ഇടതുകൈ നീ അറിയുന്നുണ്ടോ വലതുകൈ കൊടുക്കുന്നത്(?)

Gold king copyദാനം പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്. എവിടെയോ പട്ടിണികിടക്കുന്ന പാവങ്ങള്‍ക്കുമുന്നിലേക്ക് കനിവിന്റെ കരങ്ങളുമായി പാഞ്ഞുപോവുന്നത് മനസ്സിന്റെ ആര്‍ദ്രതയും അലിവുമാണ്…മേശപ്പുറത്ത് നിറയുന്ന വിഭവങ്ങളില്‍ നിന്ന് എന്ത് തെരഞ്ഞെടുക്കണമെന്നറിയാതെ ആശയകുഴപ്പത്തിലാകുമ്പോഴും ഒരു നേരം വയറുനിറയ്ക്കാന്‍ ഒന്നുമില്ലാത്തവനെക്കുറിച്ച് നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞുവെങ്കില്‍ അതൊരു നന്മയാണ്.

നോമ്പുകാലം ദാനധര്‍മ്മങ്ങളുടെ കാലമാണ്. ഒരു നന്മയ്ക്ക് പതിന്മാടങ്ങ് പ്രതിഫലം ലഭിക്കുന്ന പുണ്യകാലം. അതുകൊണ്ടുതന്നെ നാടും നഗരവും ഇപ്പോല്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ തിരക്കിലാണ്. സംഘങ്ങളും സംഘടനകളും ചേര്‍ന്ന് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ പാവങ്ങള്‍ക്കു പകര്‍ന്നുനല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. നോമ്പുകലാം മുഴുവന്‍ സന്തോഷത്തോടെ ഭക്ഷിച്ചുകഴിക്കാനുള്ളതത്രയും ഓരോ പാവപ്പെട്ടവന്റെ വീട്ടിലേക്കും എത്തുന്നുണ്ട്. അതിലുമേറെ ആഹ്ലാദം പകരുന്നകാര്യം റിലീഫ് വിതരണത്തിന്റെ ലിസ്റ്റ് തയാറാക്കുമ്പോള്‍ അതില്‍ മുസ്‌ലിംങ്ങള്‍ മാത്രമല്ല മറ്റു മതസ്ഥരേയും ഉള്‍പ്പെടുത്തുന്നുവെന്നുള്ളതാണ്. വിശപ്പിന് ജാതിയോ മതമോ ഇല്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ കനിവിന്റെ വാതില്‍ ഒന്നുകൂടി വിശാലമാകും. റിലീഫ് സാധനങ്ങള്‍ ഓഹരിവെക്കുമ്പോള്‍ അത് നാട്ടിലെ ഹിന്ദുക്കള്‍ക്കുകൂടി മാറ്റിവെക്കുന്ന കാഴ്ച മനോഹരവും മനസ് നിറയുന്നതുമാണ്.
ഉള്ളവന്‍ ഇല്ലാത്തവന്റെ അടുത്തുചെന്ന് ആരും ദരിദ്രരല്ലെന്ന് പറയുമ്പോള്‍ ലോകം സ്വര്‍ഗ്ഗം പോലെ സുന്ദരമാകുന്നു. നോമ്പ് അല്ലാത്തകാലത്തും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന എത്രയോ കൂട്ടായ്മകളുണ്ട്. കനിവിന്റെ വാതില്‍ അടയാതിരിക്കുന്നടുത്തോളം ഈ നാട് വികൃതമാകില്ല.
കൊടുത്തതുകൊണ്ട് ഒരാളുടെ ഖജനാവും കാലിയായിട്ടില്ല. ദാനധര്‍മ്മങ്ങള്‍ ആപത്തിനെ(ദുരന്തം) തടയുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
ഈസ നബി(അ)യുടെ കാലത്ത് ഒരു നാട്ടില്‍ ഒരു ക്രൂരനായ മനുഷ്യനുണ്ടായിരുന്നു. അയാളുടെ പരാക്രമങ്ങളില്‍പൊറുതിമുട്ടിയ ജനം ഈസ നബി(അ)യുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു. ഈസ നബി(അ) അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു. വിറക് ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന ആ മനുഷ്യന്‍ അടുത്ത ദിവസം