വീണ്ടും ആ സെല്‍ഫി എന്നെ കരയിപ്പിച്ചു

mk  big copyനാലഞ്ചു മാസം മുമ്പ് കര്‍ണാടക കറുവപ്പാടിയിലെ അന്ധനായ സാദിഖിന്റെ വീട് കുടികൂടല്‍ ചടങ്ങിനെത്തിയപ്പോള്‍ പൂര്‍ണ അന്ധനായ സാദിഖിന്റെ ഒരേ ഒരു നിര്‍ബന്ധം ഒന്നിച്ചൊരു ഫോട്ടോ എടുക്കണമെന്നായിരുന്നു.

സ്വന്തമായ ഒരു വീടില്ലാതെ പെരുവഴിയില്‍ മൂന്നു മക്കളോടൊപ്പം കഴിയുകയായിരുന്ന സാദിഖിന് വാര്‍ത്ത വഴി ഹാജി സയ്യിദ് കര്‍ണിരെ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ ആ സുന്ദരമായ വീടുപോലും സാദിഖിന് കാണാന്‍ കഴിഞ്ഞില്ല, അപ്പോഴും സാദിഖിന്റെ മോഹം ഒരിക്കലും കാണില്ലെങ്കിലും ഒന്നിച്ചിരുന്ന് ഒരു ഫോട്ടോ എടുക്കണമെന്നതായിരുന്നു. ആ സെല്‍ഫി എന്നെ വല്ലാതെ കരയിപ്പിച്ചു.
സാദിഖിനെപോലെ തന്നെ കാഴ്ചയില്ലാത്തവരും വീടില്ലാത്തവരുമാണ് അദ്ദേഹത്തിന്റെ സഹോദരങ്ങളായ സിദ്ദിഖും ഫൗസിയയും മറ്റൊരു വാര്‍ത്ത വഴി ഹാജി സയ്യിദ് കര്‍ണിരെ ട്രസ്റ്റ് അവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കി. ഇന്നലെ അതിന്റെ ഗൃഹപ്രവേശനം കഴിഞ്ഞു മടങ്ങുമ്പോള്‍ സിദ്ദിഖിനും ഒന്നിച്ചൊരു സെല്‍ഫിയെടുക്കണമെന്ന മോഹമായിരുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി സെല്‍ഫുമ്പോള്‍ എങ്ങോട്ടു നോക്കണമെന്നുപോലുമറിയാതെ അവര്‍ എന്നരികില്‍ ഇരിക്കുകയായിരുന്നു.
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയ നിമിഷം

