പിണറായിയില്‍ ഉദിച്ചുയര്‍ന്ന വിപ്ലവ നക്ഷത്രം

pinarayiകേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവികൊണ്ടിടത്ത് ജനനം. പിന്നീട് ആ സ്ഥലനാമത്തെ തന്നെ പേരിന്റെ ആദ്യപകുതിയാക്കി, അതേ പ്രസ്ഥാനത്തോളമോ അതിനേക്കാളും മുകളിലേക്കോ വളര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍. പാര്‍ട്ടിയെപ്പോലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോയി, പാര്‍ട്ടിപോലെ ജ്വലിച്ച് നില്‍ക്കുന്ന കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവായി പിണറായി വിജയന്‍. ചെങ്കൊടിയുടെ ചുവപ്പും അതില്‍ കൊത്തിവെച്ചിരിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രവും ഹൃദയത്തില്‍ അതേ അനുപാതത്തില്‍ ഏറ്റിവെച്ച് പാര്‍ട്ടിക്കായി നിലകൊള്ളുന്ന കര്‍മയോഗിയെന്ന് ഈ കാര്‍ക്കശ്യക്കാരനെ വിശേഷിപ്പിക്കാം. പിണറായി എന്ന നാമത്തെ പാതിമെയ് പോലെ ചേര്‍ത്തു വെക്കുമ്പോള്‍, പാര്‍ട്ടിയോളം വളരുന്ന വിപ്ലവ വീര്യമായിരുന്നു പിണറായി ആസ്വദിച്ചിരുന്നത്.

പാര്‍ട്ടിയില്‍ പ്രബലമായിരുന്ന വി എസ് പക്ഷത്തിന്റെ മുന്നണിക്കാരക്കാരന്‍, പാലക്കാട്ടെ വെട്ടിനിരത്തലില്‍ വിഎസിനൊപ്പം തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രധാനി. നായനാര്‍ മന്ത്രിസഭയിലെ മികച്ച വൈദ്യുതി മന്ത്രിയെന്ന പ്രതിച്ഛായ. പൊളിറ്റ് ബ്യൂറോ അംഗങ്ങളേയും കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും പിന്തള്ളി സംസ്ഥാന സെക്രട്ടേറിയേറ്റ്അംഗമായിരുന്ന പിണറായി ചടയന്‍ ഗോവിന്ദന്റെ പിന്‍ഗാമിയായി സംസ്ഥാന സെക്രട്ടറി പദവിയിലെത്തി. 1998 സെപ്തംബറിലാണ് മന്ത്രിപദം വിട്ട് പിണറായി പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പിന്നീട് നീണ്ട പതിനാറ് വര്‍ഷങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പിണറായി യുഗമായിരുന്നു കണ്ടത്.

vs-p

സെക്രട്ടറി പദത്തിലെത്തിയ ശേഷമുള്ള ആദ്യ സമ്മേളനത്തെ കണ്ണൂരില്‍ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടി സംഘടന പിണറായിയുടെ കൈകളില്‍ എത്തിയിരുന്നു. ഇരട്ട പ്രൊമോഷന്‍ വഴി കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തിയതോടെ പിണറായി കൂടുതല്‍ ശക്തനായി. അതോടെ വി എസ് അച്യുതാനന്ദന്‍ പിണറായിക്കെതിരായ നിലപാടിന്റെ വക്താവായി മാറി. പിന്നീട് കേരളം കണ്ടത് സിപിഐഎം രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വിഭാഗീയതയായിരുന്നു. പാര്‍ട്ടി പിടിക്കാന്‍ വി എസും നിലനിര്‍ത്താന്‍ പിണറായിയും നടത്തിയ പോരാട്ടം. മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചടക്കി പിണറായി കരുത്തനായി. എന്നാല്‍ വി എസിന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദം പിണറായിക്ക് രാഷ്ട്രീയമായ തിരിച്ചടി സൃഷ്ടിച്ചു. പാര്‍ട്ടിയിലെ പോര് പരസ്യ വിഷുപ്പലക്കലിലേക്ക് നീങ്ങിയപ്പോള്‍ വി എസിനൊപ്പം പിണറായിയും പിബിയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിരന്തര യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടതും സിപിഐഎമ്മിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവങ്ങളായിരുന്നു.

