ശനിയാഴ്ച മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ഹര്‍ത്താല്‍

harthalമൊഗ്രാല്‍ പുത്തൂര്‍ : സി പി എം, ലീഗ് ഓഫീസുകളും, ക്ലബ്ബുകളും, വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തതിനെ തൂടര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വെള്ളിയാഴ്ച രാത്രി യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്.

മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ സി പി എം ഓഫീസും, ടൗണ്‍ ലീഗ് ഓഫീസുമാണ് തകര്‍ത്തത്. ബാച്ചിലേര്‍സ് ക്ലബ്ബും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് നിഷാദ് (21), ഫാറൂഖ് (38), അബ്ദുല്‍ സഫീര്‍ (25), അമീര്‍ (35), സമീര്‍ (26), ഇംതിയാസ് (24), മൊയ്തീന്‍ (26) തുടങ്ങിയവരെ ഇ കെ നായനാര്‍ ആശുപത്രിയിലും, കെയര്‍വെല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ കാരംസ് കളിക്കുകയായിരുന്നു തങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പരിക്കേറ്റ മുഹമ്മദ് മുണ്ടേക്ക (45), നൗഫല്‍ ഡി എം (36) എന്നിവരെ മാലിക് ദീനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാര്‍ട്ടി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് സി പി എം ലോക്കല്‍ കമ്മിറ്റി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ടൗണിലെ പീപ്പിള്‍സ് സ്റ്റോര്‍ കടയുടമ നൗഫല്‍ പുത്തൂരിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ചും ഏതാനും കടകള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചും മൊഗ്രാല്‍ പുത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ശനിയാഴ്ച വ്യാപാരി ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രസിഡണ്ട് പി ഇസ്മാഈല്‍ ഹാജിയും സെക്രട്ടറി പി ബി അബ്ദുര്‍ റഹ് മാനും അറിയിച്ചു.

നേരത്തെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച രാത്രിയുണ്ടായ അക്രമം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു.

 

KCN

more recommended stories