കഥ ‘പേരില്ലാത്തവരുടെ പൊരുളുകള്‍’

milano copyനാട് നന്നാക്കാന്‍ കച്ചകെട്ടിയ രാജാവ് ഭരണപരിഷ്‌ക്കരണ സമിതി വിളിച്ച് ചേര്‍ത്ത് തികച്ചും നൂതനമായ മൂന്ന് പൊളിച്ചെഴുത്തുകളുടെ പൊരുള്‍ അവതരിപ്പിച്ചു.
സമിതിയിലെ മൂന്നില്‍ രണ്ട് വോട്ട് കിട്ടിയ രാജ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. രണ്ട് നാള്‍ കഴിഞ്ഞ് പൊതുഭരണ വകുപ്പിന്റെ ഉത്തരവായി മാധ്യമങ്ങളില്‍ നിറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ പഴുതിലൂടെ ചില വിരുതന്മാര്‍ പരിഷ്‌ക്കരണ നിര്‍ദ്ദേശത്തിന്റെ അകവും പുറവും പരിശോധിച്ച് അന്തിച്ചര്‍ച്ചകളിലും ഇടംവലം എഴുത്തുകളിലും രാജ നിര്‍ദ്ദേശങ്ങളെ തകിടം മറിക്കാന്‍ ശ്രമിക്കുകയും
ഊളകളായ പ്രതിപക്ഷവും ഊളകളില്‍ ഊളകളായ മറ്റ് ഛിദ്രശക്തികളും
ഹജൂര്‍ക്കച്ചേരിക്കു മുന്നില്‍ കോലം കത്തിക്കുകയും പെട്രോള്‍
ബോംബെറിഞ്ഞ് രാജ കിങ്കരന്മാരെ ഭയപ്പെടുത്തുകയും ചെയ്തു. എങ്കിലും ജനായത്ത നാട്ടിലെ നടപ്പനുസരിച്ച്
രാജ തിട്ടൂരം നാട്ടില്‍ നടപ്പായി.

ഒന്നാം ഭരണ പരിഷ്‌ക്കരണം.

ഇനിമുതല്‍ മനുഷ്യന്‍ എടനും എടിയും മാത്രമാകും. പേരില്ല.
രാജാവ് ഇനിമുതല്‍ കൊട്ടാരത്തില്‍ എടനും ധര്‍മ്മപത്‌നി കൊട്ടാരത്തില്‍ എടിയും മാത്രമാകും. മന്ത്രിക്കും എടന്‍ എന്ന് തന്നെയാകും വിളിപ്പേര്. പരിഷ്‌ക്കാരം
ഉച്ചിമുതല്‍ കാല്‍ നഖം വരെ എന്ന കണക്കില്‍ നടപ്പിലാക്കുന്നത് കണ്ടും കേട്ടും അറിഞ്ഞ ഒരു നടി സ്വന്തം പേരിന്റെ വാലൊരിക്കല്‍ വെട്ടിക്കളഞ്ഞത് വീണ്ടും വെട്ടി വെറും എടിയായി പരിണമിച്ച് രാജാവിനും ജനായത്ത തീരുമാനത്തിനും പിന്തുണ അറിയിച്ചു.
അങ്ങനെ നാട്ടില്‍ എടനും എടിമാരും നിറഞ്ഞു. തിരച്ചറിയല്‍ പ്രശ്‌നം പരിഹരിഹരിക്കാന്‍ താഴത്തങ്ങാടി ഒന്നാം വീട്ടില്‍ എടന്‍ എന്നും എടി എന്നും എടനും എടിക്കും തിരിച്ചറിയല്‍ കാര്‍ഡില്‍ വിശദീകരണം നല്‍കി . പുതിയ തിരിച്ചറിയല്‍ കാര്‍ഡിലും പാസ് പോര്‍ട്ടിലും എന്റെ പേര് ഇങ്ങനെയാണ് വായിക്കാനായത്. വാളാത്തിക്കരി രണ്ടാം വീട്ടില്‍ അനിയന്‍ എടന്‍. കല്ലറയ്ക്കല്‍ എടന്‍ മാണിമൂലയില്‍ എടി. കൊട്ടാരത്തില്‍ ഒന്നാം എടന്‍. കൊട്ടാരത്തില്‍ രണ്ടാം എടന്‍. എന്നിങ്ങനെ നാട്ടിലും അരമനയിലും എടനും എടിയും സസന്തോഷം തൊട്ടുരുമി നടക്കാന്‍ തുടങ്ങി.

പേരിലൂടുള്ള പൊല്ലാപ്പുകളും വിഭജനങ്ങളും അങ്ങനെ രാജ്യത്ത് നിന്ന് നിഷ്‌ക്രമിച്ചപ്പോള്‍ രാജാവ് രാണ്ടാം പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു നടപ്പിലാക്കി. ജാനായത്ത ഭരണക്രമത്തില്‍ അങ്ങനെയാണല്ലോ കാര്യങ്ങള്‍ നടപ്പിലാക്കുക എല്ലാം ഒന്നിച്ച് നടപ്പിലാക്കിക്കഴിഞ്ഞാല്‍ ജനായത്തം തന്നെ ഉന്മൂലനം ചെയ്യപ്പെടും ,

രണ്ടാം ഭരണ പരിഷ്‌ക്കരണം.

