ഗ്രൂപ്പ് മാറി മെസ്സേജ് അയച്ചിട്ട് മരണത്തെ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പോലീസുകാരന്റെ കഥ

policeഗ്രൂപ്പ് മാറി മെസ്സേജ് അയച്ചിട്ട് മരണത്തെ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പോലീസുകാരന്റെ കഥ
അച്ഛനെവിടെ എന്ന് അവര്‍ ഇത് വരെ ചോദിച്ചിട്ടില്ല – ആ അമ്മ പറയുന്നു
കൈയബദ്ധത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ഓഫിസര്‍ ഷാജി മരണത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇരുളടഞ്ഞുപോയ ആ വീട്ടിലേക്ക്…. അഭിനവിന്റേയും അഭിഷേകിന്റേയും കണ്ണില്‍ ബാക്കി നിന്നത് കണ്ണീരല്ല, കനലായിരുന്നു. ‘അമ്മേ, ഞങ്ങളുടെ അച്ഛനെവിടെ’ എന്ന് ഇതുവരെ അവര്‍ ചോദിച്ചിട്ടില്ല. പണ്ടു പറഞ്ഞ കഥയിലെ മേഘമായി അച്ഛന്‍ മാറി എന്നവര്‍ക്കറിയാം. പക്ഷേ, ഇപ്പോഴും മനസ്സിലാകാത്തത് ഒന്നേയുളളൂ– ആരാണ് അച്ഛനെ മരണത്തിലേക്കു തളളിവിട്ടത്? കുട്ടികള്‍ക്കു മാത്രമല്ല ഒരു ഗ്രാമം മുഴുവനും ചോദിക്കുന്നതും അതു തന്നെയാണ്. കോഴിക്കോട് ബാലുശേരിയിലെ ഷാജി എന്ന പൊലീസ് ഓഫിസര്‍ അവസാനമായി എഴുതിയത് ഇങ്ങനെയായിരുന്നു:’ഞാന്‍ തെറ്റു ചെയ്തിട്ടില്ല. നല്ലൊരു കാര്യം ചെയ്യുന്നതിനായി ശ്രമിച്ചത് അബദ്ധമായി. അത് എന്റെ ജീവിതം ഇല്ലാതാക്കി. എനിക്കിനി ജീവിക്കാന്‍ പറ്റില്ല. എന്റെ മഞ്ജുവിനേയും കുട്ടികളേയും നോക്കണം….’ വിറയ്ക്കുന്ന വിരല്‍ത്തുമ്പില്‍ നിന്ന് പേന താഴെ വച്ച് ഷാജി കയര്‍ കുരുക്കിലേക്കു നടന്നു. നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്നു എ.പി.ഷാജി. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. മിടുക്കനായ വോളിബോള്‍ കളിക്കാരന്‍. പരിശീലനം കഴിഞ്ഞപ്പോഴേക്കും മികച്ച ട്രെയിനിക്കുളള പുരസ്‌കാരം നേടി. 17 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍പോലും ശിക്ഷാ നടപടികള്‍ക്കു വിധേയനായിട്ടില്ല. എന്നിട്ടും…. കണ്ണീരിനു കയര്‍ ഇട്ടു കൊണ്ട് ഷാജിയുടെ ഭാര്യ മഞ്ജുഷ സംസാരിക്കാന്‍ തുടങ്ങി. മാഞ്ഞു പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകാത്ത മനസ്സോടെ: ”നീതി കിട്ടാന്‍ മറ്റൊരു വഴിയുമില്ലെന്നു ഷാജിയേട്ടനു തോന്നിയിരിക്കാം. അത്രയ്ക്കു നിഷ്‌കളങ്കനായിപ്പോയി. അല്ലെങ്കില്‍ ഗ്രൂപ്പ് മാറി അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരില്‍….