സൗജന്യമായി വിന്‍ഡോസ് 10ലേക്ക് മാറാം; ജൂലൈ 29 വരെ മാത്രം

windows 10വിന്‍ഡോസ് 10 വേര്‍ഷന്റെ സൗജന്യ അപ്‌ഡേഷനുള്ള അവസരം ജൂലായ് 29 ന് അവസാനിക്കും. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളത്. ആ കാലാവധി ജൂലായ് 29 ന് അവസാനിക്കും. ഇതുപ്രകാരം ജൂലായ് 29 കഴിഞ്ഞാല്‍, വിന്‍ഡോസ് 10 ലേക്ക് മാറാന്‍ പണം ചെലവാക്കേണ്ട്തായി വരും. ഒരു വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.

അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വിന്‍ഡോസ് 10 ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് ആവാന്‍ സാധിച്ചുവെന്നും സ്‌കൂളുകള്‍ മുതല്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വരെ അതിവേഗം അതിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായും കമ്പനി ഔദ്യോഗിക ബ്ലോഗില്‍ അവകാശപ്പെടുന്നു. പുതിയ വിന്‍ഡോസ് പതിപ്പ് ഇനി ഇല്ലാത്തതിനാല്‍, വിന്‍ഡോസ് 10 ന്റെ പുതിയ അപ്‌ഡേറ്റുകളാകും സമയാസമയങ്ങളില്‍ ഇനി ലഭ്യമാക്കുക. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കാര്യത്തില്‍ പിന്തുടര്‍ന്ന് വന്ന നയത്തില്‍ വലിയൊരു മാറ്റമാണ് ഇതുവഴി കമ്പനി മേധാവി സത്യ നാദെല്ല വരുത്തിയത്.

പുതിയ കാലം ഡെസ്‌ക്‌ടോപ്പുകളുടെയോ ലാപ്‌ടോപ്പുകളുടെയോ അല്ലെന്നും, മൊബൈല്‍ ഉപകരണങ്ങളാണ് ഭാവിയെന്നും മനസിലാക്കിയുള്ള ഒരു തന്ത്രമാണ് വിന്‍ഡോസ് 10 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ക്കും ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിന്‍ഡോസ് 10 ഒഎസിന്റെ രൂപകല്‍പ്പന. മാത്രമല്ല, ഇത്രകാലവും മൈക്രോസോഫ്റ്റ് കൊണ്ടുനടന്ന ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ ബ്രൗറിനും വിന്‍ഡോസ് 10 ല്‍ കമ്പനി വിട നല്‍കി. പകരം ‘എഡ്ജ്’ എന്ന പുതിയ ബ്രൗസര്‍ ( Microsoft Edge ) അവതരിപ്പിച്ചു.

2016 മാര്‍ച്ച് മാസത്തില്‍ മാത്രം ആളുകള്‍ ഏതാണ്ട് 6300 കോടി മിനിറ്റുകള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ചു. ഗെയിമിങിന് വേണ്ടി മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നു. ഫോട്ടോകള്‍, ഗ്രൂവ് മ്യൂസിക്, മൂവീസ് ആന്റ് ടിവി എന്നീ ആപ്ലിക്കേഷനുകള്‍ക്ക് 14 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ടെന്നും വിന്‍ഡോസ് ബ്ലോഗ് പറയുന്നു. വിന്‍ഡോസ് 10 നല്‍കി വരുന്ന സേവനങ്ങള്‍ മാസം തോറും മെച്ചപ്പെടുന്നുണ്ട്. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ അപ്‌ഡേഷനുകള്‍ ഉണ്ടാകുമെന്ന് വിന്‍ഡോസ് ടീം അറിയിച്ചു. ഇങ്ങനെയുള്ള പുതിയ സേവനങ്ങളെല്ലാം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.

KCN

more recommended stories