കേരളത്തിന് ഓവറോള്‍ കിരീടം

പനാജി: അവസാനദിനം സ്വര്‍ണമഴ പെയ്യിച്ച കേരളത്തിന് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ കിരീടത്തിന്റെ സന്തോഷം. അവസാനദിനത്തില്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും പിടിച്ചെടുത്ത കേരളം 198 പോയന്റുകളോടെയാണ് ചാമ്പ്യന്‍പദവിയിലേക്ക് ഓടിക്കയറിയത്. മീറ്റില്‍ കേരളത്തിന്റെ മൊത്തം സമ്പാദ്യം 11 സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമാണ്. 151 പോയന്റുകളോടെ പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളം കിരീടം ചൂടിയപ്പോള്‍ 47 പോയന്റുകളോടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാമതായി. 115.5 പോയന്റുമായി ഉത്തര്‍പ്രദേശ് ഓവറോളില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 114 പോയന്റുള്ള ഹരിയാണയാണ് മൂന്നാം സ്ഥാനത്ത്.

ദേശീയ റെക്കോഡോടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ മെയ്‌മോന്‍ പൗലോസ്് മീറ്റിലെ മികച്ച താരമായി. ലോങ്ജംപിന് ശേഷം ട്രിപ്പിള്‍ജംപിലും സ്വര്‍ണമണിഞ്ഞ് ഡബിള്‍ തികച്ച ആതിരാ സുരേന്ദ്രനും കേരളത്തിന്റെ മിന്നുംതാരമായി. അവസാനദിനത്തില്‍ അഞ്ച് കി.മീ. നടത്തത്തില്‍ കെ.ടി. നീനയും പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണും മീറ്റ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 400 മീറ്റര്‍ ഹര്‍ഡില്‍സ്, പോള്‍വാള്‍ട്ട്, 800 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണവും വെള്ളിയും നേടാനായതും കേരളത്തിന്റെ വിജയത്തിന് മാറ്റുകൂട്ടി.

ട്രിപ്പിള്‍ജംപില്‍ 13.36 മീറ്റര്‍ ചാടിയാണ് തലശ്ശേരി സായി താരമായ ആതിര മീറ്റിലെ രണ്ടാം സ്വര്‍ണം നേടിയത്. അഞ്ച് കി.മീ. നടത്തത്തില്‍ മീറ്റ് റെക്കൊഡോടെ വിജയത്തിലേക്കെത്തിയ കെ.ടി. നീനയാണ് അവസാനദിനത്തില്‍ കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 24 മിനിറ്റ് 11.70 സെക്കന്‍ഡിലാണ് നീന ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മിനിറ്റ് 6.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്മൃതിമോള്‍ സി. രാജേന്ദ്രന്‍ സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന്റെതന്നെ ആര്‍. രാഖി ഒരു മിനിറ്റ് 6.86 സെക്കന്‍ഡില്‍ കുതിച്ചെത്തി വെള്ളി നേടി. 800 മീറ്ററില്‍ സി. ബബിത രണ്ട് മിനിറ്റ് 16.71 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടിയപ്പോള്‍ വെള്ളിയും വെങ്കലവും കേരളത്തിന്റെതന്നെ താരങ്ങള്‍ കൈക്കലാക്കി. തെരേസാ ജോസഫ് വെള്ളി നേടിയപ്പോള്‍ ഒലീവിയ ആന്‍ മരിയയാണ് വെങ്കലമെഡല്‍ നേട്ടത്തിലൂടെ 800 മീറ്ററില്‍ കേരളത്തിന് സമ്പൂര്‍ണ ജയം സമ്മാനിച്ചത്.

പുതിയ മീറ്റ് റെക്കോഡ് പിറന്ന പോള്‍വാള്‍ട്ടില്‍ 2.90 മീറ്റര്‍ മറികടന്നാണ് മരിയ ജെയ്‌സണ്‍ സ്വര്‍ണമണിഞ്ഞത്. 2.70 മീറ്റര്‍ ചാടി ഷാനി ഷാജി വെള്ളി നേടി. ഹെപ്റ്റാത്‌ലണില്‍ ഡൈബി സെബാസ്റ്റ്യന്‍ സ്വര്‍ണം നേടിയപ്പോള്‍ മെഡ്‌ലേ റിലേയിലായിരുന്നു കേരളത്തിന്റെ ഏഴാം സ്വര്‍ണം. 200 മീറ്ററില്‍ അഞ്ജലി ജോണ്‍സണും ഹെപ്റ്റാത്‌ലണില്‍ എന്‍.പി. സംഗീതയും സ്റ്റീപ്പിള്‍ചേസില്‍ പി. മഞ്ജുവും കേരളത്തിനുവേണ്ടി വെങ്കലം നേടി.

KCN

more recommended stories