ജനായത്ത നാട്ടില്‍ എടനും എടിയും സസുഖം വാണരുളുന്നതിന് തടസ്സം നില്‍ക്കുന്ന എല്ലാ മതദൈവ കേന്ദ്രങ്ങളും അടച്ചു പൂട്ടുകയും പകരം എല്ലാ ദേവാലയങ്ങളിലും വിവേചനങ്ങളില്ലാതെ എടന്മാര്‍ക്കും എടിമാര്‍ക്കും പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും പ്രഖ്യാപിച്ചു കൊണ്ടാണ് രണ്ടാം ഭരണ പരിഷ്‌ക്കരണം നടിപ്പിലാക്കപ്പെട്ടത്.
ഇല്ലാത്ത ദൈവത്തെ വിറ്റ് വിശപ്പടക്കുന്നവരും ദൈവത്തിന്റെ പേരില്‍ കൊന്നും തിന്നും വിരാജിക്കുന്നവരും നിയമത്തെ കരിനിയമമെന്ന് വിളിച്ച് ആക്ഷേപിക്കുകയും ഭക്തി ഭ്രാന്ത് പ്രചരിപ്പിച്ച് എടിന്മാരെയും എടിമാരെയും ജനായത്തത്തിനെതിരെ ഇളക്കിവിടാനും പരിശ്രമിച്ചു. എന്നാല്‍ പേരിന്റെ പൊല്ലാപ്പൊഴിഞ്ഞ സന്തോഷമുള്ള നാടായ നാട്ടിലെ എല്ലാ എടന്മാരും എടിമാരും പരിഷ്‌ക്കരണം അംഗീകരിക്കുകയാണ് ഉണ്ടായത്.
ദേവാലയങ്ങളിലെല്ലാം എടന്മാരുടെയും എടിമാരുടെയും തിരക്ക് അനുഭവപ്പെട്ടു. എല്ലാവര്‍ക്കും ദൈവത്തോട് നേരിട്ട് സംസാരിക്കാമെന്നായി. ഇടനിലക്കാരുടെയും മതത്തിന്റെയും തട്ടിപ്പ് നാട്ടില്‍ അതോടെ അവസാനിച്ചു.
അങ്ങനെ നാട് പേരിനും മത്തതിനും അതീതമായി മുന്നോട്ട് പോയപ്പോള്‍
മൂന്നാം പരിഷ്‌ക്കരണം നടപ്പിലാക്കപ്പെട്ടു.

മൂന്നാം ഭരണ പരിഷ്‌ക്കരണം

എടനും എടിക്കും തുല്യ
നീതിയും തുല്യതയും നല്‍കുന്നതായിരുന്നു
മൂന്നാം ഭരണ പരിഷ്‌ക്കരണം. എടനും എടിയും പരസ്പരം ചതിക്കരുത്. വഞ്ചിക്കരുത്. പ്രണയിച്ച് ചതിച്ചാല്‍ കൊലപാതകം പോലെ മാരകമായി കണക്കാക്കപ്പെടും.
എടനും എടിക്കും സര്‍വ സ്വാതന്ത്ര്യവും ഉണ്ടാകും.
രണ്ട് പരസ്യങ്ങള്‍ക്കും പുതിയ പരിഷ്‌ക്കരണം വിലക്കേര്‍പ്പെടുത്തി.
ഒന്ന് വിശ്വാസം അതാണ് എല്ലാം എന്ന് പറഞ്ഞ് എടനെ പരിഹസിക്കുന്ന പരസ്യത്തിനും അനുഭവം ആണെല്ലാം എന്ന് പറഞ്ഞ് എടിയെ പരിഹസിക്കുന്ന പരസ്യത്തിനുമാണ് ജനായത്തം വിലക്കേര്‍പ്പെടുത്തിയത്.

അങ്ങനെ പേരില്ലാതെ. മതമില്ലാതെ. പരസ്പര വിശ്വാസത്തോടെ വഞ്ചനയില്ലാതെ ജനായത്ത് നാട്
വച്ചടി വച്ചടി മുന്നോട്ട് പ്രയാണം ചെയ്യുന്ന കാലത്താണ്

അരികു കത്തിയ തലച്ചോറുള്ള ചില
ഗൂണ്ടകള്‍ ളോഹയിട്ടും കാവി ഉടുത്തും തൊപ്പിവച്ചും നാട്ടിലേക്ക്
കുടിയേറിയത്. അവര്‍ ജനായത്ത ഭരണത്തെ അട്ടിമറിച്ച്
പേരില്ലാത്തവരെ പേരിന്റെ വേലിക്കെട്ടിലാക്കിയും മതമില്ലാത്തവരെ മതത്തിന്റെ തടവറയിലാക്കി ഭ്രാന്തന്മാരുമാക്കി.
പൊരുളറിഞ്ഞു ഭരിച്ച
കൊട്ടാരത്തിലെടനെ
ഹൃദയം വെന്ത ഗൂണ്ടകള്‍
തുറങ്കിലടച്ചോ തൂക്കികൊന്നോ കുരിശിലേറ്റിയോ . എന്നറിയാനുള്ള അന്വേഷണത്തിലാണ് ഈ എടനും.

ജോയ് തമലം

 

KCN

more recommended stories