യാ….അള്ളാ…… (എബി കുട്ടിയാനം)

mk  big copyഹൃദയത്തിന്റെ ഫോള്‍ഡര്‍ നിറയെ സങ്കടത്തിന്റെ ഫയലുകളാണ്. തിന്മകളുടെ വയറസ് മനസിനെ തകരാറിലാക്കുമ്പോള്‍ യാ, അള്ളാ നിന്റെ മുന്നില്‍ ഞാനനെന്നെ റീഫ്രഷ് ചെയ്യുന്നു.
അള്ളാ, കുറ്റബോധം കൊണ്ട് എനിക്ക് നിന്റെ മുന്നില്‍ നില്‍ക്കാന്‍ പേടിയാവുകയാണ്.
…അടിപൊളി ജീവിതത്തിന് വേണ്ടി ഒത്തിരി കുപ്പായം വാങ്ങികൂട്ടുമ്പോള്‍ പത്തുരൂപദാനം ചെയ്യാന്‍ എനിക്ക് മടിയായിരുന്നു. പള്ളിയില്‍ അവസാന സ്വഫില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ട എനിക്ക് സിനിമ ശാലയില്‍ മുന്‍നിരയില്‍ ഇടംവേണമായിരുന്നു, പൈങ്കിളി നോവലുകള്‍ ആയിരം പേജ് വായിച്ചുതീര്‍ക്കുമ്പോഴും ഖൂര്‍ആനിലെ ഒരു പേജ് ബലികേറാമലയായിരുന്നു. ഫേസ് ബുക്കില്‍ ഏതോ കൂട്ടുകാരന്‍ കുറിച്ചുവെച്ച സങ്കടം പുരണ്ട ഈ വരികള്‍ എന്നെ കൂടുതല്‍ കരയിപ്പിക്കുകയാണ്.
ഓരോ രാവും ഒരു ദിനത്തിന്റെ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ വല്ലാതെ കരഞ്ഞുപോകും ചിലപ്പോള്‍.
ഡയറിയുടെ താളുകള്‍ മറിച്ച് അന്നിന്റെ തിയ്യതിയില്‍ ഒരു ദിവസത്തെ കുറിച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട് പലപ്പോഴും. നന്മ, തിന്മ എന്ന ടൈറ്റിലുകള്‍ നല്‍കി ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളെ ഡയറിതാളിലേക്ക് കുറിച്ചിടുമ്പോള്‍ തിന്മതന്നെയായിരുന്നു എന്നും ജയിച്ചിരുന്നത്. വൈകിപോയ നിസ്‌ക്കാരവും കളവുപറച്ചിലിന്റെ കണക്കും കണ്ണുരുട്ടി പേടിപ്പിക്കുമെന്നെ…
ഇന്ന് ഒരു നന്മയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയായിരിക്കും ഓരോ ദിവസവും ഉറക്കമുണരുക പക്ഷെ, അതിനിടയിലെവിടെയോ എന്റെ ചിന്തകള്‍ വഴിതെറ്റും. ബസില്‍ വയസ്സനായ ഒരു മനുഷ്യന് സീറ്റൊഴിഞ്ഞ് കൊടുക്കണമെന്ന് ഹൃദയത്തിലെഴുതിവെച്ച് വീടിറങ്ങും. എന്നാല്‍ യാത്രയുടെ ത്രില്ലില്‍ സീറ്റിലിരുന്ന് പുറം കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ മാറ്റമില്ലാത്ത മനസ്സുകൊണ്ട് വ്യര്‍ത്ഥനായ സ്വാര്‍ത്ഥനാവും.
രാത്രിയുടെ നിശബ്ദതയില്‍ എന്റേതുമാത്രമായ മുറിയില്‍ ഒറ്റക്കിരുന്ന് ഡയറിയെഴുതുമ്പോള്‍ മനസ്സ് പിന്നെയും പറയും ശെടാ, നീ ഇന്നും തോല്‍പ്പിച്ചുകളഞ്ഞല്ലോട(!)
ഉറക്കിനേക്കാള്‍ ശ്രേഷ്ഠം നിസ്‌ക്കാരമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പള്ളിയില്‍ നിന്ന് സുബ്ഹി ബാങ്ക് മുഴങ്ങുമ്പോഴും ഉറക്കിനേക്കാള്‍ സുഖം മറ്റൊന്നില്ലെന്ന കണക്കുകൂട്ടലോടെ കിടന്നുറങ്ങിയവന്‍ ഞാന്‍…നല്ല വാക്കുകൊണ്ട് സഹോദരന്റെ മനസ്സ് സമ്പന്നമാക്കുന്നതിന് പകരം കുത്തുവാക്കുകള്‍കൊണ്ടവനെ വേദനിപ്പിച്ചതിന്റെ അടയാളമുണ്ടെന്റെ ഹൃദയത്തില്‍, 250 സിസിയില്‍ ചീറിപായുമ്പോള്‍ റോഡരികിലൂടെ നടക്കുന്നവനെ ചെളിതെറിപ്പിച്ച് അവഹേളിച്ചവന്‍ ഞാന്‍…