വിഭാഗീയതയില്‍ പാര്‍ട്ടി ഉലഞ്ഞുപോയ ഘട്ടത്തില്‍ പിളര്‍ന്നു പോകാതെ പിടിച്ചു നിര്‍ത്തിയത് പിണറായിയുടെ സംഘടനാ ശേഷിയുടെ മികവായിരുന്നു. എന്നാല്‍ പ്രാദേശിക വിഭാഗീയതയില്‍ സിപിഐഎമ്മിനെ വെല്ലുവിളിച്ച് ചെറു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകൃതമായതിന് വഴിയൊരുക്കിയത് പിണറായിയുടെ സംഘടനാ രീതിയിലെ കാര്‍ക്കശ്യമെന്ന വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ടി പി ചന്ദ്രശേഖരന്റെ വധം പിണറായി യുഗത്തിലെ കറുത്ത ഏടായി. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പിറകെ ഒന്നായി എത്തിയപ്പോഴും കൂസാതെ ചങ്കൂറ്റത്തോടെ പിണറായി പിടിച്ചു നിന്നു. ലാവ്‌ലിന്‍ കേസില്‍പെട്ടതോടെ അഴിമതി വലയത്തിനകത്തേക്ക് നിര്‍ത്തിയവര്‍ക്ക് സെക്രട്ടറി പദം ഒഴിയും മുന്‍പെ അഗ്നശുദ്ധി വരുത്തിയാണ് പിണറായി മറുപടി നല്‍കിയത്. പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചെങ്കിലും പിന്നീട് തിരിച്ചടികളുടെ നീണ്ട നിരയായിരുന്നു കാത്തിരുന്നത്. രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എം പി വീരേന്ദ്ര കുമാറിന്റെ ജനതാദളും ആര്‍എസ്പിയും മുന്നണി വിട്ടുപോയതിന്റെ പഴിമുഴുവന്‍ കേള്‍ക്കേണ്ടി വന്നത് പിണറായിക്കായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേയും മുന്നണിയേയും വിജയിപ്പിക്കാനാകാതെയാണ് പിണറായി സെക്രട്ടറി പദത്തില്‍ നിന്നും പടിയറങ്ങിയത്.

pinarayi

സോളാര്‍ സമരത്തില്‍ സെക്രട്ടേറിയേറ്റിന് ചുറ്റും പ്രതിഷേധ വേലിയേറ്റം സൃഷ്ടിച്ച് സംഘടനാ മികവ് പ്രകടമാക്കിയ പിണറായിക്ക് പക്ഷെ സമരം അവസാനിപ്പിച്ചപ്പോള്‍ അഡ്ജസ്റ്റമെന്റ് സമരത്തിന് നേതൃത്വം നല്‍കിയ നേതാവെന്ന പേരുദോഷം ഏല്‍ക്കേണ്ടി വന്നു. യുഡിഎഫില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചു. എന്നാല്‍ ഇത് സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ വീഴ്ച പറ്റുകയോ അല്ലെങ്കില്‍ പിണറായി ഉപയോഗിക്കാതിരിക്കുകയോ ചെയ്തു എന്ന ആക്ഷേപവും ഉയര്‍ന്നു വന്നു. ആജ്ഞാ ശക്തിയുള്ള നേതൃപാടവം, നിലപാടുകളിലെ ദൃഢത, കണിശതയുള്ള വാക്കുകള്‍, വിവാദത്തിന് വഴിയൊരുക്കുകയും പിണറായിയെ വേറിട്ട് നിര്‍ത്തുകയും ചെയ്ത ഘടകങ്ങള്‍ ഇവയായിരുന്നു. പിണറായിയുടെ പ്രയോഗങ്ങളെ ചുറ്റിപ്പറ്റിയുള്ള വാക്കുകളുടെ രാഷ്ട്രീയം കേരളം നിരവധി തവണ ചര്‍ച്ചചെയ്തു. നികൃഷ്ട ജീവി, എടോ ഗോപാലകൃഷ്ണാ, ബക്കറ്റിലെ വെള്ളമുയര്‍ത്തുന്ന തിര, മാധ്യമ സിന്‍ഡിക്കേറ്റ്, അല്‍പ്പന്‍, കുലംകുത്തി, പരനാറി, തീപ്പന്തം തുടങ്ങിയ പിണറായിയുടെ പദപ്രയോഗങ്ങള്‍ രാഷ്ട്രീയത്തില്‍ മുഴങ്ങുകയും മലയാളിയുടെ രാഷ്ട്രീയ നിഘണ്ഡുവില്‍ ഇടംകണ്ടെത്തുകയും ചെയ്തു. പ്രതിസന്ധികളെ അതിജീവിക്കാനായെങ്കിലും പാര്‍ട്ടിയുടെ ബഹുജനാടിത്തറയ്ക്കുണ്ടായ കോട്ടം തിരിച്ചുപിടിക്കാന്‍ പിണറായിയുടെ നേതൃത്വത്തിനായില്ല. പാലിയേറ്റീവ് കെയര്‍, ശുചിത്വ യജ്ഞം, കാര്‍ഷിക മേഖലയിലെ ഇടപെടല്‍ തുടങ്ങി വ്യത്യസ്ത തലത്തിലേക്ക് പാര്‍ട്ടിയെ നയിക്കാനായിരുന്നു സെക്രട്ടറി പദത്തിലിരുന്ന അവസാന കാലത്ത് പിണറായി ശ്രമിച്ചത്. ഒടുവില്‍ 2015 ഫെബ്രുവരിയില്‍ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ 17 വര്‍ഷത്തെ പാര്‍ട്ടി സെക്രട്ടറി എന്ന പദവി ഒഴിഞ്ഞു.