ആരൊക്കെയോ ചേര്‍ന്ന് നഷ്ടമാക്കിയത് ഞങ്ങളുടെ ജീവിതമാണ്. ആരെന്തു പറഞ്ഞാലും എനിക്കറിയാം ഷാജിയേട്ടനെ. എന്നിട്ടും.” കണ്ണീരിന് മഞ്ജുഷ അണകെട്ടി. എസ്പിസി എന്ന സ്റ്റഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറായിരുന്നു ഷാജി. നവംബര്‍ 26ാം തീയതിയാണ് എല്ലാത്തിന്റേയും തുടക്കം. തലേദിവസം പകല്‍ ഡ്യൂട്ടിയും അതുകഴിഞ്ഞ് നൈറ്റ് പെട്രോളിങ്ങും കഴിഞ്ഞ് വീട്ടിലെത്തി. കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. കാക്കൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായ മഞ്ജുഷയെ യാത്രയാക്കി. പിന്നീടാണ് ചുഴലിബാധയായി മാറിയ സംഭവങ്ങളുടെ ആരംഭം. ഈ ജന്മം മറക്കാനാകാത്തതൊക്കെ മഞ്ജുഷ ഓര്‍മിച്ചു തുടങ്ങി. ”ഷാജിയേട്ടന്റെ സുഹൃത്തിന്റെ മകള്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ആ കുട്ടിയുടെ മൊബൈലിലേക്ക് ബ്ലൂടൂത്ത് വഴി ഒരാള്‍ അയാളുടെ രഹസ്യഭാഗത്തിന്റെ ചിത്രം അയച്ചു. മൊബൈലിലേക്ക് പാട്ടു കൈമാറുന്നു എന്ന വ്യാജേനയാണ് പാട്ടുകള്‍ക്കൊപ്പം ഈ ചിത്രവും കൊടുത്തത്. പൊലീസ് കേസാക്കരുത്, പുറത്താരും അറിയരുത് എന്ന് ആ കുട്ടിയുടെ അച്ഛന്‍ അപേക്ഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റുണ്ടായാല്‍ പ്രതികാരം തോന്നുമോ എന്ന ഒരച്ഛന്റെ ആശങ്ക കൊണ്ടാവാം അങ്ങനെ പറഞ്ഞത്. ‘പേടിക്കേണ്ട, കൈകാര്യം ചെയ്‌തോളാമെന്നു’ പറഞ്ഞ് ഷാജിയേട്ടന്‍, ഒആര്‍സിയിലെ അശോകന്‍ എന്ന പൊലീസ് ഓഫിസറെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. (സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും മറ്റുമായി ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമൊക്കെയുളള കൂട്ടായ്മയാണ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍–ഓആര്‍സി) ഫോട്ടോ അശോകന്‍ സാറിന്റെ നമ്പറിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ ഒആര്‍സിയുടെ വാട്‌സ് ആപ് ഗ്രൂപ്പിലേക്കു ഫോര്‍വേഡ് ചെയ്തു പോയി. 90 ഓളം അംഗങ്ങള്‍ ഉളള ആ ഗ്രൂപ്പില്‍ ചിത്രം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. ഏട്ടനു പറ്റിയ വലിയ അബദ്ധം. ഇത്രയും വലിയ ഉദ്യോഗസ്ഥരും മറ്റുമുളള ഒരു ഗ്രൂപ്പിലേക്ക് മനഃപൂര്‍വം ആരെങ്കിലും ഇത് ചെയ്യുമോ? പക്ഷേ, മേലുദ്യോഗസ്ഥര്‍ക്ക് അതു മനസ്സിലായില്ല. ചെയ്തത് തെറ്റായിരിക്കാം. ശിക്ഷയും നല്‍കാം. പക്ഷേ, അതൊരു ആഘോഷമായി മാറ്റേണ്ടിയിരുന്നില്ല….അതിന് അദ്ദേഹം കൊടുത്ത വില സ്വന്തം ജീവിതമായിരുന്നു.” കണ്ണീരില്‍ മഞ്ജുഷയുടെ വാക്കുകള്‍ വിറച്ചു തുടങ്ങി.
