ചികിത്സയ്‌ക്കെത്തിയ വ്യാപാരിയുടെ വയറ്റില്‍ 12 സ്വര്‍ണ ബിസ്‌കറ്റ്‌

ന്യൂഡല്‍ഹി: വിഴുങ്ങിപ്പോയ കുപ്പിയുടെ മൂടിയെടുക്കാന്‍ ആസ്പത്രിയിലെത്തിയ വ്യാപാരിയുടെ വയറ്റില്‍നിന്ന് 12 സ്വര്‍ണ ബിസ്‌കറ്റുകള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഡല്‍ഹി സര്‍ ഗംഗാ റാം ആസ്പത്രിയിലാണ് സംഭവം.

ചാന്ദ്‌നി ചൗക്കിലെ 63-കാരനായ വ്യാപാരിയാണ് വെള്ളക്കുപ്പിയുടെ മൂടി വിഴുങ്ങിയതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ഏപ്രില്‍ ഏഴിന് നഗരത്തിലെ ആസ്പത്രിയിലെത്തിയത്. എന്നാല്‍ എക്‌സ്‌റേയെടുത്തപ്പോള്‍ മൂടി കണ്ടെത്താനായില്ല.

അതേസമയം ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അടിവയറ്റില്‍ സ്വര്‍ണബിസ്‌കറ്റുകളാണ് കണ്ടെത്തിയത്. ഒന്നിനുമുകളില്‍ മറ്റൊന്നായി അട്ടിയായാണ് സ്വര്‍ണബിസ്‌കറ്റുകളുണ്ടായിരുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഡോക്ടര്‍ സി.എസ്. രാമചന്ദ്രന്‍ പറഞ്ഞു.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പറയാന്‍ വ്യാപാരി തയ്യാറായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം ഉടന്‍ മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിച്ചു. പോലീസ്, കസ്റ്റംസ് എന്നിവരെയും ആസ്പത്രിഅധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്.

പത്തുദിവസംമുമ്പ് സിങ്കപ്പൂരില്‍നിന്ന് ഇയാള്‍ കടത്തിക്കൊണ്ടുവന്നതാണ് സ്വര്‍ണ ബിസ്‌കറ്റുകളെന്ന് കരുതുന്നു. പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ വിഴുങ്ങിയതിനെത്തുടര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആസ്പത്രിയില്‍ അഭയംതേടിയത്.
സംഭവം ഞെട്ടിച്ചുവെങ്കിലും വ്യാപാരിയെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഡോക്ടര്‍മാര്‍.

KCN

more recommended stories