ബ്രിട്ടന്‍ പുറത്തേക്ക് : യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീഷ് ജനതയുടെ തീരുമാനം

homstyle copyലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീഷ് ജനതയുടെ തീരുമാനം. 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയില്‍ 52 ശതമാനം വോട്ടര്‍മാര്‍ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനില്‍ നിലനില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടര്‍മാരാണ്.

രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലോക നേതാക്കളുടെയും സഖ്യരാഷ്ട്രങ്ങളുടെയും ആഹ്വാനം തള്ളിക്കളഞ്ഞാണ് ബ്രിട്ടീഷ് ജനത യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ യൂണിയനില്‍ നിലനിര്‍ത്താന്‍ പരമാവധി പരിശ്രമിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഹിതപരിശോധനാ ഫലം കനത്ത തിരിച്ചടിയായി. കാമറണിന്റെ രാഷ്ട്രീയ ഭാവിയെയും യൂണിയന്റെ നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. സ്‌കോട്ട്‌ലന്‍ഡ് ബ്രിട്ടന്റെ ഭാഗമായി തുടരുമോ എന്ന ചോദ്യവും വീണ്ടുമുയരും
ജനങ്ങളുടെ ഈ തീരുമാനം 43 വര്‍ഷമായി യൂറോപ്പിലെ മറ്റു 27 രാജ്യങ്ങളുമായി ബ്രിട്ടണ്‍ തുടര്‍ന്നുവന്ന രാഷ്ട്രീയ സാമ്പത്തിക സഖ്യത്തിന് അന്ത്യം കുറിക്കും. രണ്ടുവര്‍ഷം കൊണ്ട് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും

പിന്മാറല്‍ തീരുമാനത്തിനു മുന്‍തൂക്കം ലഭിച്ചപ്പോള്‍തന്നെ ഡോളറുമായി പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ വിനിമയ നിരക്ക് 1985നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. രൂപയുമായുള്ള വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞത് മലയാളികളെ ഉടന്‍ നേരിട്ടു ബാധിക്കും. ഇന്നലെ രാത്രി 100 രൂപയുണ്ടായിരുന്ന പൗണ്ട് റേറ്റ് ഇന്നു രാവിലെ കുത്തനെ കുറഞ്ഞ് 86 രൂപയിലെത്തി. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ഈ തീരുമാനത്തിന്റെ കൂടുതല്‍ പ്രതിഫലനങ്ങള്‍ ദൃശ്യമാകും.

4.64 കോടി വോട്ടര്‍മാരില്‍ 71.8 ശതമാനം പേരാണ് ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തിയത്. വിദഗ്ധരുടെ പ്രവചനങ്ങളും സര്‍വേഫലങ്ങളും തള്ളിക്കളഞ്ഞ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പിന്മാറല്‍ പക്ഷം മുന്നേറ്റം കുറിച്ചു. അനധികൃത കുടിയേറ്റത്തിനെതിരായ ശക്തമായ ജനവികാരമാണ് പിന്മാറല്‍ പക്ഷത്തിന് ഗുണകരമായത്. യൂണിയന്‍ വിടുന്നതുമൂലമുള്ള മറ്റ് തിരിച്ചടികളൊന്നും വോട്ടര്‍മാര്‍ കാര്യമാക്കിയില്ല.
ബ്രിട്ടന്റെ സ്വാതന്ത്ര്യദിനമാണിതെന്ന് യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് അഭിപ്രായപ്പെട്ടു. ഇരുപതു വര്‍ഷത്തിലേറെയായി ഈ ആവശ്യം ഉന്നയിക്കുന്ന നേതാവാണ് ഫെറാജ്. സാധാരണക്കാരന്റെ വിജയമാണിതെന്നും ജനങ്ങളുടെ തീരുമാനം ഉടന്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു

 

KCN

more recommended stories