മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു;ഫഹദ്, ലാല്‍: എതിരില്ലാതെ ആന്‍

fa lal aanതിരുവനന്തപുരം: മികച്ച നടനായുള്ള മല്‍സരത്തില്‍ ഫഹദ് ഫാസിലിനും ലാലിനും അവസാന നിമിഷം വരെ വെല്ലുവിളിയായതു ജയറാം. നടന്‍, സ്വപാനം എന്നീ ചിത്രങ്ങളിലെ ഉജ്വല അഭിനയമാണ് ജയറാമിനെ അവസാന റൗണ്ടിലെത്തിച്ചത്. എന്നാല്‍ സ്വാഭാവികവും അനായാസവുമായ അഭിനയമികവിലൂടെ ഫഹദും (ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം), വിഭിന്ന സ്വഭാവമുള്ള കഥാപാത്രങ്ങളോടു താദാത്മ്യം പ്രാപിച്ച അഭിനയശൈലിയുമായി ലാലും (അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍) മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുകയായിരുന്നു. അവാര്‍ഡ് ഒരാള്‍ക്കു മാത്രമായി നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുക്കാന്‍ പറ്റാത്തതിനാല്‍ പങ്കിട്ടു നല്‍കുകയായിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഒരു ഘട്ടത്തിലും മികച്ച നടന്റെ പട്ടികയില്‍ ജൂറി ഉള്‍പ്പെടുത്തിയിരുന്നില്ല. സുരാജിനു ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം ജൂറി അംഗങ്ങള്‍ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. തങ്ങളുടെ തീരുമാനം ശരിയാണെന്നും അതില്‍ ഉറച്ചുനില്‍ക്കാനായിരുന്നു തീരുമാനമെന്നും ഒരു ജൂറി അംഗം പറഞ്ഞു. സുരാജിന് അവാര്‍ഡ് കൊടുക്കാത്തതു വിവാദമാകുമെന്ന് അറിയാമായിരുന്നുവെന്ന് ജൂറി അധ്യക്ഷന്‍ ഭാരതിരാജയും പറഞ്ഞു.
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആന്‍ അഗസ്റ്റിന് (ആര്‍ട്ടിസ്റ്റ്) വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു നടി ഉണ്ടായിരുന്നില്ലെന്നു ജൂറി അംഗങ്ങള്‍ പറഞ്ഞു. സിആര്‍ നമ്പര്‍ 89,  നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രങ്ങളായി അവസാന നിമിഷം വരെ പരിഗണിച്ചത്. ഒടുവില്‍ മൂന്നു ചിത്രങ്ങള്‍ക്കും മൂന്നു വ്യത്യസ്ത അവാര്‍ഡുകള്‍ നല്‍കി. നിസാര ബജറ്റില്‍ പൂര്‍ത്തിയാക്കിയ സി.ആര്‍. നമ്പര്‍ 89 ന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കി. സുരാജിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍, ഷാജി എന്‍. കരുണിന്റെ സ്വപാനം എന്നിവ മികച്ച സിനിമയുടെ അവസാന റൗണ്ടിലെത്തിയില്ല. മികച്ച പിന്നണി ഗായകനായ കാര്‍ത്തിക്കിന് (ജന്മാന്തരങ്ങളില്‍ നീ…- ഒറീസ) വെല്ലുവിളിയായതു നജീം അര്‍ഷാദ് (മാരിവില്‍ കുടനീര്‍ത്തും- ദൃശ്യം) മാത്രമാണ്. മികച്ച പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മിയെയും (നടന്‍) സംഗീതസംവിധായകനായി ഔസേപ്പച്ചനെയും (നടന്‍) തിരഞ്ഞെടുക്കാനും ജൂറിക്കു കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.

KCN

more recommended stories