പാദൂര്‍ നിങ്ങള്‍ ഒരു നേതാവ് മാത്രമായിരുന്നില്ല

padoorചില മരണങ്ങള്‍ അങ്ങനെയാണ്….മനസ്സിനെ വല്ലാതെ തളര്‍ത്തികളയും…പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വേര്‍പ്പാട് അങ്ങനെയൊരു ശൂന്യതയാണ് മനസ്സിലേക്ക് കോറിയിടുന്നത്…അസമയത്തുള്ള ഓരോ കോളുകളും ആശങ്കയുടേതാണ്…അതുകൊണ്ടുതന്നെ ഇത്തിരി ഉള്‍ഭയത്തോടുകൂടിയായിരിക്കും അത്തരം കോളുകള്‍ അറ്റന്റ് ചെയ്യുക…ശനിയാഴ്ച പുലര്‍ച്ചെ സൈലന്റ് മോഡിലുണ്ടായിരുന്ന മൊബൈല്‍ എടുത്തുനോക്കുമ്പേഴേക്ക് പതിവിലുമേറെ മിസ് കോളുകള്‍…തിരിച്ചുവിളിച്ചപ്പോള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത മനസ്സിനെ പിടിച്ചുകുലുക്കിയിരുന്നു…

നമ്മുടെ പ്രിയപ്പെട്ട കുഞ്ഞാമുച്ച പോയി എന്ന വിവരമായിരുന്നു ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്…പുലര്‍കാലത്തെ പകല്‍കിനാവ് മാത്രമായി അത് മാറിയിരുന്നെങ്കിലെന്ന പ്രാര്‍ത്ഥനയോടെയാണ് സത്യാവവസ്ഥ അറിയാന്‍ വേണ്ടി കൂടുതല്‍ നമ്പറുകളിലേക്ക് ഡയല്‍ ചെയ്തത്…
ഇനി പാദൂര്‍ ഇല്ലെന്ന സത്യം എത്ര ശ്രമിച്ചിട്ടും മനസ്സിന് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല…മാധ്യമ പ്രവര്‍ത്തനത്തിന്റെ പാച്ചിലിനിടയില്‍ എത്രയോ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പരിചയപ്പെടാനും അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കാറുണ്ട്…അത്തരത്തില്‍ പരിചയപ്പെട്ട പാദൂര്‍ കുഞ്ഞാമു ഹാജി എന്ന രാഷ്ട്രീയക്കാരന്‍ ഒരു നേതാവിനപ്പുറം പിന്നീടെപ്പോഴോ ഏറെ ആദരവ് നിറഞ്ഞ ഒരു വ്യക്തിത്വമായി മാറിയിരുന്നു.
എന്തൊടോ എന്നുള്ള പാദൂരിന്റെ വിളിയില്‍ ഒരു പോസിറ്റിവ് എനര്‍ജിയുണ്ടായിരുന്നു…എവിടെ കണ്ടാലും സംസാരിക്കാനുള്ള സന്മനസും കുശലന്വേഷണവും തന്നെയാണ് പാദൂരിനെ ഒരു ജനകീയ നേതാവാക്കി മാറ്റിയത്…ഒരാവശ്യത്തിനുവേണ്ടി വിളിച്ചാല്‍ മറന്നുപോകുന്ന ശരാശരി രാഷ്ട്രീയക്കാരില്‍ നിന്നും പാദൂര്‍ എന്നും വേറിട്ട മുഖമായിരുന്നു…ചാനല്‍ ചര്‍ച്ചകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി വിളിച്ചാല്‍ കൃത്യനിഷ്ഠതയോടെ ഓടിയെത്തുന്ന പാദൂരെന്ന നേതാവിനെ പലപ്പോഴും ആദരവോടെ നോക്കി നിന്നുപോയിട്ടുണ്ട്.
എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും വര്‍ഗ്ഗീയ ചിന്താഗതി ഏറി വരുന്ന വര്‍ത്തമാനകാലത്ത് മതേതരത്വത്തിന്റെ തിളങ്ങുന്ന മുഖമായിരുന്നു പാദൂര്‍. ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം അദ്ദേഹത്തെ സഹോദരനെപോലെ സ്‌നേഹിച്ചു.
ആ സ്‌നേഹം തന്നെയായിരുന്നു മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഓടിയെത്തിയവരുടെ നീണ്ടനിര പറഞ്ഞുതന്നതും. വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടുന്നവരുടെ കൂട്ടത്തില്‍ നാട്ടിലെ സാധാരണക്കാരായ മനുഷ്യരെയായിരുന്നു ഏറെയും കണ്ടത്. തങ്ങളുടെ എല്ലാ സങ്കടവും ചെന്ന് പറയാനുള്ള ഒരു ആശ്രയ കേന്ദ്രമാണ് നാട്ടുകാര്‍ക്ക് നഷ്ടമായിരിക്കുന്നത്.
പുറത്ത് തട്ടി കുശലന്വേഷണം നടത്താന്‍, അത് നമുക്ക് ശരിയാക്കാലോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ഇനി പാദൂരില്ലെന്ന സത്യം ഈ നാടിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല…

എബി കുട്ടിയാനം

 

KCN

more recommended stories