ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നു

Leena Benny-Mathewമസ്‌കറ്റ്: മലയാളിയായ ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയെ വിട്ടയക്കുന്നു. നിലമ്പൂര്‍ അമരമ്പലത്തെ ബെന്നിമാത്യു (48) കൊല്ലപ്പെട്ട കേസിലാണ് ഭാര്യയും സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ലീന(40)യ്ക്ക് സൂറിലെ അപ്പീല്‍ കോടതി ഇളവനുവദിച്ചത്.
അധ്യാപികയെ അഞ്ചു വര്‍ഷത്തെ തടവിനു വിധിച്ച സൂര്‍ പ്രാഥമിക കോടതി ഇതിനു ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടിരുന്നു. അപ്പീല്‍ കോടതി ശിക്ഷ ഇളവുചെയ്ത് ജയില്‍ മോചിതയാക്കാനും നാടുകടത്താനും ഉത്തരവിട്ടു. സൂറിലെ തഹ്വ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന ബെന്നി മാത്യു 2013 ഒക്ടോബര്‍ 24നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. ബെന്നിയുടെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ കുടുംബവഴക്ക് പതിവായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ നിന്ന് ലീനക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ദയാഹരജികളും കോടതി പരിഗണിച്ചിരുന്നു. മക്കളുടെ ഭാവി കൂടി കണക്കിലെടുത്താണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് മേല്‍ കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ വൈദ്യ സഹായം തേടിയതും കോടതി പരിഗണിച്ചു.  കൊലക്കേസില്‍ അപൂര്‍വമായാണ് ഇത്തരമൊരു ഇളവ് ലഭിക്കുന്നത്. ലീനയ്ക്ക് ശിക്ഷ ഇളവു ചെയ്തുകൊടുക്കണമെന്ന ബെന്നിമാത്യുവിന്റെ മക്കളും മാതാപിതാക്കളും നല്‍കിയ ദയാഹര്‍ജിയും കോടതിവിധിയെ സ്വാധീനിച്ചു. എട്ടുവര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു ബെന്നിയും ലീനയും. ഒക്ടോബര്‍ മുതല്‍ ജയില്‍ വാസം അനുഭവിക്കുന്നതിനാല്‍ ലീനയ്ക്ക അടുത്തദിവസം തന്നെ മോചിതയാകാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജഅലാന്‍ ജയിലിലാണ് ലീന ജയിലില്‍ കഴിയുന്നത്.

KCN