ഈ ഭൂമിയും ഈ ലോകവും വല്ലാതെ ദുശിച്ചുപോയെന്ന് ആരു പറഞ്ഞാലും എനിക്കത് സമ്മതിച്ചുതരാനാവില്ല. കാരണം, ഈ മണ്ണ് ഇപ്പോഴും നല്ല മനുഷ്യരെകൊണ്ട് സമ്പന്നമാണ്. അവരുടെ മനസ്സിന്റെ നന്മയില്‍ ഈ നാട് ഇപ്പോഴും പൂത്തോട്ടം പോലെ പൂത്തലഞ്ഞു നില്‍ക്കുന്നു.
നിങ്ങളോര്‍ക്കുന്നില്ലെ, കുറച്ചു മാസം മുമ്പ് കെ.സി.എന്‍ ചാനലിന്റെ സാന്ത്വനം പരിപാടിയിലൂടെ ഞങ്ങള്‍ നല്‍കിയ ഒരു വാര്‍ത്ത. കര്‍ണാടകയിലെ കറുവപ്പാടി പഞ്ചായത്തിലെ അന്ധ സഹോദരങ്ങളായ സിദ്ദീഖിന്റെയും ഫൗസിയയുടെയും ദുരിത കഥ…
ജന്മനാ കണ്ണിന്റെ കാഴ്ചകളത്രയും നഷ്ടപ്പെട്ട്, ഈ ഭൂമിയുടെ മനോഹാരിതയൊന്നും കാണാന്‍ വിധിയില്ലാതെ ഇരുട്ടിന്റെ ലോകത്ത് പകച്ച് ജീവിക്കുകയായിരുന്ന ആ പാവങ്ങളുടെ മുഖം നിങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ വാര്‍ത്ത ചെയ്ത് മടങ്ങുമ്പോള്‍ എന്റെ മനസ്സും ദു:ഖം കൊണ്ട് കരഞ്ഞുപോയിരുന്നു. യാ, അള്ളാ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഈ പാവങ്ങളെ നീ രക്ഷിക്കണമേ അള്ളാ എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചിരുന്നു.
ഒടുവില്‍ ആ പ്രാര്‍ത്ഥന ദൈവം കേട്ടു…ജീവിതത്തെ നന്മകള്‍കൊണ്ട് സമ്പന്നമാക്കിയ സയ്യിദ് ഹാജി കര്‍ണിരെ എന്ന നല്ല മനുഷ്യന്‍ അവര്‍ക്ക് വീടുവെച്ചുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും അതിവേഗം അതിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ആ നാട്ടിലെ തന്നെ മനോഹരമായ വീടുകളിലൊന്നായി അത് മാറി. കഴിഞ്ഞ ദിവസം അതിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു.
ഈ ലോകത്തിന്റെ ഒരു കാഴ്ചയും കാണാത്ത സാദിഖിന് താക്കോല്‍ കൈമാറുമ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ആ നിമിഷത്തില്‍ പ്രാര്‍ത്ഥന മന്ത്രത്തോടൊപ്പം അവന്‍ പറഞ്ഞുകാണും. കൈപിടിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ കണ്ണുകളെന്തിന് വേറെ….ഒരു നാട് മുഴുവന്‍ ആ സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ആ ചടങ്ങില്‍ രണ്ട് വാക്ക് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ തൊണ്ട ഇടറിപ്പോയി.
പുഴയെക്കുറിച്ചും മഴയെക്കുറിച്ചും ഞാന്‍ ആയിരം പേജിലെഴുതും, അല്ലെങ്കിലും നിങ്ങള്‍ പറഞ്ഞ ഏതു വിഷയത്തിലം എത്ര മണിക്കൂറുവേണമെങ്കിലും ക്ലാസെടുക്കും പക്ഷെ, ആ നന്മയെക്കുറിച്ച് പറയാന്‍ എന്റെ കയ്യില്‍ വാക്കുകളില്ലായിരുന്നു. ഹാജി സയ്യിദ് കര്‍ണിരെ ഇരിക്കുന്ന ഒരു സദസ്സില്‍ ആ നല്ല മനുഷ്യനെക്കുറിച്ച് എന്ത് പറയണമെന്നറിയാതെ ഞാന്‍ പകച്ചുപോയി പലവട്ടവും.
ഓരോ വാര്‍ത്ത ചെയ്തു ഫലം കാണുമ്പോഴും എനിക്ക് ലഭിക്കുന്ന ആഹ്ലാദം അതാണ്. നല്ല മനുഷ്യര്‍ ഈ ഭൂമിയില്‍ ഇപ്പോഴും ബാക്കിയുണ്ടെന്ന് അത് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മംഗലാപുരം ആസ്ഥാനമായുള്ള ജംഇയ്യത്തുല്‍ ഫലാഹിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഹാജി സയ്യിദ് കര്‍ണിരെ ചാരിറ്റബിള്‍ ട്രസറ്റ് വഴി എത്രയെത്ര പാവങ്ങളാണ് രക്ഷപ്പെട്ടത്. ഒരു വീടെന്നത് സ്വപ്നം മാത്രമായിരുന്ന എത്രയെത്ര കുടുംബങ്ങളാണ് അവരുടെ സങ്കല്‍പ്പത്തില്‍പോലുമില്ലാതിരുന്ന നല്ല നല്ല വീടുകളില്‍ താമസം തുടങ്ങിയത്. പഠിക്കാന്‍ വഴിയില്ലാതിരുന്ന എത്രയെത്ര കുട്ടികളാണ് ആ സഹായം കൊണ്ട് പഠിച്ചു മിടുക്കന്മാരായി വളര്‍ന്നത്.
യാ, അള്ളാ ആ സംഘടനയ്ക്കും ആ മനുഷ്യനും നീ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് നല്‍കേണമേയെന്ന് ഞാന്‍ പിന്നെയും പിന്നെയും പ്രാര്‍ത്ഥിച്ചു പോയി.