സത്യം..എനിക്കെന്നെ നിര്‍വ്വചിക്കാനാവുന്നില്ല. നല്ല ആളാവണമെന്നും നന്മയിലേക്ക് മടങ്ങണമെന്നും പാതിരാവിനെ സാക്ഷി നിര്‍ത്തി പലവട്ടം പ്രതിജ്ഞ ചെയ്തിട്ടും പിന്നെയും പിന്നെയും തോല്‍ക്കാനായിരുന്നു എന്റെ വിധി. ഞാനെന്റെ അവസ്ഥയോര്‍ത്ത് ഇരുന്ന് കരയാറുണ്ട് ഓരോ രാത്രിയിലും. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഞാനി ലോകത്തിന് പറ്റിയ ആളല്ലെന്ന്(!)
000 000 000
്‌നന്മ പെയ്തിറങ്ങുന്ന ഈ വഴിയില്‍ ഞാന്‍ വീണ്ടും പ്രതീക്ഷയും പ്രതിജ്ഞയുമായെത്തുന്നു. യാ, അള്ളാ…എനിക്ക് എന്റെ കുറ്റങ്ങള്‍ ഏറ്റുപറയണം, എനിക്ക് നിന്റെ മുന്നിലിരുന്ന് പൊട്ടികരയണം, ഒറ്റക്കിരുന്ന് എനിക്ക് നിന്നോട് കുറേ ചോദിക്കണം, നിന്റെ മുന്നില്‍ സുജൂദിലങ്ങനെ കിടക്കണമെനിക്ക് മതിവരുവോളം, സ്വലാത്തുകള്‍കൊണ്ട് മദീനയിലേക്ക് ഒരു പാത പണിയണമെനിക്ക്…തസ്ബീഹ് ചൊല്ലി ചൊല്ലി ആത്മീയതയുടെ എനര്‍ജ്ജിയില്‍ തിളങ്ങിനില്‍ക്കണമെനിക്ക്…
അള്ളാ….എനിക്കറിയാം, എല്ലാ വാതിലുകളും അടഞ്ഞാലും നീ അനുഗ്രഹത്തിന്റെ പുതിയൊരു വാതില്‍ തുറന്നുതരുമെന്ന്….നീ ഒരിക്കലും എന്നെ പെരുവഴിയിലാക്കില്ലെന്ന്…യാ അള്ളാ…നിന്റെ കാരുണ്യത്തിന്റെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു….
നല്ലതു മാത്രം ശീലമാക്കിയ വിശ്വാസിക്കും തിന്മമാത്രം ജീവതമാക്കിയ മനുഷ്യനും ഒരുപോലെ അനുഗ്രഹം ചൊരിയുന്ന അള്ള നീ എത്ര കാരുണ്യവാനാണ്…
കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മടങ്ങിവരുന്നവനെയാണ് എനിക്ക് ഏറെ ഇഷ്ടമെന്ന് നീ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുമ്പോഴും എന്തോ എനിക്കൊരു പേടിപോലെ…കൈകള്‍ മേലോട്ടുയര്‍ത്താന്‍, കണ്ണുകള്‍ നിന്നിലേക്ക് തിരിക്കാന്‍ എന്തോ….കാരണം എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലത്രയും തിന്മയാണല്ലോ നിറഞ്ഞുനില്‍ക്കുന്നത്….
ഓരോ ദിവസം അസ്തമിച്ച് തീരുമ്പോഴും നാം മരണത്തിലേക്ക് ഒരു ചുവടുകൂടി അടുക്കകയാണ്…അടിപൊളി എന്നു മാത്രം നാം കരുതിയ ജീവിതത്തില്‍ നിന്ന് കൂട്ടികൊണ്ടുപോകാന്‍ അസ്‌റാഈല്‍ മാലാഖ വരിക തന്നെ ചെയ്യും…
ഇന്നലെ മനസ്സ് സീരിയസായിട്ട് ചോദിച്ചു… ഇനി നന്നായില്ലെങ്കില്‍ പിന്നെപ്പോള്‍….യാ, അള്ളാ, ഞാന്‍ മടങ്ങുകയാണ്…നീ കാണിച്ചു തന്ന നന്മയുടെ വഴികളിലൂടെ….
ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി ഏതെന്നുചോദിച്ചാല്‍ ഞാന്‍ പറയും ദൈവത്തിന്റെ മുന്നില്‍ സര്‍വ്വം മറന്ന് കേണുകരയുന്ന ആ നിമിഷമാണെന്ന്….
നാടും വീടും മൂടിപുതച്ചുറങ്ങുന്ന പാതിരാനേരത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിസ്‌ക്കാര പായയിലിരുന്ന് കുറ്റങ്ങള്‍ ഏറ്റുപറയുമ്പോള്‍, പുതിയ വഴിതേടുമ്പോള്‍ ലോകം തന്നെ മറന്നുപോകും ചിലപ്പോള്‍…ഒരു കൊച്ചു കുട്ടിയെപോലെ കരയുന്നന്നേരം മനസ്സ് ദൈവത്തില്‍ അലിഞ്ഞുചേരും…
