‘ബഹിരാകാശയുദ്ധം’ ജയിച്ച് ജൂണോ; ശാസ്ത്രത്തിന് അഭിമാനനിമിഷം

jupitartഒരൊറ്റ സെക്കൻഡിലെ പാളിച്ച മതിയായിരുന്നു, 113 കോടിയിലേറെ ഡോളർ ചെലവിട്ടു തയാറാക്കിയ പദ്ധതിയും അഞ്ചു വർഷത്തെ കാത്തിരിപ്പും തകർന്നടിയാൻ. പക്ഷേ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നിന്നു ‘ജൂണോ’ പേടകം. സൗരയൂഥത്തിലെ ഭീമൻ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താനായി നാസ അഞ്ചു വർഷം മുൻപ് അയച്ച ബഹിരാകാശ പേടകം ‘ജൂണോ’ ഭ്രമണപഥത്തിലെത്തിയിരിക്കുന്നു. ജൂലൈ അഞ്ചിന് ഇന്ത്യൻ സമയം രാവിലെ ഒൻപതിനുശേഷമായിരുന്നു ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ നിർണായകനിമിഷം. അതും വ്യാഴത്തിൽ നിന്ന് അതീവവേഗതയിൽ തുടരെത്തുടരെ വന്നു കൊണ്ടിരിക്കുന്ന റേഡിയേഷൻ ‘വെടിയുണ്ടകളെ’ അതിജീവിച്ചു കൊണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ‘സ്പെയ്സ് ഈവന്റ്’ എന്നാണ് ഗവേഷകലോകം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. കാഴ്ചയിലേതു പോലെത്തന്നെ സ്വഭാവത്തിലും അതിഭീകരനാണ് വ്യാഴം. എല്ലാം അതിന്റെ ഏറ്റവും ശക്തവും കഠിനവുമായ അവസ്ഥയിലാണ് വ്യാഴത്തിലും അതിനു ചുറ്റിലുമുള്ളത്. സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയേഷൻ വരുന്നത് വ്യാഴത്തിൽ നിന്നാണ്. അതീവശക്തമായ കാന്തികമണ്ഡലമാണ് ഈ ഗ്രഹത്തിനു ചുറ്റിലും. സൂര്യനു ചുറ്റും വ്യാഴം കറങ്ങുന്നതും അപാരമായ വേഗതയിലാണ്. ‘ഉത്തേജകമരുന്നടിച്ച ഗ്രഹം’ എന്നാണ് ഗവേഷകർ തന്നെ വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ പ്രതിസന്ധികളേറെ മറികടന്നു വേണമായിരുന്നു ജൂണോയ്ക്ക് വ്യാഴത്തിനരികിലേക്കു കടക്കാൻ. അതിനാൽത്തന്നെ ‘ബഹിരാകാശയുദ്ധ’ത്തിനെന്ന വണ്ണം സജ്ജമാക്കിയ ഒരു ‘കവചിത ടാങ്കി’ൽ ആയിരുന്നു ജൂണോയുടെ നിര്‍ണായക ഭാഗങ്ങളെല്ലാം സൂക്ഷിച്ചിരുന്നത്. ഒരു എസ്‌യുവിയുടെ ബൂട്ട് സ്പെയ്സിനോളം പോന്ന ടൈറ്റാനിയം ചതുരപ്പെട്ടിയാണു സംഗതി. 0.8 സെന്റിമീറ്ററാണ് ഈ ടൈറ്റാനിയം ഭിത്തിയുടെ കനം. ജൂണോയുടെ മസ്തിഷ്കം എന്നറിയപ്പെടുന്ന ‘കമാൻഡ് ആൻഡ് ഡേറ്റ ഹാൻഡ്‌ലിങ് ബോക്സാ’ണ് ഇതിനകത്തു സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന ഭാഗം. പേടകത്തിനു പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി പകരുന്ന യൂണിറ്റും ഇതില്‍ത്തന്നെ. കൂടാതെ നിർണായകമായ 20 ഇലക്ട്രോണിക് ഭാഗങ്ങളുമുണ്ട് 200 കിലോഗ്രാം ഭാരമുള്ള ഈ ടൈറ്റാനിയം പെട്ടിയിൽ. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ വ്യാഴത്തിന്റെ അടുത്തെത്തിയതോടെ ഗ്രഹത്തിന്റെ അസാധാരണമായ ഭൂഗുരുത്വ‘വലി’ കാരണം ജൂണോ അതീവവേഗതയിലേക്ക് കുതിക്കുകയായിരുന്നു. അതോടെയാണ് ശാസ്ത്രത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ആ ‘ലാൻഡിങ്’ പ്രക്രിയക്ക് തുടക്കമായത്. ഭൂഗുരുത്വ‘വലിവി’ൽ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 1.50 ലക്ഷം മീറ്റർ(mph) എന്ന കണക്കിലായി. ആ വേഗതയുടെ പരമാവധിയായ മണിക്കൂറിൽ 1.65 ലക്ഷം മീറ്ററിലെത്തിയനതോടെ എൻജിൻ പ്രവർത്തനം ആരംഭിച്ചു. ഓർക്കണം, ഭൂമിക്ക് ചുറ്റും ഒരു തവണ ഒൻപത് മിനിറ്റുകൊണ്ട് കറങ്ങിയെത്താവുന്ന വേഗതയാണ് 1.65 ലക്ഷം എംപിഎച്ച്. 1600 കിലോഗ്രാമാണ് ജൂണോ പേടകത്തിന്റെ മാത്രം ഭാരം. ‌അതുമായുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാൻ 35 മിനിറ്റു നേരമാണ് എൻജിൻ ജ്വലിപ്പിച്ചത്. ഈ ബ്രിട്ടിഷ് നിർമിത എൻജിൻ 7,900 കിലോഗ്രാം ഇന്ധനമായിരിക്കും ആ അരമണിക്കൂർ നേരം കൊണ്ട് കത്തിച്ചു തീർക്കുക. അതോടെ പതിയെപ്പതിയെ ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജൂണോയുടെ പ്രധാന ആന്റിന ഈ സമയത്ത് ഭൂമിയുടെ നേരെയായിരിക്കില്ല. പക്ഷേ ഏതുപ്രതിബന്ധത്തെയും കൂസാതെ പ്രവർത്തിക്കുന്ന പേടകത്തിന്റെ ലോ-ഗെയിൻ ആന്റിന(എൽജിഎ)യിൽ നിന്നുള്ള ചെറുസിഗ്നൽ അഥവാ ഒരു ബീപ് ശബ്ദം ഭൂമിയിലെത്തി. അതോടെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഗവേഷകർക്ക് അത്യാഹ്ലാദനിമിഷം. ശാസ്ത്രലോകം കൈയടികളോടെ ആ കാഴ്ച കണ്ടു. ഫെയ്സ്ബുക്കിൽ ഇന്നലെ രാത്രി മുതൽ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗ് #JunoJupiter നിമിഷങ്ങൾക്കകം വൈറലായിരിക്കുന്നു. അതെ, ജൂണോ വ്യാഴത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഭ്രമണം ചെയ്തു തുടങ്ങിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ ഭൂമിയിലേക്കെത്തുന്ന ഓരോ വിവരവും ബഹിരാകാശ ശാസ്ത്രത്തിന്റെ ഏടുകളിൽ ഓരോ പുത്തൻ അധ്യായങ്ങളായിരിക്കും എഴുതിച്ചേർക്കുക.

KCN

more recommended stories