1944 മാര്‍ച്ച് 21 ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങുചെത്തു തൊഴിലാളിയുടെ മകനായിട്ടായിരുന്നു വിജയന്റെ ജനനം. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ സ്ഥലത്തു ജനിച്ചു വളര്‍ന്ന് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു നേതൃനിരയിലേക്ക് കടന്നുവന്നത്. ഈ വിട്ടുവീഴ്ചയില്ലായ്മയാണ് ഒരു ശക്തനായ കാര്‍ക്കശ്യക്കാരനായി പിണറായിയെ വളര്‍ത്തിയത്. ആര് എതിര്‍ത്താലും അനുകൂലിച്ചാലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം എന്നും തന്റേടം കാട്ടിയുരുന്നു. അത് അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാക്കി. പക്ഷെ ആ വിശേഷണങ്ങളൊന്നും പിണറായിയിലെ രാഷ്ട്രീയക്കാരനെ കുലുക്കിയില്ല. പാര്‍ട്ടിയിലെ ഏതിര്‍ രാഷ്ട്രീയക്കാരില്‍ നിന്നും എതിര്‍പാര്‍ട്ടിക്കാരില്‍ നിന്നും ഒരുപോലെ ആക്രമണങ്ങള്‍ക്ക് വിധേയമായി പിണറായി. ഒരു പക്ഷെ ഇത്രയേറെ എതിര്‍ക്കപ്പെട്ട, വിചാരണ ചെയ്യപ്പെട്ട രാഷ്ട്രീയക്കാരന്‍ കേരള രാഷ്ട്രീയത്തില്‍ വേറെ ഉണ്ടാകില്ല.

ഒരിക്കല്‍ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു, “എനിക്ക് ഒരു കാര്യത്തില്‍ അഭിമാനമുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയ്യടി എനിക്കായി ഒരിക്കലും ഉയര്‍ന്നിട്ടില്ല. അത്തരമാളുകളുടെ സ്വീകാര്യത അഭികാമ്യമാണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. അവരുടെ പിന്‍ബലമാണ് ഏറ്റവും വലിയ ശക്തി സ്രോതസ് എന്ന് ഞാന്‍ കരുതിയിട്ടില്ല. പാര്‍ട്ടിയല്ല മറ്റ് കേന്ദ്രങ്ങളാണ് ശരിയെന്നും എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന് അഭിമാനിക്കാന്‍ അതിലേറെ വേണ്ട എന്ന് കരുതുന്ന ആളാണ് ഞാന്‍”.

പാര്‍ട്ടിക്ക് നേരെ ഉയരുന്ന അക്രങ്ങള്‍ തന്നെയും തനിക്കെതിരായ അക്രമങ്ങള്‍ പാര്‍ട്ടിയേയും ബാധിക്കുമെന്ന് സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബുദ്ധിയും ആര്‍ജ്ജവവും കാട്ടിയ നേതാവായിരുന്നു പിണറായി. പാര്‍ട്ടിയെ ഇത്രമേല്‍ ആത്മാര്‍ത്ഥമായി പ്രതിരോധിച്ച നേതാക്കള്‍ വിരളം. അക്രമങ്ങളും വിമര്‍ശനങ്ങളും കല്ലേറുകളും ഏറ്റുവാങ്ങി പരുവപ്പെട്ട നേതാവ് ഒടുവില്‍ പൂച്ചെണ്ടെുകളുടേയും പൂമാലകളുടേയും അകമ്പടിയോടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്.

KCN

more recommended stories