വിറകിനുപോകുമ്പോള്‍ പാമ്പ് കടിച്ചു മരിക്കുമെന്ന് അള്ളാഹു ഈസ നബി(അ)യെ അറിയിച്ചു. എല്ലാവരും ആഹ്ലാദത്തിലായി. എന്നാല്‍ പറഞ്ഞ സമയവും കഴിഞ്ഞ് ഒത്തിരി മണിക്കൂറുകളും പിന്നിട്ടിട്ടും അയാള്‍ ജീവിച്ചിരിക്കുന്നു. ആളുകള്‍ക്ക് അല്‍ഭുതമായി. അവര്‍ വീണ്ടും ഈസനബി(അ)യുടെ അടുത്ത് ചെന്ന് ആശങ്ക ബോധിപ്പിച്ചു. ഉടന്‍ നബി അള്ളാഹുവിനോട് ചോദിച്ചപ്പോള്‍ അള്ളാഹു അറിയിച്ചു. അയാള്‍ മരിക്കുന്നതിന് മുമ്പ് വിറകിനായി പോകുമ്പോള്‍ വഴിയരികില്‍ വിശന്നുവലയുന്ന ഒരു പാവം മനുഷ്യനെ കണ്ടു. ക്രൂരനായ അയാളുടെ മനസ്സ് ഒരു നിമിഷത്തേക്ക് ആര്‍ദ്രമായി. കയ്യിലുണ്ടായിരുന്ന ഒരു റൊട്ടി കഷ്ണം വിശന്നുവലഞ്ഞ ആ മനുഷ്യന്റെ കയ്യിലിട്ടുകൊടുത്തു. ആ ഒറ്റക്കാരണത്താല്‍ അള്ളാഹു അയാളുടെ ആയുസ് നീട്ടികൊടുക്കുകയും അയാളെ സന്മാര്‍ഗ്ഗത്തിലേക്ക് എത്തിക്കുകയും ചെയ്തു.
000 000 000
ദാനധര്‍മ്മങ്ങളെ കടമയായി ഏറ്റെടുക്കുമ്പോഴും ചില ദിക്കിലെങ്കിലും അത് പബ്ലിസിറ്റിക്കുവേണ്ടി മാത്രമുള്ളതായി മാറിപ്പോവുന്നുണ്ടോ എന്ന് തോന്നിപ്പോകും. വലതുകൈകൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നാണ് മതം പഠിപ്പിക്കുന്ന പാഠം. പക്ഷെ, ദൈവം നല്‍കുന്ന പുണ്യത്തേക്കാള്‍ ചിലര്‍ക്ക് വലുത് പത്രത്തില്‍ വരുന്ന ഫോട്ടോസാണ്.
ഒരു കിലോ അരിയും ഒരു നുള്ള് പഞ്ചസാരയും നല്‍കാന്‍ മഹാപരിപാടി സംഘടിപ്പിക്കും. റിലീഫ് എന്ന പേരുനല്‍കി പാവങ്ങളെ അപമാനിക്കാനുള്ള ചടങ്ങാക്കി അതിനെമാറ്റും. വിശപ്പിന്റെ നിലവിളികള്‍ക്കിടയില്‍ നിവൃത്തിക്കേടുകൊണ്ടുമാത്രം ഓടിയെത്തുന്ന പാവങ്ങളെ പിടിച്ചുനിര്‍ത്തിയിട്ട് അരി നല്‍കുന്ന ഫോട്ടോ എടുക്കും. ഞങ്ങള്‍ വലിയ ദാനംനല്‍കുന്നവരും നീ ഒന്നിനും കൊള്ളാത്ത, വാങ്ങാന്‍ വിധിക്കപ്പെട്ടവനുമാണെന്ന് പറയാതെ പറയും. ആ ഫോട്ടോയിലൂടെ അതിനെ ലോകത്തിന് കാണിച്ചുകൊടുക്കും. ഫോട്ടോഗ്രാഫര്‍ എത്തിയില്ലെങ്കില്‍ മുടങ്ങിപ്പോവുന്നതാണ് നമ്മുടെ പല റിലീഫ് പ്രവര്‍ത്തനങ്ങളും(!) പ്രമുഖനായ ഒരാള്‍ അരി കൈമാറും, അയാള്‍ മാത്രമല്ല ഞങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞ് കുറേ എണ്ണം വേറെയുമുണ്ടാവും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍. എന്നിട്ട് വാര്‍ത്തയുമായി പത്ര ഓഫീസിലേക്ക് ഒരു ഓട്ടമാണ്. സുഹൃത്തെ പറഞ്ഞോട്ടെ…ന്യൂസ് ഡെസ്‌കിലിരിക്കുമ്പോള്‍ മുന്നിലേക്കെത്തുന്ന വാര്‍ത്തകളില്‍ ഏറ്റവും പുച്ഛം തോന്നുന്ന വാര്‍ത്ത സഹായിച്ചതിനെ ലോകത്തോട് വിളിച്ചുപറയാന്‍ വേണ്ടി നിങ്ങള്‍ കൊണ്ടുവരുന്ന വാര്‍ത്തകളാണ്. നിങ്ങളുടെ ബാപ്പയോ ഏതെങ്കിലും ബന്ധുവോ ആണ് അരിവാങ്ങുന്നതെങ്കില്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുമോ(?) പിന്നെന്തിന് ഗതികേടുകൊണ്ടുമാത്രം മുന്നിലെത്തുന്നവനെ ഇങ്ങനെ അപമാനിച്ചുപറഞ്ഞയക്കുന്നു. അയാള്‍ക്കും മക്കളുണ്ട്, അയാള്‍ക്കും ബന്ധുക്കളുണ്ട്. അയാള്‍ക്കും അഭിമാനബോധമുണ്ടെന്നോര്‍ക്കണം.
