താരങ്ങള്‍ പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധം: സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചു

salimkumarകൊച്ചി: ചലച്ചിത്രതാരം സലിം കുമാര്‍ താര സംഘടനയായ അമ്മയുടെ അംഗത്വം രാജി വെച്ചു. താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു. ചലച്ചിത്ര താരങ്ങള്‍ ഈ നിര്‍ദേശം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജിവെച്ചത്. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് പിടിക്കാന്‍ പ്രമുഖ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി വോട്ട് തേടി ഇന്നലെ പത്തനാപുരത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വേണ്ടി രംഗത്തെത്തിയത് തന്നെ വേദനിപ്പിച്ചുവെന്ന് ജഗദീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാനും മോഹന്‍ലാലെത്തിയിരുന്നു. തിരുവഞ്ചൂരിന്റെ കോടിമതയിലെ വീട്ടിലെത്തിയ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ പ്രംപ്രകാശും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിരുവഞ്ചൂരിന് വിജയാശംസകള്‍ നേരാനാണ് മോഹന്‍ലാല്‍ കോട്ടയത്ത് എത്തിയത്.

പ്രിയദര്‍ശന് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. താരപ്പോരാട്ടത്തിന് വേദിയാകുന്ന പത്തനാപുരത്ത് നടന്‍ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. നടന്‍ മുകേഷിന്റെ പ്രചാരണത്തിന് വേണ്ടി ഇന്നസെന്റ് സുരാജ് വെഞ്ഞാറാമൂട്, രമേഷ് പിഷാരടി തുടങ്ങിയവര്‍ എത്തിയിരുന്നു. നടി കെപിഎസി ലളിതയും പ്രചരണ രംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു.

KCN

more recommended stories