ഐഫോണുകളിൽ നിന്ന് കിട്ടിയത് ഒരു മെട്രിക് ടൺ സ്വർണം!

appleനിങ്ങളുടെ പക്കൽ ഉപയോഗശൂന്യമായ ആപ്പിൾ ഐപാഡോ ഐഫോണോ ഉണ്ടെങ്കിൽ അത് സൂക്ഷിച്ച് വച്ചാൽ അതിൽ നിന്നും നിങ്ങൾക്ക് സ്വർണം ലഭിച്ചേക്കാം. ആപ്പിൾ പുറത്തു വിട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ റീസൈക്കിൾ ചെയ്ത ഐപാഡ്, ഐഫോൺ എന്നിവയിൽ നിന്നും ഒരു മെട്രിക് ടൺ സ്വർണ്ണമാണ് വേർതിരിച്ചടുത്തത്. ഈ അറിവ് പുറം ലോകത്ത് എത്തുന്നതോടെ ഐഫോണുകളുടെ ജനപ്രീതി ഏറുമെന്ന് പ്രതീക്ഷിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് ഇത്തരത്തിൽ ആപ്പിൾ തങ്ങളുടെ ഉപയോഗശൂന്യമായതും എക്സ്ചേഞ്ചിലൂടെ തിരികെ ലഭിച്ചതുമായ ഉപകരണങ്ങളിൽ നിന്നും വേർതിരിച്ചെടുത്തത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആപ്പിളിന്റെ പരിസ്ഥിതി ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കമ്പനി റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിവരങ്ങൾ പുറത്ത് വിട്ടത്. പരിസ്ഥിതി സംരക്ഷണത്തിന് ആപ്പിൾ ഊന്നൽ നൽകുന്നുവെന്ന് ഈ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. സ്വർണ്ണത്തിനൊപ്പം 3 ടൺ സിൽവറും 1,300 മെട്രിക് ടൺ കോപ്പറും ഐഫോണുകളിൽ നിന്നും ഐപാഡുകളിൽ നിന്നും മാക് പിസികളിൽ നിന്നും അപ്പിൾ വേർതിരിച്ചെടുത്തു. ആപ്പിൾ വികസിപ്പിച്ചെടുത്ത ലിയാം എന്ന റോബോട്ടാണ് ആപ്പിൾ ഉൽപ്പന്നങ്ങളിൽ നിന്നും സ്വർണം വെള്ളി, ചെമ്പ് എന്നീ ലോഹങ്ങൾ കണ്ടെത്തുന്നതും അവ വേർതിരിച്ചെടുക്കുന്നതും. സ്മാർട്ട് ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ആഢംബരത്തിന് വേണ്ടി വിലപ്പെട്ട ലോഹങ്ങൾ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ അവയുടെ ഉപയോഗം വ്യത്യസ്തമാണ്. വില കൂടിയ ലോഹങ്ങളായ സ്വർണം, വെള്ളി എന്നിവ മികച്ച ഇലക്ട്രിസിറ്റി വാഹകർ അഥവാ കണ്ടക്റ്റർ ആണെന്നതും കോപ്പർ, അലൂമിനിയം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ തുരുമ്പിക്കാനോ ക്ലാവ് പിടിക്കാനോ ഉള്ള സാധ്യതകൾ തുലോം കുറവാണെന്നതുമാണ് ഇവയെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഉപയോഗത്തിന് പ്രാപ്തമാക്കുന്നത്. 2011 ലെ തോതിനെയപേക്ഷിച്ച് ആപ്പിൾ ഐഫോണുകളുടെ കാർബൺ എമിഷൻ കഴിഞ്ഞ വർഷം ഏറെക്കുറവായിരുന്നതായാണ് കമ്പനിയുടെ പരിസ്ഥിതി സൗഹാർദ്ദ നയത്തിന്റെ ഭാഗമായുള്ള പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2011 ൽ ഐഫോണുകൾ മൂലം 137.2 കി.ഗ്രാം കാർബൺ ഉൽപാദനമുണ്ടായപ്പോൾ 2015 ൽ കാർബൺ എമിഷൻ 1 14.2 കി.ഗ്രാമായി കുറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കൂടുതൽ പരിപാടികൾ ആപ്പിൾ ആസൂത്രണം ചെയ്തു വരികയാണ്.

KCN