പത്രത്തില്‍ ഫോട്ടോ കൊടുത്താല്‍ അത് മാതൃകയാകുമെന്നാണ് ചിലരുടെ വിശദീകരണം. അങ്ങനെ ഒരു മാതൃക പകരണമെങ്കില്‍ വലതുകൈ നല്‍കുന്നത് ഇടതുകൈ അറിയരുതെന്ന് ഇസ്‌ലാം താക്കീതുനല്‍കുമായിരുന്നോ(?)
റിലീഫ് ഒരു ചടങ്ങും ആഘോഷവും മാത്രമായിപോവുകയാണോ നമുക്ക്
ചില സ്ഥലത്ത് പത്തു പതിനഞ്ചും വര്‍ഷം മുമ്പ് തയാറാക്കിയ അതേ ലിസ്റ്റിലാണ് ഇപ്പോഴും റിലീഫ് നല്‍കുന്നത്. അന്ന് ദരിദ്രമായിരുന്ന ആ വീട്ടിലെ കുട്ടി പഠിച്ച് പണികിട്ടി വീട് നോക്കാന്‍ തുടങ്ങിയിട്ടുണ്ടാവുന്നു, അവന്‍ ഗള്‍ഫിലെത്തി പണം വാരുന്നുണ്ടാവുന്നു. എന്നാല്‍ റിലീഫിന്റെ ഉത്തരവാദിത്വമുള്ളവര്‍ ഇതൊന്നും അറിയുന്നില്ല. ഒരു കടമപോലെ അവര്‍ അത് തുടരുകയാണ്. അപ്പോഴേക്കും അവിടെ പുതിയ ദരിദ്രര്‍ പിറവിയെടുത്തിട്ടുണ്ടാവും. അതൊന്നും ആരും അറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.
രണ്ട് ലോറി അരിയാണ് ഈ വര്‍ഷം നല്‍കുന്നതെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ് അതിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നവര്‍ ജീവിക്കുന്ന ഇതേ ഭൂമിയില്‍ നിശബ്ദമായി കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന എത്രയോ സംഘങ്ങളുണ്ട്. പ്രവാസികളുടെ കൂട്ടായ്മയാണ് ഇതില്‍ ഏറെയും. ആരും കടന്നുചെല്ലാത്ത ദിക്കില്‍, കഴിക്കാന്‍ കാര്യമായി ഒന്നുമില്ലാതെ കഴിയുന്ന പാവങ്ങളെതേടി അവര്‍ മലയും കുന്നും താണ്ടിപോകുന്നു. റമസാന്‍ തുടങ്ങും മുമ്പ് തന്നെ അവര്‍ ഒരു മാസത്തേക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും എത്തിച്ചുനല്‍കുന്നു. പബ്ലിസിറ്റിയോ ഫോട്ടോയോ ഇവര്‍ക്ക് ആവശ്യമില്ല. പക്ഷെ,, എന്നിട്ടും ഇത്തരം കൂട്ടായമകളുടെ എണ്ണം കൂടികൂടി വരികയാണ്.
അരികൊടുത്ത ഫോട്ടോയുമായി പത്ര ഓഫീസിലേക്ക് വന്ന യുവാവിനോട് പാവങ്ങളുടെ ഈ ദയനീയമുഖം പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നെ എന്തിനാപ്പ ഞങ്ങള്‍ കഷ്ടപ്പെടുന്നതെന്ന മറുപടിയുമായി അയാള്‍ ദോശ്യത്തോടെ നടന്നുനീങ്ങിയ രംഗം ഇപ്പോഴും മനസ്സിലുണ്ട്.
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറയെ തിന്നുന്നവന്‍ എന്റെ ആളല്ല…എന്ന പ്രവാചക സന്ദേശത്തില്‍ ദാനത്തിന്റെ എല്ലാ പ്രേരണയുമുണ്ട്. മാതൃകപകരാന്‍ നിങ്ങളുടെ ഫോട്ടോ ആവശ്യമില്ല. നിങ്ങളുടെ ആഗ്രഹത്തെ നിങ്ങളെന്തിനാണ് മതത്തോട് ചേര്‍ത്തുവായക്കുന്നത്.

 

KCN

more recommended stories