ആ വൈകുന്നേരം
ഉച്ചയായപ്പോഴേക്കും ഷാജി മഞ്ജുഷയെ ഫോണ്‍ ചെയ്ത് സംഭവിച്ചതെല്ലാം അറിയിച്ചു. കമ്മിഷണറുടെ ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ശിക്ഷാ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. രാത്രിയായപ്പോഴേക്കും ഷാജിയുടെ ഫോണ്‍ വന്നു, ‘പതിനേഴുവര്‍ഷം നല്ലതു ചെയ്തിട്ടു കാര്യമില്ല, സ്‌പെന്‍ഷന്‍ കിട്ടി’ എന്നു മാത്രം പറഞ്ഞു. ”വീട്ടില്‍ തിരിച്ചു വന്നിട്ടും ഏട്ടന്‍ അധികം സംസാരിച്ചില്ല. ഉളളില്‍ നീറുന്നുണ്ടെന്ന് അറിയാമായിരുന്നു. സങ്കടം ഉണ്ടെങ്കിലും പുറമേക്ക് ഒന്നും കാണിക്കില്ല. സമാധാനിപ്പിക്കാനായിട്ട് പലതും പറഞ്ഞു നോക്കി. നീ ഉറങ്ങിക്കോ കുഴപ്പമൊന്നുമില്ല എന്നായിരുന്നു മറുപടി. മാനസിക പീഡനം നടന്നു എന്നുറപ്പായിരുന്നു എനിക്ക്. പിറ്റേന്നു രാവിലെ ആയപ്പോഴേക്കും വാര്‍ത്ത പരന്നു. ആളുകള്‍ വിളിക്കാന്‍ തുടങ്ങി. ചിലര്‍ വീട്ടിലേക്ക് വന്നു. ഷാജിയേട്ടന്‍ വീടിനുളളില്‍ തന്നെയിരുന്നു. ഞാനന്നു ജോലിക്കു പോവുന്നില്ല എന്നു തീരുമാനിച്ചെങ്കിലും അവധിയെടുക്കാന്‍ സമ്മതിച്ചില്ല. കമ്മീഷണര്‍ ഓഫീസലേക്കു പോവാനുണ്ട് നീ ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ആളുകള്‍ വന്ന് ചോദിക്കുമെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് അയയ്ക്കുകയായി രുന്നു. ‘നീ സൂക്ഷിക്കണം, ടെന്‍ഷനടിക്കേണ്ട…’ എന്നു പറയുന്ന ആ മുഖമാണ് ഇപ്പോഴും എന്റെ മനസ്സിലുളളത്. 10.38 നു വീണ്ടും വിളിച്ചു: ”ഞാന്‍ പോകുകയാണ്. തിരിച്ചു വരുമ്പോ നിന്നെ കൂട്ടാം” എന്നും പറഞ്ഞു. ശബ്ദം ഒന്നിടറുക പോലും ചെയ്തില്ല. അതായിരുന്നു ഞാനവസാനമായി കേട്ടത്. ഉച്ചമുതല്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി. സ്വിച്ച് ഓഫ് എന്നായിരുന്നു കേട്ടത്. സഹപ്രവര്‍ത്തകരായ പലരേയും വിളിച്ചു. മിസ്സിങ് ആണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, എന്നെ അറിയിച്ചില്ല. വൈകിട്ടു വീട്ടില്‍ വരുമ്പോള്‍ വാതിലടച്ചിരിക്കുന്നു. ബൈക്ക് പുറത്തുണ്ട്. തലേന്ന് മക്കള്‍ക്കായി തയാറാക്കിയ പ്രോജക്ട് പേപ്പര്‍ കഷണങ്ങള്‍ ബൈക്കിനു പുറത്തുണ്ട്. സ്ഥിരം വയ്ക്കുന്ന സ്ഥലത്ത് താക്കോല്‍ ഇല്ല. വരുമെന്നു പ്രതീക്ഷിച്ച് കുറേ നേരം കാത്തിരുന്നു. അപ്പോഴേക്കും ഷാജിയേട്ടന്‍ പോയിരുന്നു….” കത്തുന്ന സങ്കടം മഞ്ജുഷയ്ക്ക് പിടിച്ചു വയ്ക്കാനായില്ല.
മരണത്തിലും കുടുംബത്തെ ഓര്‍ത്ത്…..
