ഇനി ജൂണ്‍ പറയട്ടെ…..

srikrishna 2ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ഒരു വേനലവധികൂടി കടന്നുപോയി. ഇനി കളിയൂഞ്ഞാലിനുപകരം കര്‍ക്കശക്കാരായ അദ്ധ്യാപകരാണ് കണ്‍മുന്നില്‍. നാട്ടിന്‍പുറത്തെ പാടത്ത് പന്തുതട്ടുമ്പോള്‍ ലയണല്‍ മെസിയും ഷഹീദ് അഫ്രീദിയും ചമഞ്ഞവര്‍ പുതിയ ക്ലാസിലെ പുതിയ മുറിയില്‍ ചിലപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനിലും മുഗള്‍ പാഠഭാഗങ്ങളിലും തട്ടിവീഴും…
എന്തു പറഞ്ഞാലും ജൂണ്‍ വല്ലാത്തൊരു അനുഭൂതിയാണ്. അവധിയുടെ ലഹരിയില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു മൂഡിലേക്കാണ് അത് നമ്മെ കൈപിടിക്കുന്നത്. വീണ്ടും ക്ലാസില്‍ വന്നിരിക്കുമ്പോള്‍ മണ്ണപ്പംചുട്ട കൈകളും വിരുന്നുപോയ മനസ്സും വല്ലാത്തൊരസ്വസ്ഥത അനുഭവിക്കും. അപ്പോഴും ഹൃദയത്തിലെവിടെയൊക്കെയോ ഒരു വസന്തം വിരിയുകയാവും…

000 000 000
ചുട്ടുപൊള്ളുന്ന ചൂടിനുപകരം പുതുമഴയുടെ കുളിരിലൂടെയാണ് ജൂണിന്റെ പ്രഭാതങ്ങളില്‍ നമ്മള്‍ സ്‌കൂളിലേക്ക് നടന്നുപോകുന്നത്. അവധി ദിനങ്ങളുടെ ആയിരം കഥകളാല്‍ സമ്പന്നമാവും സ്‌കൂളിന്റെ യാത്രകളത്രയും. തീവണ്ടിയാത്രയില്‍ അരികിലെസീറ്റുപിടിക്കാന്‍ കുഞ്ഞു തന്ത്രം മെനയുന്ന അതേ വികാരത്തോടെ ക്ലാസുമുറിയില്‍ നല്ലൊരു ഇരിപ്പിടം നേടാന്‍ മനസുകൊണ്ടെങ്കിലും സകല ശ്രമവും നടത്തും.
പുതിയ ക്ലാസിലേക്ക് പുതിയ കൂട്ടുകാര്‍ വരുമ്പോള്‍ അപരിചത്വത്തോടെ നോക്കിനില്‍ക്കും നമ്മള്‍,കുറേ നേരത്തേക്ക് ഒന്നും മിണ്ടില്ല. ജീവിതവഴിയില്‍ പിരിയാനാവാത്തവിധം അടുക്കുന്ന ഒരു കൂട്ടുകാരനായിരിക്കും ചിലപ്പോള്‍ അരികില്‍വന്നിരുന്ന് മിഴിച്ചുനോക്കുന്നത്. ക്ലാസിലെത്തുന്ന ആദ്യ ദിവസം നമ്മള്‍ എന്തു മാത്രം അനുസരണയുള്ള കുട്ടിയാണെന്നോ(?) നാട്ടിന്‍പുറത്തെ കുസൃതിയും കഴിഞ്ഞ ക്ലാസിലെ വില്ലന്‍ഭാവവുമെല്ലാം അകലെ മാറ്റിവെക്കും. അദ്ധ്യാപകന്‍ പേരു ചോദിക്കുമ്പോള്‍ നാവില്‍ നിന്നുവരുന്ന പതുങ്ങിയ ശബ്ദത്തില്‍ നമ്മള്‍ ലോകത്തിലെ ഏറ്റവും പാവം മനുഷ്യനാണെന്നു തോന്നിക്കും.

