കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്

kashmirഇസ്‍ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക്ക് അധീന കശ്മീരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ പിഎംഎൽ–എൻ ജയിച്ചതിനു ശേഷം മുസഫറാബാദിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഷെരീഫ്. മേയിൽ ലണ്ടനിൽ ഹൃദയശസ്ത്രക്രിയ നടത്തിയതിനു ശേഷം ആദ്യമായാണ് ഷെരീഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനായി കശ്മീരിൽ ജീവൻ ത്യജിച്ചവരെ മറക്കരുതെന്നു പറഞ്ഞ ഷെരീഫ്, അവിടെയുള്ളവരുടെ പോരാട്ടം ജയത്തിലെത്താതെ ആർക്കും തടയാൻ കഴിയില്ലെന്നും പറഞ്ഞു. എങ്ങനെയാണ് അവരെ മർദിക്കുകയും കൊല്ലുകയും ചെയ്തതെന്ന് നിങ്ങൾക്ക് അറിയാം. നമ്മുടെയെല്ലാം പ്രാർഥന അവർക്കൊപ്പമാണ്. കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നമ്മളെന്നും ഷെരീഫ് പറഞ്ഞതായി പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. 41 നിയമസഭാ സീറ്റിലേക്കാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. ഫലം ഔദ്യോഗികമായി വന്നില്ലെങ്കിലും പിഎംഎൽ–എൻ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചുവെന്നാണ് റിപ്പോർട്ട്. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്ന് ഷെരീഫ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പും ഇന്ത്യ നൽകിയിരുന്നു.

KCN

more recommended stories