കുറച്ചു മാസം മുമ്പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫിനോടും പ്രിയപ്പെട്ട റൈഷാദിനോടും ജബ്ബാര്‍ ഉപ്പളയോടും അബു തമാമിനോടുമൊപ്പം ഞാന്‍ വിജയടുക്കയിലേക്ക് പോയത് സിദ്ദീഖിന്റെ സഹോദരന്‍ സാദിഖിന്റെ ദയനീയ കഥ ഒപ്പിയെടുക്കാന്‍ വേണ്ടിയായിരുന്നു. തകര്‍ന്നു വീഴുകയും ചോര്‍ന്നൊലിക്കുയും ചെയ്യുന്ന ഒരു ഒറ്റമുറിയില്‍ മഴവെള്ളം നിറഞ്ഞ ചെളിയില്‍ ജീവിക്കുകയായിരുന്ന പൂര്‍ണ അന്ധനായ സാദിഖിന്റെയും അയാളുടെ ഭാര്യയുടെയും മൂന്ന് കുഞ്ഞുമക്കളുടെയും മുഖം കരയിപ്പിക്കുക തന്നെ ചെയ്തിരുന്നു. അപ്പോഴാണ് അള്ളാഹു നമുക്ക് നല്‍കിയ അനുഗ്രഹം എത്ര വലുതാണെന്ന് ഓര്‍ത്തുപോയത്.
വാര്‍ത്ത നല്‍കി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് കറുവപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ വഴി ആ വിവരം എത്തിയത്. സാദിഖിന് ഹാജി സയ്യിദ് കര്‍ണെ ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ചു നല്‍കും. അല്‍ ഹംദ്ദുലില്ല, മനസ്സ് നിറഞ്ഞുപോയ നിമിഷം…
അതിവേഗമാണ് വീട് പണി തീര്‍ന്നത്. വിജയടുക്കയിലെ റോഡരികില്‍ ആ നാട്ടിലെ ഏറ്റവും നല്ല വീടുകളിലൊന്നായി സാദിഖിന്റെ വീട് ഉയര്‍ന്നുവന്നു.
സഹോദരങ്ങളായ സിദ്ദീഖും ഫൗസിയയും ഇതേ അവസ്ഥയിലാണെന്നും അവരെക്കുറിച്ചും ഒരു വാര്‍ത്ത ചെയ്യണമെന്നും ജലില്‍ പറഞ്ഞപ്പോള്‍ ഒരേ ദിക്കല്‍ രണ്ടു വാര്‍ത്തകള്‍ ചെയ്താല്‍ അതിന് ഫലമുണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷെ അവിടെയും ഹാജി കര്‍ണിരെയും സഹപ്രവര്‍ത്തകരും എന്നെ അല്‍ഭുതപ്പെടുത്തി. അതും അവര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. മാഷാ അള്ളാ….
ഹാജി സയ്യിദിനോടൊപ്പം ആ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി നില്‍ക്കുന്ന അവരുടെ മക്കളും സഹപ്രവര്‍ത്തകരും നന്മയുടെ തിളങ്ങുന്ന ചിത്രമാണ്.ഓരോ കാര്യങ്ങളെയും ആത്മാര്‍ത്ഥതോടെ നോക്കികാണുന്ന നസീറാണ് പലപ്പോഴും എനിക്കിടയില്‍ ട്രസ്റ്റിന്റെ പാലമായത്. ആ നല്ല മനസ്സ് പകര്‍ന്നു നല്‍കുന്ന പ്രചോദനം പറഞ്ഞറിയിക്കാനവാത്തതാണ്. ജംഇയ്യത്തുല്‍ ഫലാഹ് മംഗലാപുരം സിറ്റി പ്രസിഡണ്ട് അബ്ദുല്‍ അസീസ്, മുന്‍ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍, സമീര്‍ അമ്പാര്‍, അബ്ദുല്‍ റസാഖ് അങ്ങനെ എത്രയെത്ര സുമനസ്‌ക്കരാണ് ഈ സല്‍ക്കര്‍മ്മത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നത്. നമുക്ക് കോടികളുടെ സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല, പക്ഷെ സഹായിക്കുന്നവന് പിന്തുണയുമായി നില്‍ക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യമാണ്.
വീടുയരുമ്പോള്‍ അവിടെ കുടിവെള്ളമില്ലെന്നറിഞ്ഞപ്പോള്‍ അതിന് എത്രയാകുമെന്ന് ചോദിക്കുകയും അറുപതിനായിരം വരുമെന്ന് അറിയിച്ചപ്പോള്‍ അതേ നിമിഷം തന്നെ ആ പണം അയക്കുകയും ചെയ്ത ഖത്തറിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ ഖമറുന്നിസ എന്ന മനുഷ്യ സ്‌നേഹിയായ മഹതിയുടെ നന്മ നല്ല തെളിനീരായി ആ വീട്ടുമുറ്റത്ത് തിളങ്ങി നില്‍ക്കുന്നുണ്ട്. ഈ കടുത്ത വേനലിലും അതില്‍ വറ്റാത്ത വെള്ളമാണ്. എങ്ങനെയാണ് ഈ നന്മകളൊക്കെ പകര്‍ത്തിയെഴുതേണ്ടതെന്ന് എനിക്ക് അറിയുന്നേയില്ല.
സാദിഖിന്റെയും സിദ്ദിഖിന്റെയും ഫൗസിയയുടെയും അവരുടെ കുഞ്ഞുമക്കളുടെയും മുഖം സന്തോഷം കൊണ്ട് വിടര്‍ന്ന ആ രംഗമുണ്ടല്ലോ അതിനേക്കാള്‍ വലിയ എന്ത് സംതൃപ്തിയാണ് ഈ ഭൂമിയില്‍ നമുക്ക് കിട്ടാനുള്ളത്.
എബി കുട്ടിയാനം

 

KCN

more recommended stories