000 000 000
ജൂണ്‍ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്‌കൂളിന് പെരുന്നാളാണ്. മണ്‍ തരികള്‍പോലും പുതുമകൊണ്ട് നിറയുന്നനേരം. മതിപ്പിക്കുന്ന മണമുള്ള പുതിയ പുസ്തകവും പുതിയ കുടയും പുതിയ ബാഗും പുതിയ യൂണിഫോമും, പുതിയ അഡ്മീഷനും….എല്ലാം പുതിയതാകുമ്പോള്‍ വിദ്യാലയമുറ്റം ആഘോഷ ലഹരിയിലായിരിക്കും. കൊതിപ്പിക്കുന്ന മണമുള്ള പുസ്തക താളുകളെ നമ്മള്‍ ഒത്തിരി നേരം വെറുതെ മണത്തുനോക്കും. ഹെഡ്മാസ്റ്ററുടെ ചേമ്പറിനുമുന്നിലന്ന് പോളിംഗ് ബൂത്തിനേക്കാളേറെ ക്യൂവായിരിക്കും. കടന്നുവരുന്ന ഓരോ കുട്ടിയിലും നാം കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള കൂട്ടുകാരനെ തേടും.
പേരു ചോദിച്ച് പരിചയപ്പെടുന്നതൊടൊപ്പം തന്നെ റാഗിംഗിന്റെ സ്വരമുള്ള ഇത്തിരി ഗൗരവത്തോടെ പെരുമാറാനും വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും.
പ്രവേശനോത്സവത്തിന്റെ ലഹരിയില്‍ കുഞ്ഞുക്ലാസുകളില്‍ അധ്യായനവര്‍ഷം വര്‍ണ്ണാഭമാകുമ്പോള്‍ കലാലയങ്ങളുടെ ആദ്യ ദിനങ്ങള്‍ക്ക് കാല്പനിക ഭാവം മാത്രമാണ്. മുതിര്‍ന്ന കുട്ടികളുടെ റാഗിംഗ് പേടിച്ച് നടന്നുനീങ്ങുമ്പോഴും ഞാന്‍ വലിയ കോളജ് സ്റ്റുഡന്റ, നിങ്ങളൊക്കെ എന്തിനുകൊള്ളുമെന്ന ചിന്തയായിരിക്കും ചിലരുടെയെങ്കിലും മനസില്‍…
000 000 000
അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഒന്നാം ക്ലാസില്‍ എത്തിയ ആ ദിവസം കാലമെത്ര കഴിഞ്ഞാലും മറക്കില്ല. മിഠായികൊണ്ട് ആറാടുമ്പോഴും വല്ലാത്തൊരു ലോകത്ത് എത്തിയ പ്രതീതിയായിരിക്കുമപ്പോള്‍. അമ്മയും എന്റരികിലിരുന്ന് കൂടെ പഠിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞൊരു ബാല്യമുണ്ടായിരുന്നില്ലെ എനിക്കും നി്‌നക്കും. …പേരു ചോദിച്ച് പരിചയപ്പെടും നേരത്ത് അദ്ധ്യാപകന്‍ ചോദിച്ചു മോനെ വലുതാകുമ്പോള്‍ ആരാവണം നിനക്ക്(?) ഞാനോര്‍ക്കുന്നു…അന്ന് ഷാജഹാന്‍ പറഞ്ഞു, എനിക്ക് പോലീസുകാരനാവണം, കലുവിനും ശ്രീജിത്തിനും മനോജിനുമെല്ലാം അതെ ആഗ്രഹമായിരുന്നു, വിസ്മയമെന്നു പറയട്ടെ, ഇവരൊക്കെ ഇന്ന് കാക്കിയിട്ട് സ്വപ്ന സാഫല്ല്യത്തോടെ വിലസുന്നു….സാധാ പൊലീസിനുമപ്പുറം സ്റ്റാര്‍ തിളക്കമുള്ള എസ്.ഐ ആയി മാറിയ മനോജ് കഴിഞ്ഞാഴ്ച വിളിച്ചപ്പോഴും കുട്ടിക്കാലത്തെ സ്വപ്നത്തെക്കുറിച്ചോര്‍ത്ത് വാചാലനായിരുന്നു…പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, മതപണ്ഡിതന്‍…അങ്ങനെ അങ്ങനെ നൂറു നൂറു ആഗ്രഹങ്ങളായിരിക്കും ഓരോരുത്തരുടേയും മനസില്‍….തികഞ്ഞ ലക്ഷ്യബോധത്തോടെ കണക്കുകൂട്ടി നീങ്ങുന്നവര്‍ പഠനം കഴിയുന്നതോടെ അതെ ദിക്കില്‍ എത്തിച്ചേരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. താരപൊലിമയുള്ള ജോലികള്‍ മാത്രമല്ല ചിലകുട്ടികള്‍ എനിക്ക് വലിയ കള്ളനാവണമെന്ന് തമാശക്കായി പറയും….ചിലര്‍ക്ക് ഡ്രൈവറാകണം, ചിലര്‍ക്ക് മെക്കാനിക്കാകണം…അങ്ങനെ ആഗ്രഹങ്ങളുടെ ഒരു മരം തന്നെയാണ് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ ഉള്ളില്‍ മുളച്ചുപൊങ്ങുന്നത്.

