അപേക്ഷ ക്ഷണിച്ചു

വൈദ്യുതി മുടങ്ങും
മുളേളരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ദേലംപാടി ഫീഡറിലെ അത്തനാടി, എടപ്പറമ്പ്, അഡൂര്‍, ദേലംപാടി, പഞ്ചിക്കല്‍, ദേവരടുക്ക എന്നീ സ്ഥലങ്ങളില്‍ നാളെ (5) മുതല്‍  ഒരാഴ്ചക്കാലത്തേക്ക് രാവിലെ  ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മരത്തിന്റെ ശിഖരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക്  പഞ്ചായത്തിന്റെ കീഴിലുള്ള ബങ്കളം  ആണ്‍കുട്ടികളുടെ പ്രീമെട്രിക്  ഹോസ്റ്റലിലും കാഞ്ഞങ്ങാട് നഗരസഭയുടെ കീഴില്‍  ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ  ഗവ. പ്രീമെട്രിക് ഹോസ്റ്റലിലും 2016-17 വര്‍ഷത്തെ നിലവിലുളള  ഒഴിവുകളിലേക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റര്‍ഹ പിന്നോക്ക, മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു.  അഞ്ചു മുതല്‍  10-ാം തരം വരെയുളള  ക്ലാസ്സുകളില്‍ പഠിക്കുന്നര്‍ക്കാണ്  പ്രവേശനം ്.  അപേക്ഷയോടൊപ്പം ജാതി,  ജനന തീയതി, 2015-16 വര്‍ഷത്തെവാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്  എന്നിവ ഹാജരാക്കണം.  പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന  അപേക്ഷകരുടെ അഭാവത്തില്‍  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരെയും  പരിഗണിക്കും.  ഹോസ്റ്റലിന്റെ മൊത്തം ഒഴിവിന്റെ  10 ശതമാനം  മറ്റര്‍ഹ, പിന്നോക്ക, മുന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. പട്ടികജാതി വിഭാഗം ഒഴികേയുളള വിദ്യാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കേണ്ടതാണ്. അപേക്ഷയും വിശദ വിവരങ്ങളും  കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസില്‍ നിന്നും ലഭിക്കും.   അപേക്ഷകള്‍ ഈ മാസം എട്ടിനകം സമര്‍പ്പിക്കണം.
 മേയ് മാസത്തെ റേഷന്‍ വിതരണം
മെയ് മാസത്തില്‍  ജില്ലയില്‍ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 25 കിലോ അരിയും രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും  ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ 7  കിലോ അരിയും 6.70 രൂപ നിരക്കില്‍  ഒരു കിലോ ഗോതമ്പും  എ പി എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ 7  കിലോ അരിയും 6.70 രൂപ നിരക്കില്‍  ഒരു കിലോ ഗോതമ്പും ലഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി  സൗജന്യമായും ലഭിക്കും.ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത  വീട്ടിലെ കാര്‍ഡിന്  നാല് ലിറ്റര്‍ വീതവും  മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡുടമകള്‍ക്ക് ് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും, തൂക്കത്തിലും, വിലയിലും, ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. പരാതിയുണ്ടങ്കില്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട്  04994 230108, താലൂക്ക് സപ്ലൈ ഓഫീസ്  ഹോസ്ദുര്‍ഗ്ഗ് 04672 204044, താലൂക്ക് സപ്ലൈ ഓഫീസ്  മഞ്ചേശ്വരം  04998 240089, താലൂക്ക് സപ്ലൈ ഓഫീസ്  വെളളരിക്കുണ്ട് 04672 242720, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് 04994 255138, ടോള്‍ഫ്രീ നമ്പര്‍ (1) 1800-425-1550 (2) 1967.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കുടുംബങ്ങളുടെ  ഫോട്ടോ എടുക്കല്‍  ചെമ്മനാട്, തൃക്കരിപ്പൂര്‍, വലിയപറമ്പ എന്നീ പഞ്ചായത്തുകളില്‍ വിവിധ തീയതികളില്‍നടക്കും.
ചെമ്മനാട് പഞ്ചായത്തില്‍ ഇന്ന്(5) പഞ്ചായത്ത് ഹാള്‍ ചെമ്മനാട്, പരവനടുക്കം എ എല്‍ പി സ്‌കൂള്‍, ജി എച്ച് എസ് എസ് ചട്ടഞ്ചാല്‍, തെക്കില്‍പറമ്പ സ്‌കൂള്‍, ആറിന്  പഞ്ചായത്ത് ഹാള്‍ ചെമ്മനാട്, തെക്കില്‍പറമ്പ സ്‌കൂള്‍, ബണ്ടിച്ചാല്‍ എ എല്‍ പി സ്‌കൂള്‍, പെരുമ്പള സ്‌കൂള്‍, ഏഴിന് പഞ്ചായത്ത് ഹാള്‍ ചെമ്മനാട്, ബണ്ടിച്ചാല്‍ എ എല്‍ പി സ്‌കൂള്‍, ചെമ്മനാട് വെസ്റ്റ് സ്‌കൂള്‍, എന്‍ എ എല്‍ പി സ്‌കൂള്‍ ദേളി എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്.
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍  ഇന്ന് (5)മയത്താനി സ്‌കൂള്‍, വള്‍വക്കാട് സ്‌കൂള്‍, കൈക്കോട്ട് കടവ് സ്‌കൂള്‍, ആറിന്  ജി എല്‍ പി സ്‌കൂള്‍ കൂവേരി,  വലിയപറമ്പ പഞ്ചായത്തിലെ എം എ എല്‍ പി സ്‌കൂള്‍ മാവിലാകടപ്പുറം,  ജി എല്‍ പി സ്‌കൂള്‍ മാവിലാകടപ്പുറം, മദ്രസ ബീച്ച് കടപ്പുറം, ഏഴിന്  ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം, എ എല്‍ പി  സ്‌കൂള്‍ വലിയപറമ്പ,   ജി എല്‍ പി സ്‌കൂള്‍ തയ്യില്‍ നോര്‍ത്ത്, എട്ടിന് ജി എല്‍ പി സ്‌കൂള്‍ മാടക്കാല്‍, എ എല്‍ പി സ്‌കൂള്‍ എടയിലക്കാട് എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്.
