മത സ്‌നേഹത്തിന്റെ ‘ഉത്സവം’

vlich3കാസര്‍കോട്‌: മത സൗഹാര്‍ദ്ദം വിളംബരം ചെയ്ത് ഉദ്യാവര അരസു മന്‍ജിഷ്ണാര്‍ ക്ഷേത്രം ഭാരവാഹികള്‍ ആയിരം ജമാ അത്ത് പള്ളിയിലെത്തി. ഉത്സവം ക്ഷണിക്കുവാനെത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്ക് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ആയിരം ജമാ അത്ത് ഭാരവാഹികള്‍ നല്കിയത്. വിഷു കഴിഞ്ഞ് ആദ്യത്തെ വെള്ളിയാഴ്ചയാണ് എല്ലാ വര്‍ഷവും ഉദ്യാവര മാട അരസുമന്‍ജിഷ്ണാര്‍ ക്ഷേത്ര ഭാരവാഹികള്‍ ഉത്സവം ക്ഷണിക്കുവാന്‍ ആയിരം ജമാ അത്ത് പള്ളിയിലേക്കെത്തുന്നത്. ഷേത്രം ഭാരവാഹികള്‍ക്ക് ഉത്സവം പോലെ  തന്നെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് ആയിരം ജമാ  അത്ത് പള്ളിയില്‍ പോയി ഉത്സവം ക്ഷണിക്കുന്നത. മതസ്‌നേഹത്തിന്റെ  പ്രഭ ചൊരിഞ്ഞ് ഘോഷയാത്രയായാണ് ക്ഷേത്രം ഭാരവാഹികള്‍ ആയിരം ജമാ അത്ത് പള്ളിയിലേക്ക് യാത്ര തിരിച്ചത്. ഘോഷയാത്രയ്ക്ക്  അകമ്പടിയായി ചുവന്ന ഉടയാടകളും മുല്ലമാലകളും അണിഞ്ഞ വെളിച്ചപ്പാടന്‍മാരും വാദ്യമേളങ്ങളും ഉണ്ടായിരുന്നു. കാല്‍ നടയായി എത്തിയ  ഷേത്രം ഭാരവാഹികളെ പള്ളിയുടെ കവാടത്തില്‍ കാത്തുനിന്ന ജമാ അത്ത് ഭാരവാഹികള്‍ നിറഞ്ഞ സ്‌നേഹത്തോടെ പള്ളിയുടെ അകത്തേക്ക് ആനയിച്ചു. പള്ളി മുറ്റത്തെത്തിയ വെളിച്ചപ്പാടന്‍മാര്‍ അന്തരീഷത്തെ ഭക്തി നിര്‍ഭരമാക്കി ഉത്സവത്തിന്റെ വരവറിയിച്ച് ഉറഞ്ഞു തുള്ളി. ഉത്സവം ക്ഷണിച്ച് മടങ്ങുന്ന ക്ഷേത്രഭാരവാഹികള്‍ക്ക് ജമാ അത്ത് ഭാരവാഹികളും നാട്ടുകാരും സ്‌നേഹ പൂര്‍ണമായ യാത്രയയപ്പാണ് നല്കിയത്.ക്ഷേത്രത്തില്‍ തിരിച്ചെത്തിയ ഭാരരവാഹികള്‍ ക്ഷേത്രം അധികാരികളെ കാര്യം ധരിപ്പിക്കുകയും ഉത്സവത്തില്‍ ജമാ അത്തിന്റെ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തിലേക്കെത്തുന്ന ജമാ അത്ത് ഭാരവാഹികള്‍ പണവും നെല്ലും കാണിക്കയായി നല്കും. പള്ളിയിലെ ഉറൂസ് നേര്‍ച്ചയ്ക്ക് ക്ഷേത്രക്കമ്മിറ്റിയും തിരിച്ച് അരിയും നെയ്യും വെളിച്ചെണ്ണയും നല്കാറുണ്ട്. ക്ഷേത്രത്തില്‍ ജമാ അത്ത് ഭാരവാഹികള്‍ ഇടതു വശത്തും ക്ഷേത്രം  ഭാരവാഹികള്‍ വലതുവശത്തും ഇരുന്നാണ് ഉത്സവ ചടങ്ങുകള്‍ നടത്തുക. ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവം മതസ്‌നേഹം അറിയിക്കുന്നതിനുള്ള വേദിയാണ്. ക്ഷേത്രത്തിലെ പഴയ കാരണവരായ ഐസ്രാല്‍ ഗുത്തു മഞ്ജണ്ണ  ഭണ്ഡാരി കാണുന്നത്. 200 ലേറെ വര്‍ഷം പഴക്കമുള്ള ഈ ആചാരം തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജണ്ണ ഭണ്ഡാരി പറഞ്ഞു. ഉദ്യാവരയ്ക്ക് ഐശ്വര്യം സമൃദ്ധിയും പ്രദാനം ചെയ്യുന്ന അണ്ണ, തമ്മ, മുണ്ടത്തായ ദൈവങ്ങളാണ്. ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ധര്‍മ്മ സ്ഥലയില്‍ നിന്നെത്തിയ അണ്ണ, തമ്മ ദൈവങ്ങള്‍ക്ക് മുണ്ടത്തായ ദൈവം തുണ നല്കി എന്നാണ് ഐതിഹ്യം. ഈ സൗഹൃദത്തെ തുടര്‍ന്ന് മുണ്ടത്തായ ദൈവം തനിക്കും, അണ്ണ തമ്മ ദൈവങ്ങള്‍ക്കും ഐസ്രാല്‍ ഗുത്തു തറവാട്ടുകാരോട്‌ ക്ഷേത്രം ഒരുക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദ്യാവര അരസു മന്‍ജിഷ്ണര്‍ ക്ഷേത്രം നിര്‍മിക്കാനിടയായതെന്നാണ് വിശ്വാസം. ഏന്തായാലും മത സൗഹൃദത്തിന്റെ നിറവില്‍ നട്ക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഒരു നാടിന്റെ ഉത്സവം തന്നെയാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് അടുത്ത മാസം 8ന് കൊടിയുയരും 5 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്‌കാരിക-ധാര്‍മിക പരിപാടികളും നടക്കും.

KCN

more recommended stories