000 000 000
സ്‌കൂള്‍ തുറക്കുന്നതോടെ നാടിന് വീണ്ടും പഴയ തുടിപ്പ് തിരിച്ച് കിട്ടുന്നു…വിജനമായിരുന്ന അങ്ങാടികള്‍ ശബ്ദമയമാണിപ്പോള്‍, ഒരേ യൂണിഫോമിട്ട വിദ്യാര്‍ത്ഥികളെകൊണ്ട് നഗരം സുന്ദരമാകുന്നു, ആളില്ലാത്ത ബസുകളിലെല്ലാം നിന്നു തിരിയാനാവാത്ത തിരക്കാണ്….അതെ, മാര്‍ച്ചിന്റെ ക്രൂരതയില്‍ കരിഞ്ഞുപോവുന്ന ആഹ്ലാദങ്ങളെയെല്ലാം ജൂണിന്റെ നനുത്ത പ്രഭാതങ്ങള്‍ പലിശ സഹിതം നമുക്ക് തിരിച്ചു തരുന്നു…

000 000 000
ഒന്നിച്ചു പോവാന്‍ വേണ്ടി നാട്ടിലെ കൊച്ചു ബസ്സ്റ്റാന്റില്‍ ഷജ വീണ്ടും കാത്തിരിക്കും….എടാ, നാളെ ഏതാണ് വേഷം മുണ്ടുടുത്ത് രാഷ്ട്രീയ നേതാവ് ചമയുന്നുണ്ടോ(?) രാത്രി ഏറെ വൈകുമ്പോള്‍ മിര്‍ഹാന്റെ കോള്‍ വരും….മെട്രോ ബസിന്റെ കണ്ടക്ടറിനും ശുക്രിയയുടെ ക്ലീനറിനും ഞാന്‍ വീണ്ടും ശല്ല്യമാകുമായിരിക്കും(!) കുട എടുക്കുന്നത് ഔട്ട് ഓഫ് ഫാഷനാണെന്ന് കരുതുന്ന എന്നില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എന്തു തന്ത്രമായിരിക്കും സനീഷ് കരുതിയിട്ടുണ്ടാവുക…..ദൈവമേ ഇന്ന് സതീഷന്‍ സാറ് അവധിയായിരിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു….
ജൂണ്‍ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്‌കൂളിന് പെരുന്നാളാണ്. മണ്‍ തരികള്‍പോലും പുതുമകൊണ്ട് നിറയുന്നനേരം. മതിപ്പിക്കുന്ന മണമുള്ള പുതിയ പുസ്തകവും പുതിയ കുടയും പുതിയ ബാഗും പുതിയ യൂണിഫോമും, പുതിയ അഡ്മീഷനും….

എബി കുട്ടിയാനം

KCN

more recommended stories