മരണത്തില്‍ പോലും ഷാജി നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഷാജി ചോദിച്ചു: ”എന്നെക്കുറിച്ച് ഒന്ന് അന്വേഷിക്കാ മായിരുന്നില്ലേ സാര്‍….” ആത്മഹത്യ ചെയ്യും മുന്നേ ടെറസില്‍ നിന്നുളള വാതില്‍ തുറന്നിട്ടത്, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാല്‍ സ്വപ്നം കണ്ടു പണിതുണ്ടാക്കിയ വീട് കേടു വന്നാലോ എന്നോര്‍ത്തായിരിക്കാം. ഷാജിയുടെ ചേച്ചിയുടെ ഭര്‍ത്താവ് ശിവാനന്ദന്‍ നായര്‍ പറയു ന്നു: ”ആത്മഹത്യ രണ്ടു തരമുണ്ട്. ഭീരുത്വം കൊണ്ടുളള ആത്മഹത്യയും സ്വന്തം നിരപരാധിത്വം തെളിയിക്കാനുളളതും. നിരപരാധിയാണെന്ന് മറ്റുളളവരെ ബോധ്യപ്പെടുത്താനാണ് ഷാജി ഇങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍ സമാധാനിക്കുന്നു. ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ‘അശ്ലീല ചിത്രം കൈമാറി യ പൊലീസുകാരന്‍’ എന്ന ചീത്തപ്പേര്, അഭിമാനിയായ അവന്‍ എങ്ങനെ സഹിക്കും? ഞങ്ങളുടെ കവചമായിരുന്നു പോയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ സസ്‌പെന്‍ഷന്‍ കൊടുത്തു. ആര്‍ക്കൊക്കെയോ ഇതു വലിയ വാര്‍ത്തയാക്കി മാറ്റണമെന്ന് ആഗ്രഹമുളളതുപോലെ….കല്ലുമനസ്സായിരുന്നു പല ഉദ്യോഗസ്ഥര്‍ക്കും. ഷാജി കുറ്റവാളി ആയിരുന്നെങ്കില്‍ ആദ്യം നശിപ്പിക്കേണ്ടിയിരുന്നത് ചിത്രമയച്ച മൊബൈല്‍ ഫോണല്ലേ? എട്ടുമണിക്ക് അലാറം വച്ച് ഫോണ്‍ മുറിയില്‍ അവന്‍ സൂക്ഷിച്ചു. പിറ്റേദിവസം കയര്‍കുരുക്കില്‍ നിന്ന് അഴിച്ചെടുക്കുമ്പോള്‍ അലാറം മുഴങ്ങി. എല്ലാം മുന്‍കൂട്ടി തയാറാക്കി വച്ചതു പോലെ. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പറഞ്ഞ് പരാതികളൊക്കെ കൊടുത്തു. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമരം പൊലീസുകാര്‍ക്കെതിരെയായിരുന്നെങ്കിലും അതില്‍ പങ്കെടുത്തവര്‍ക്ക് പൊലീസുകാര്‍ തന്നെ ഓറഞ്ചും വെളളവും വിതരണം ചെയ്തു. അത്രയ്ക്കു സ്‌നേഹമായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് അവനോട്. പലരും സമാധാനിപ്പിച്ചു. അന്വേഷിക്കാമെന്നു പറഞ്ഞു. എല്ലാക്കാലത്തും എല്ലാവര്‍ക്കും ഞങ്ങളെ സഹായിക്കാന്‍ പറ്റുമോ? ഈ പാവം പെണ്‍കുട്ടിക്കും പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്കും ഇനിയും ജീവിക്കേണ്ടേ? ഞങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നു..” അത്രയും നേരം കണ്ണുനിറയ്ക്കാതെ വിറങ്ങലിച്ചു നിന്ന ഏഴാം ക്ലാസുകാരന്‍ അഭിഷേക് പതുക്കെ പറഞ്ഞു:”അമ്മേ….അന്നു വൈകുന്നേരം ടെറസില്‍ കയറി മുകളിലെ വാതില്‍ തുറന്നു നമുക്ക് അകത്തു കയറി നോക്കാമായിരുന്നില്ലേ? അന്നങ്ങനെ ചെയ്തിരുന്നെങ്കില്‍ അച്ഛന്‍ ഇപ്പോഴുമുണ്ടായേനെ….” കണ്ണീരിലേക്ക് വീട് വീണു പോയി. അച്ഛന്‍ അതിനു മുമ്പേ പറന്നു പോയെന്ന് ആ കുഞ്ഞിനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

KCN

more recommended stories