സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും

supremecourt

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷനടക്കമുള്ളവര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിച്ചാണ് വിധി പുന:പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. നേരത്തേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു. സാധാരണയായി തിരുത്തല്‍ ഹര്‍ജികള്‍ ജഡ്ജിമാര്‍ ചേംബറില്‍ പരിഗണിച്ച് തീരുമാനമെടുക്കുകയാണ് പതിവ്. ഇതിനു പകരം തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

2012 മാര്‍ച്ചില്‍ വാദം പൂര്‍ത്തിയായ കേസില്‍ 21 മാസത്തിന് ശേഷമാണ് വിധി വന്നത്. ഇക്കാലയളവില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നുവെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ദേശായി പറഞ്ഞു. ഇത് വിധിയെഴുതിയ ജഡ്ജിമാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി, ആനന്ദ് ഗ്രോവര്‍ എന്നിവരും ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് വാദത്തില്‍ ആവശ്യപ്പെട്ടു. രണ്ടംഗബെഞ്ചിന് പകരം ഭരണഘടനാബെഞ്ച് ഇത്തരം ഹര്‍ജികള്‍ കേള്‍ക്കണമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം തന്നെയെന്ന് കഴിഞ്ഞകൊല്ലം ഡിസംബറിലാണ് സുപ്രീം കോടതി വിധിച്ചത്. ഈ കുറ്റത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. പാര്‍ലമെന്റ് തീരുമാനമെടുക്കുന്നതുവരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം ലൈംഗികബന്ധങ്ങളെ നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു.

ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതിവിധി റദ്ദുചെയ്താണ് സുപ്രീം കോടതിവിധി വന്നത്.

KCN

more recommended stories