മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആയുര്‍വേദ മാര്‍ഗങ്ങള്‍

mazhakala rogangalരോഗപ്രതിരോധത്തിന് മഴക്കാലത്ത് ചുക്കോ ഏലക്കയോ ഇട്ട് തിളപ്പിച്ചാറിയ ജലം കുടിക്കുന്നത് ഗുണകരമാണെന്ന് ഡി എം ഒ (ആയുര്‍വ്വേദം) ഡോ വി സുരേഷ് അറിയിച്ചു. ചുക്കിട്ട് തിളപ്പിക്കുമ്പോള്‍ വെളളത്തിലെ ബാക്ടീരിയ, ഫംഗസ്, വൈറസ്, അമീബ തുടങ്ങിയ അണുക്കള്‍ നശിക്കും. ആഹാരദഹനത്തെ സഹായിക്കുന്നതുമാണ്. ഏലക്ക ചതച്ചിട്ട് വെളളം തിളപ്പിച്ചാലും ഇതേ ഗുണം തന്നെ ലഭിക്കും. മഴക്കാലത്ത് ഏഴോ, പതിനാലോ, ഇരുപത്തിയൊന്നോ ദിവസങ്ങളിലായി ഔഷധക്കഞ്ഞി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. പുതിയ കോശങ്ങള്‍ ആരോഗ്യത്തോടെ വളരുന്നതിന് ചെറുപയര്‍, വന്‍പയര്‍, കടല, കപ്പലണ്ടി, കശുവണ്ടി, ബദാം, ഉഴുന്ന് തുടങ്ങിയവയിലേതെങ്കിലുമോ മാറി മാറിയോ നിത്യവും ആഹാരത്തിലുള്‍പ്പെടുത്തണം.

രക്തത്തിന്റെ ക്ഷാരസ്വഭാവം നഷ്ടപ്പെടുന്നതാണ് രോഗാണുക്കള്‍ പെരുകുന്നതിനിടയാക്കുന്നതും രോഗകാരണമാകുന്നതും. രക്തത്തിന്റെ ക്ഷാരസ്വഭാവം നിലനിര്‍ത്തുന്നതിന് ഇലക്കറികള്‍ തോരനായോ, ഒഴിച്ചു കൂട്ടാനായോ, ചട്‌നിയായോ, ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചീരയില, മുരിങ്ങയില, തഴുതാമയില, കുടകനില, തകരയില, പയറിലകള്‍ തുടങ്ങിയവയെല്ലാം മാറി മാറി നിത്യവും ഉപയോഗിക്കണം. പത്തിലക്കറികള്‍ കേരളത്തിന്റെ പല ഭാഗത്തും ഒരനുഷ്ഠാനം പോലെ മഴക്കാലത്ത് ഉപയോഗിച്ച് വരുന്നുണ്ട്. ഇലകള്‍ സമൃദ്ധമായി ഉപയോഗിക്കുന്ന മൃഗങ്ങളെ കൊതുകുകള്‍ കടിച്ചിട്ടും ഡങ്കിപ്പനി, പകര്‍ച്ചപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പിടിപെടാത്തത് രക്തം ക്ഷാരസ്വഭാവമുളളതുകൊണ്ടായിരിക്കണം.
ബാക്ടീരിയ വളര്‍ച്ചയെ തടയുന്നതിനും അവയുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കുന്നതിനും വിറ്റാമിന്‍ സി ക്ക് കഴിയും. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. നെല്ലിക്ക ചട്‌നി, നെല്ലിക്കാ നീര് വെളളവും ചേര്‍ത്ത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതും മഴക്കാലരോഗ പ്രതിരോധത്തിന് സഹായകമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. രോഗാണുക്കളുണ്ടാക്കുന്ന വിഷാംശങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. വീട്ടില്‍ തന്നെ പൊടിച്ചെടുത്ത മഞ്ഞള്‍പൊടി കറികളില്‍ ചേര്‍ക്കുകയോ, കാല്‍ ഗ്ലാസ്സ് വെളളത്തില്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്ത് ദിവസത്തിലൊരു നേരമെങ്കിലും കഴിച്ചാല്‍ രോഗാണുക്കള്‍ നിര്‍വീര്യമാകും. ഇഞ്ചിനീരും ചെറുനാരങ്ങാ നീരും സമം ചേര്‍ത്ത് ആഹാരത്തിന് ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുന്നത് വയറിളക്കം, കോളറ എന്നിവ തടയാന്‍ കഴിയും. നല്ല പച്ചമോരും കാച്ചിയ മോരും ഇതേ ഗുണം ചെയ്യും. മഞ്ഞള്‍, ചുക്ക് എന്നിവ ചേര്‍ത്തുണ്ടാക്കിയ രജന്യാദി ചൂര്‍ണ്ണം, ഹരിദ്രഖണ്ഡം എന്നിവയും അശ്വഗന്ധ ചൂര്‍ണ്ണം, ത്രിഫലചൂര്‍ണ്ണം, വില്വാദി ഗുളിക, സുദര്‍ശനം ഗുളിക, ച്യവനപ്രാശം, അഗസ്ത്യരസായനം, ദശമൂലാരിഷ്ടം, വിപ്പല്യാസവം, ജീരകാരിഷ്ടം, അവിപത്തി ചൂര്‍ണ്ണം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

KCN

more recommended stories