എ സി കണ്ണന്‍ നായര്‍വായനശാല (പുതിയ കോട്ട- കാഞ്ഞങ്ങാട്)യില്‍ മെയ് അഞ്ച് മുതല്‍ 10 വരെ  ഫോട്ടോ എടുക്കല്‍ ഉണ്ടായിരിക്കും.
കിക്മയില്‍ എം ബി എ ഇന്റര്‍വ്യു
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന  സഹകരണ യൂണിയന്റെ  കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ  ഫുള്‍ടൈം ബാച്ചിലേയ്ക്ക്  അഡ്മിഷന്‍ നടത്തുന്നു.  മെയ് ഏഴിന്  കോട്ടച്ചേരി  സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബില്‍ഡിംഗിലെ  കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ്  കോളേജില്‍ രാവിലെ  10 മണി മുതല്‍ നടക്കും.
സര്‍വ്വകലാശാലയുടെയും എ ഐ സി റ്റി ഇ യുടെയും അംഗീകാരത്തോടെ  നടത്തുന്ന  ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മാറ്റ്, കെ-മാറ്റ്, സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും  ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍  8547618290, 9447134484 എന്നീ നമ്പറിലോ www.kicmakerala.in എന്നീ  വെബ് സൈറ്റിലും ലഭിക്കും.
പുതുക്കിയ പ്രവേശന പരീക്ഷ
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2016-17 അധ്യയന വര്‍ഷത്തില്‍ 9-ാം ക്ലാസ്സില്‍ നിലവിലുളള ഒഴിവുകള്‍ നികത്തുന്നതിനായി  ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ജൂണ്‍ 19ന്  പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ അപേക്ഷ ക്ഷണിച്ചു
2016-2018 വര്‍ഷത്തേക്കുളള ഡി എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ യൂണിവേഴ്‌സിറ്റി നടത്തുന്ന  പ്രീഡിഗ്രി, കേരള ഹയര്‍ സെക്കണ്ടറി പരീക്ഷ ബോര്‍ഡ്  നടത്തുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷ ഇവയില്‍ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം.  യോഗ്യതപരീക്ഷ പാസ്സാകുന്നതിന് മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്തിട്ടുളളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.  യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ അഞ്ച് ശതമാനം  ഇളവ് അനുവദിക്കും.  ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20. വിശദ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.
മധ്യവേനലില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുത്
ജില്ലയിലെ ഗവ.-എയ്ഡഡ്-അണ്‍ എയ്ഡഡ്- സി ബി എസ് സി ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മധ്യവേനല്‍ കാലത്ത് ഒരു കാരണവശാലും തുറന്ന്  പ്രവര്‍ത്തിക്കരുതെന്ന്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശം ലംഘിക്കുന്ന  സ്‌കൂള്‍ പ്രധാനാധ്യാപകരുടെ പേരില്‍  നിയമാനുസൃത നടപടി സ്വീകരിക്കുന്നതും അത്തരം സ്‌കൂളുകളുടെ അംഗീകാരം  പിന്‍വലിക്കുന്നത്  ഉള്‍പ്പെടെയുളള കര്‍ശന നടപടിസ്വീകരിക്കുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍  അറിയിച്ചു.
സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
കാസര്‍കോട് സര്‍ക്കാര്‍ അന്ധ വിദ്യാലയത്തില്‍ 2016-17 വര്‍ഷത്തേക്കുളള അഡ്മിഷന്‍ ആരംഭിച്ചു.  10 വയസ്സുവരെയുളള കാഴ്ച വൈകല്യമുളള വിദ്യാര്‍ത്ഥികള്‍ക്ക്  ഒന്നാം ക്ലാസ്സിലും ടി സി യുമായി വരുന്ന  കുട്ടികള്‍ക്ക് അതാത്  ക്ലാസ്സിലും  അഡ്മിഷന്‍ നല്‍കും.  അന്ധത തെളിയിക്കുന്ന  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ സമയത്ത്  ഹാജരാക്കേണ്ടതാണ്.  അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും ലഭിക്കും.
ഒന്നു മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളില്‍ സാധാരണ അക്കാദമിക് വിഷയങ്ങളോടൊപ്പം കമ്പ്യൂട്ടര്‍, കൈത്തൊഴില്‍, സംഗീതം എന്നിവയിലും  വിദഗ്ദ്ധ പരിശീലനം ലഭിക്കും.  അഡ്മിഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന  രക്ഷാകര്‍ത്താക്കള്‍ കാസര്‍കോട് വിദ്യാനഗറില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തി്‌ന് സമീപത്തുളള സര്‍ക്കാര്‍ അന്ധവിദ്യാലയം ഓഫീസുമായി ബന്ധപ്പെടുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255128, 9446317064.

KCN

more recommended stories