കൊച്ചി മെട്രോ ഭൂവുടമകളില്‍ നിന്ന് ഭൂമി വാങ്ങാന്‍ ഒരുങ്ങുന്നു

metro

കൊച്ചി: സ്ഥലമെടുപ്പിലെ കാലതാമസം ഒഴിവാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഭൂവുടമകളില്‍ നിന്ന് നേരിട്ട് ഭൂമി വാങ്ങാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എം.ആര്‍.എല്‍. സമര്‍പ്പിച്ച പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നും കെ.എം.ആര്‍.എല്‍. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും അടൂര്‍ പ്രകാശിന്റെയും നേതൃത്വത്തില്‍ താമസിയാതെ മെട്രോ അവലോകന യോഗം ചേരും.

കൊച്ചി മെട്രോ പദ്ധതിക്കായി 80 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ശേഷിക്കുന്ന 20 ശതമാനം ഭൂമിയേറ്റെടുക്കല്‍ വൈകുന്നത് പദ്ധതിയെ കാര്യമായി ബാധിക്കുന്നുണ്ട്. നടപടിക്രമങ്ങളിലെ കാലതാമസമാണ് ഭൂമിയേറ്റെടുക്കല്‍ വൈകുന്നതിന് കാരണം. ഇത് ഒഴിവാക്കുന്നതിനാണ് ഭൂവുടമകളില്‍ നിന്ന് നേരിട്ട് ഭൂമി വാങ്ങാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഡല്‍ഹിയിലെ മെട്രോ പദ്ധതിക്കായി ഭൂവുടമകളില്‍ നിന്ന് നേരിട്ട് ഭൂമി വാങ്ങാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് (ഡി.എം.ആര്‍.സി.) സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അനുമതി കെ.എം.ആര്‍.എല്ലിനും ലഭ്യമായാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു.

ഈ സംവിധാനമനുസരിച്ച് സ്ഥലമേറ്റെടുക്കുന്നതിനുള്ള വില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയാണ് തീരുമാനിക്കുക. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. ഇതിന് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അംഗീകാരം തേടും. ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കെ.എം.ആര്‍.എല്ലാണ് നല്‍കുക. ഭൂമിയുടെ ഉടമസ്ഥാവകാശവും കെ.എം.ആര്‍.എല്ലിന്റെ പേരിലായിരിക്കും. ഇവര്‍ പിന്നീട് നിര്‍മാണത്തിനായി ഭൂമി ഡി.എം.ആര്‍.സി.ക്ക് കൈമാറും.

നഗരത്തില്‍ പലയിടത്തും മെട്രോയുടെ നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. കലൂര്‍ സ്റ്റേഡിയം മുതല്‍ നോര്‍ത്ത് വരെയുള്ള ഭാഗം, കളമശ്ശേരി എച്ച്.എം.ടി.ക്ക് സമീപം, വൈറ്റില സില്‍വര്‍ സാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ ഭരണാനുമതി പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മാണ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് കലൂര്‍ -നോര്‍ത്ത് മേഖലയും കളമശ്ശേരി എച്ച്.എം.ടി. പരിസരവുമെല്ലാം.

കെ.എം.ആര്‍.എല്ലിന് നേരിട്ട് ഭൂമി വാങ്ങാന്‍ അനുമതി ലഭ്യമാക്കിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ കുറയും.
ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെല്ലാം മന്ത്രിതല അവലോകന യോഗത്തില്‍ വിലയിരുത്തും.

KCN