ജൗഹര്‍ നീ കരയിപ്പിക്കുന്നല്ലോ ഡാ

jouharജൗഹര്‍… നമ്മള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല…നമ്മള്‍ ഒരിക്കലും തമാശ പറഞ്ഞു ചിരിച്ചിട്ടില്ല, നമ്മള്‍ ഒരിക്കലും ഒന്നിച്ചൊരു ടൂറ് പോയിട്ടുമില്ല…അവധിയുടെ ആഘോഷത്തിനുവേണ്ടി നമ്മള്‍ മൂന്നാറിലേക്കോ മടിക്കേരിയിലേക്കോ വണ്ടിയോടിച്ചിട്ടുമില്ല…എന്നിട്ടും ജൗഹര്‍…നിന്റെ മരണ വാര്‍ത്ത എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു…
പത്ര ഓഫീസിലെ തിരക്കുപിടിച്ച ഡെഡ് ലൈന്‍ സമയത്ത് ചിലപ്പോള്‍ ഒരു കോള്‍ വരാറുണ്ട്…സര്‍, ഞാന്‍ ജൗഹറാണ്…എം.എസ്.എഫിന്റെ ഒരു വാര്‍ത്ത അയച്ചിട്ടുണ്ട്, ഒന്ന് നാളെ തന്നെ കൊടുക്കാന്‍ പറ്റുമോ….പതിവില്‍ നിന്ന് വ്യത്യസ്തമായ വിനയനത്തോടെ വിളിക്കുന്ന ആ വിദ്യാര്‍ത്ഥി എങ്ങനെയോ എന്റെ മനസ്സില്‍ ഇടം നേടിയിരുന്നു…അതിനിടയില്‍ പലപ്പോഴും ജൗഹറിന്റെ പേര് എഡിറ്റ് ചെയ്തു കൊടുക്കുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും അവന്റെ പെരുമാറ്റത്തോടുള്ള ഇഷ്ടം എന്റെ ഉള്ളില്‍ ഒരു സ്‌നേഹമായി നിറയാറുണ്ട്…
ജൗഹറിനെ നേരിട്ട് കണ്ടിരുന്നോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല…എം.എസ്.എഫിന്റെ ഏതോ ഒരു ക്യാമ്പില്‍ ക്ലാസെടുക്കാന്‍ പോയപ്പോള്‍ അടുത്ത് വന്ന് കൈ തന്ന് നിറഞ്ഞ ചിരി സമ്മാനിച്ച ആ നീണ്ടു മെലിഞ്ഞ സുമുഖന്‍ തന്നയായിരുന്നു ജൗഹറെന്ന് ഞാനറിഞ്ഞത് പുഴയില്‍ മുങ്ങി മരിച്ച എം.എസ്.എഫ് നേതാവിന്റെ പിക്ക് വേണോ എന്ന് ചോദിച്ച് ഏതോ ഒരു കൂട്ടുകാരന്‍ വാട്‌സ്ആപ്പിലുടെ അവന്റെ ഫോട്ടോ അയച്ചുതന്നപ്പോഴായിരുന്നു…
ജൗഹര്‍…ഈ വേര്‍പ്പാട് എന്നെ കരയിപ്പിക്കുന്നു…അടുത്ത സുഹൃത്തല്ലാതിരുന്നിട്ടും എന്നെപോലുള്ളവരെ പോലും നിന്റെ വേര്‍പ്പാട് കരയിപ്പിക്കുന്നുവെങ്കില്‍ നീ വല്ലാത്തൊരു വ്യക്തിത്വത്തിന്റെ ഉടമ തന്നെയാണ്…ചില ജീവിതം അങ്ങനെയാണ ഡാ, നമ്മള്‍ അറിയാതെ തന്നെ അവര്‍ നമ്മുടെ ആരൊക്കെയോ ആയി മാറും…
എന്തിനാ ഡാ, നീ ഞങ്ങളെയൊക്കെ കണ്ണീരിന്റെ കടയിലേക്കെറിയാന്‍ വേണ്ടി നീ പുഴയില്‍ നീന്തിക്കളിക്കാന്‍ പോയത്…ഇനി ഒരിക്കലും നിന്നെ കാണില്ലെന്നറിയുമ്പോള്‍, ഒരു വാര്‍ത്ത കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് നിന്റെ ഫോണ്‍ വിളി വരില്ലെന്നറിയുമ്പോള്‍ ഹൃദയം വിതുമ്പിപോകുന്നു…
ഇത് എന്റെ മാത്രം കരച്ചിലല്ല, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരത്ത് വാഴുമ്പോള്‍ നിന്റെ പ്രവര്‍ത്തനങ്ങളെ ദൂരെ നിന്ന് നോക്കി കണ്ട ആരും കരഞ്ഞുപോകും…പഠനത്തിന്റെ തിരക്കിനിടയിലും മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ഓടി നടന്ന നിനക്ക് ഓരോ കാര്യത്തിലും എന്തു മാത്രം ആത്മാര്‍ത്ഥതയായിരുന്നു…മടിയോ അലസതയോ ഇല്ലാതെ ഓടിനടന്ന നീ ഓരോ കാര്യത്തിലും ഇത്രമാത്രം ധൃതി കാണിച്ചത് അതിവേഗം മടങ്ങിപ്പോകാനുള്ളതുകൊണ്ടായിരുന്നുവെന്ന് ഞങ്ങളിപ്പോള്‍ തിരിച്ചറിയുന്നു…
നിന്റെ ഫേസ്ബുക്ക് ഞാന്‍ ശ്രദ്ധിച്ചത് ഇന്നാണ്…രാജ്യസ്‌നേഹം തുളുമ്പുന്ന പിക്കുകളും സ്റ്റാറ്റസുകളും കൊണ്ട് സമ്പന്നമായ നിന്റെ പബ്ലിക്ക് വാളില്‍ ഞാന്‍ ആയിരം ലൈക്കടിച്ചു..പക്ഷെ അത് കാണാന്‍ നീ ഇല്ലല്ലോ..ഡാ…
പ്രിയ കൂട്ടുകാര, മറക്കില്ലൊരിക്കലും…നിന്റെ ലാസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ് ഒരു ആശംസയായിരുന്നു…കൊന്നപ്പൂവിന്റെ മധുരിമയോടെ എല്ലവര്‍ക്കും വിഷു ആശംസ നേര്‍ന്ന് നീ പോയത് മരണത്തിലേക്കാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല…

 

KCN

more recommended stories