കാണാതായ മലയാളികളുമായി അർഷി ഖുറേഷി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ കണ്ടെത്തി

algureshiകൊച്ചി∙ മലയാളി ദമ്പതികൾ അടക്കമുള്ളവരെ ഭീകരസംഘടനയ്ക്കു വേണ്ടി വിദേശത്തേക്കു കടത്തിയെന്ന കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശി അർഷി ഖുറേഷിയും കൂട്ടാളികളും വിദേശത്തുള്ള ആറു യുവാക്കളുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. യുവാക്കളെ മതംമാറാൻ സഹായിച്ചതല്ലാതെ അവരെ വിദേശത്തേക്കു കടത്തിയതിൽ പങ്കില്ലെന്നാണ് അർഷിയുടെ ഇതുവരെയുള്ള മൊഴികൾ. കൊച്ചി സ്വദേശി മെറിന്റെ(മറിയം) ഭർത്താവ് പാലക്കാട് സ്വദേശി യഹിയ (ബെസ്റ്റിൻ വിൻസെന്റ്), കാസർകോട് സ്വദേശികളായ റാഷിദ് അബ്ദുല്ല, അഷ്ഫാക്ക്, ഇജാസ്, ഷിഹാസ്, ഹഫിസുദ്ദീൻ എന്നിവരുമായാണു അർഷി ഫോണിൽ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് ഇവർ ടെഹ്റാനിലെത്തിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. അവിടെനിന്നു ചിലർ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും സൂചന ലഭിച്ചിരുന്നു. വിദേശത്തേക്കു കടന്നവർ അർഷിയെ വിളിച്ചതു മനുഷ്യക്കടത്തിനു പിന്നിൽ ഇയാൾക്കുള്ള പങ്കു വ്യക്തമാക്കുന്നതാണെന്നു പൊലീസ് പറഞ്ഞു. വിദേശത്തെത്തിയ മലയാളി യുവാക്കൾക്ക് അയച്ച സന്ദേശങ്ങളിലെ ദേശവിരുദ്ധ സ്വഭാവവും പൊലീസ് കണ്ടെത്തി. ഇന്ത്യയോടു യുദ്ധം ചെയ്യാനുള്ള തയാറെടുപ്പിനായി വിദേശത്തേക്കു വരാൻ കൂടുതൽ യുവാക്കളെ ആഹ്വാനം ചെയ്യുന്നതാണ് അർഷിയും കൂട്ടാളികളും അയക്കുന്ന സന്ദേശങ്ങളെന്നു പൊലീസ് പറയുന്നു. എന്നാൽ വിദേശത്തേക്കു കടത്തിയ മലയാളി യുവാക്കളെ താമസിപ്പിച്ചിരിക്കുന്ന രഹസ്യ സങ്കേതം സംബന്ധിച്ച വിവരങ്ങൾ കസ്റ്റഡിയിലുള്ള അർഷി ഖുറേഷിയും റിസ്‌വാൻ ഖാനും ഇതുവരെ വെളിപ്പെടുത്തിയട്ടില്ല. അർഷിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഈ മാസം 18 വരെ കോടതി നീട്ടിയതോടെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

KCN

more recommended stories