ടാണ്…സച്ചനില്ലാത്ത ഇന്ത്യ നമുക്ക് മുന്നില്‍ ശൂന്യമായിരുന്നു…അങ്ങനെയൊരു ഇന്ത്യയെ നമുക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ല…പ്രണയലേഖനങ്ങളില്‍ അവന്‍ അവള്‍ക്കെഴുതിയ വരികളില്‍പോലും പറഞ്ഞത് നീയില്ലാത്ത എന്റെ ജീവിതം സച്ചിനില്ലാത്ത ഇന്ത്യപോലെ എന്നായിരുന്നു. എന്നാല്‍ അതെ സച്ചിന്‍ പടിയിറങ്ങും മുമ്പ് വീരാട് എന്ന പ്രതിഭയെ കാലം ഇന്ത്യക്ക് സംഭാവന ചെയ്തു.
നേട്ടങ്ങള്‍ തേടിപിടിക്കുന്നതില്‍ രണ്ടുപേരും വല്ലാത്ത സാമ്യമുണ്ട്. നൂറ് സെഞ്ച്വറി എന്ന സച്ചിന്റെ റിക്കാര്‍ഡ് ഒരുകാലത്തും തകര്‍ക്കപ്പെടുകയില്ലെന്ന് പറഞ്ഞവര്‍ ഇന്ന് വീരാടിന്റെ കളി കണ്ട് മൂക്കത്ത് വിരല്‍വെച്ച് നില്‍ക്കുന്നു. ഞാന്‍ എല്ലാം തകര്‍ത്ത് മുന്നേറുമെന്ന് വിരാട് പറയാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഓരോ കളിയും ഓരോ അല്‍ഭുതമാക്കി മാറ്റുകയാണ് വീരാട്. സച്ചിന്‍ അന്ന് ചെയ്തിരുന്നതും അതായിരുന്നു.
ജീവിതത്തിന്റെ താങ്ങും തണലുമായ അച്ഛന്റെ ചിതയെരിയും മുമ്പാണ് സച്ചിനെന്നെ പോരാളി രാജ്യത്തിനുവേണ്ടി ബാറ്റ് ചെയ്യാന്‍ ഇംഗ്ലണ്ട് ലോകകപ്പിലേക്ക് വിമാനം കയറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ടീമിനുവേണ്ടി ബാറ്റ് ചെയ്യുന്നതിനിടയിലായിരുന്നു വീരാടിന്റെ അച്ഛന്‍ മരിച്ചത്. അച്ഛന്റെ വേര്‍പ്പാട് സമ്മാനിച്ച വേദനപോലും കടിച്ചമര്‍ത്തിയാണ് വീരാട് അന്ന് തന്റെ ടീമിനുവേണ്ടി ബാറ്റ് ചെയ്തത്.
സച്ചിന്റെ പ്രകടനങ്ങള്‍ക്ക് പലപ്പോഴും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പരാതി പറയാറുണ്ട്. പക്ഷെ അപ്പോഴും ഓര്‍ക്കേണ്ട കാര്യം സച്ചിന് നേരിടേണ്ടി വന്നത് ലോകത്തെ ഏറ്റവും അപകടകാരികളായ ബൗളര്‍മാരെയായിരുന്നു. പാക്കിസ്ഥാനെതിരെയാണ് കളിയെങ്കില്‍ അക്രമിന്റെയും വഖാറിന്റെയും സ്‌പെല്ല് തീരുമ്പോഴേക്കും ചെയ്ഞ്ച് ബൗളറായി അക്തറോ അക്വിബ് ജാവേദോ എത്തും അതുമല്ലെങ്കില്‍ ഉമര്‍ ഗുല്ലോ വരും…തീര്‍ന്നില്ല സ്പിന്‍ ചെയ്ഞ്ചാണ് അതിനേക്കാള്‍ ഭീകരം. ലോകത്തിലെ ഏറ്റവും വലിയ സ്പിന്നര്‍മാരായ മുഷ്താഖ് അഹമ്മദും സഖ്‌ലൈന്‍ മുഷ്താഖും മാറി മാറി എറിയും…