അള്ളാ, നീ ഞങ്ങളുടെ അനുഗ്രഹങ്ങള്‍ എടുത്തുകളയല്ല അള്ളാ, നീ ഞങ്ങളെ അഹങ്കാരിയാക്കല്ല അള്ളാ, ഞങ്ങളുടെ മനസ്സില്‍ നിന്ന് തിന്മയെ മാറ്റി നന്മ വിതറണമേയള്ള….അങ്ങനെ അങ്ങനെ നീണ്ടുപോവുന്ന പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ എവിടെയോ നാം മറ്റൊരു മനുഷ്യനായി മാറുന്നു….
പ്രാര്‍ത്ഥനകള്‍ക്കുമുന്നില്‍ ഒരിക്കലും നീ മുഖം തിരിക്കില്ലെന്ന സത്യം എന്റെ പ്രതീക്ഷയെ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നു…അധിവേഗം ഫലം കണ്ടില്ലെങ്കിലും നിങ്ങള്‍ നിരാശരാവരുതെന്നാണല്ലോ നീ പറഞ്ഞത്….പ്രാര്‍ത്ഥനകള്‍ക്ക് മൂന്നുവിധത്തില്‍ ഉത്തരം ചെയ്യുമെന്ന നിന്റെ ഓര്‍മ്മപ്പെടുത്തലില്‍ എന്റെ ആഗ്രഹങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു…
വൈകിയാണെങ്കിലും നീ ഉത്തരം നല്‍കുക തന്നെ ചെയ്യുമെത്രെ, ചോദിച്ചത് വന്നെത്തിയില്ലെങ്കിലും വന്നുചേരേണ്ടിയിരുന്ന വലിയൊരു ദുരന്തത്തില്‍ നിന്ന് ആ പ്രാര്‍ത്ഥന രക്ഷിച്ചിട്ടുണ്ടാകുമത്രെ, ഇല്ലെങ്കില്‍ അതിന്റെ പുണ്യം പരലോകത്തേക്ക് മാറ്റിവെക്കുമെത്രെ,
അള്ളാ…എനിക്കുറപ്പുണ്ട് എന്റെ സങ്കടം നീ കേള്‍ക്കുമെന്ന്…ഈ ദു:ഖമെല്ലാം മാഞ്ഞുപോകും, എന്റെ കഷ്ടകാലത്തിനും കണ്ണീരിനും അറുതിയുണ്ടാവുക തന്നെ ചെയ്യും…
അള്ളാ, ജീവിതത്തിലെ ഓരോ അനുഭവവും നിന്റെ പരീക്ഷണമാണല്ലോ…സമൃദ്ധിയുടെ ദിനങ്ങളില്‍ നിന്നും ഇല്ലായ്മയുടെ വല്ലാത്തൊരവസ്ഥയിലേക്കുള്ള ഈ എടുത്തെറിയലും ഒരു പരീക്ഷണമായിരിക്കുമല്ലെ(?)
ഞാന്‍ ക്ഷമിക്കുന്നവന്റെ കൂടെയാണെന്ന നിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലെവിടെയൊക്കെയോ പ്രതീക്ഷയുടെ വെളിച്ചം കോരിയിടുന്നു…എനിക്കറിയാം…നിന്റെ അനുഗ്രഹത്തിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങുമെന്ന്…ഞാന്‍ കാത്തിരിക്കുന്നു ആ നിമിഷത്തിനുവേണ്ടി…
യാ അള്ളാ…ഇപ്പോള്‍ ഞാന്‍ പുതിയൊരു സുഖം അനുഭവിക്കുന്നുണ്ട്…തിന്മയുടെ വയറസ് നിറഞ്ഞ് വികൃതമായ എന്റെ മനസ്സിനെ നിനക്ക് മുന്നില്‍ ഞാന്‍ സ്‌കാന്‍ ചെയ്‌തെടുത്തിരിക്കുന്നു…തിന്മയുടെ എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്തുകഴിഞ്ഞു…ഈ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഇനി നന്മ മാത്രം മതി…അള്ളാ…റീ ഫ്രഷിന്റെ ഈ സുഖം പറഞ്ഞറിയിക്കാനാവുന്നില്ല…
കനിവിന്റെ വാക്കുകള്‍കൊണ്ട് ഞാനിനി ഹൃദയത്തില്‍ പുതിയ ബ്ലോഗെഴുതും…ഈ നെറ്റ് വര്‍ക്ക് ഇനി അള്ളാഹുവിലേക്കാണ്….ചാറ്റ് റൂമിലെ ഹായ് പറച്ചിലിനപ്പുറം അല്‍ ഹംദുലില്ലാ പറഞ്ഞ് ഞാനെന്റെ മനസ്സിനെ സമ്പന്നമാക്കും….തസ്ബീഹുകള്‍ അപ്‌ലോഡ് ചെയ്ത് ഞാന്‍ പുണ്യങ്ങളുടെ കമന്റ് വാങ്ങും…എനിക്ക് അള്ളാഹുവിന്റെ ലൈക്കാണിഷ്ടം….

 

 

KCN

more recommended stories