ആസ്‌ത്രേലിയയില്‍ ആണെങ്കിലും സ്ഥിതി മറിച്ചായിരുന്നില്ല. മഗ്രയും സ്റ്റീഫന്‍ ഫ്‌ളെമിംഗും ജെയ്‌സണ്‍ ഗില്ലസ്പിയും ബ്രൈറ്റ് ലിയും പന്തെറിഞ്ഞിരുന്ന കാലം…ഷെയ്ന്‍ വോണ്‍ മാന്ത്രിക തീര്‍ത്തിരുന്ന കാലം…ആ കാലത്താണ് സച്ചിന്‍ നിറഞ്ഞാടിയത്…
വെസ്റ്റ് ഇന്‍ഡീസില്‍ അന്ന് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരായ അംബ്രോസും വാല്‍ഷുമായിരുന്നു ബൗളിംഗ് കൈകാര്യം ചെയ്തിരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഡൊണോള്‍ഡും പൊള്ളോക്കും ഉണ്ടായിരുന്നു…ശ്രീലങ്കയിലാവട്ടെ മുത്തയ മുരളീധരനെന്ന അവരുടെ വജ്രായുധവും…അങ്ങനെ തലങ്ങും വിലങ്ങും അപകടത്തിന്റെ പന്തുകളെത്തിയ കാലത്തായിരുന്നു സച്ചിന്‍ ബാറ്റ് കൊണ്ട് ഇന്ദ്രജാലം തീര്‍ത്തത്…എന്നാല്‍ ഇവിടെ വിരാട് ഭാഗ്യവാനാണ്…ബാറ്റ്‌സ്മാനെ പേടിപ്പിക്കുന്ന ഒരു ബൗളര്‍പോലും ഇന്ന് ലോകക്രിക്കറ്റിലില്ല.
പാക്കിസ്ഥാന്റെ ആമിറിലോ ദക്ഷിണാഫ്രിക്കയുടെ സ്റ്റെയിനിലോ അവരുടെ ലിസ്റ്റ് ഒതുങ്ങുന്നു…
വീരാട്…സോറി നല്ല ബൗളര്‍മാരെ നേരിടേണ്ടി വന്നില്ല എന്ന് ചൂണ്ടികാട്ടി നിന്റെ മികവിനെ കുറച്ചുകാണുന്നില്ല…നല്ല ബൗളര്‍മാരില്ലാതെ പോയത് നിന്റെ കുറ്റമല്ലല്ലോ…നീ ഏതു മല്ലനേയും പിച്ചിചീന്തുമെന്ന് ഞങ്ങള്‍ക്കറിയാം…
വീരാട്…പറഞ്ഞോട്ടെ നീ അല്‍ഭുതമാണ്…അന്ന് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജയിപ്പിച്ച് മടങ്ങുമ്പോള്‍ ഞങ്ങള്‍ കരുതിയില്ല ഈ ഇത്രത്തോളം വളരുമെന്ന്…കാരണം പ്രതീക്ഷയോടെ നോക്കികണ്ടവരൊക്കെ എവിടെയുമെത്താതെ പോയ ചരിത്രമാണല്ലോ ലോകത്തിനുള്ളത്…
വീരാട്…പണ്ടൊരിക്കല്‍ ഷെയ്‌വോണ്‍ പറഞ്ഞിരുന്നു…സച്ചിനെ ഓര്‍ക്കുമ്പോള്‍ ഉറക്കം വരുന്നില്ല…ഉറങ്ങുമ്പോഴൊക്കെ തലക്കുമുകളിലൂടെ സച്ചിന്‍ സിക്‌സറടിക്കുന്നത് സ്വപ്നം കാണുന്നു…വീരാട് ഇന്ന് ലോകത്തിലെ എല്ലാ ബൗളര്‍മാരും നിന്നെകുറിച്ച് ഇങ്ങനെ സ്വപ്നം കാണുന്നുണ്ടാവും…
വീരാട്…ഒരിക്കല്‍കൂടി പറഞ്ഞോട്ടെ സച്ചിനില്ലാത്ത ഞങ്ങള്‍ക്ക് നീ
സച്ചിനേക്കാള്‍ വലിയ സച്ചിനാണ്…

 എബി കുട്ടിയാനം

KCN

more recommended stories