ഐഫോണ്‍ 7 സെപ്തംബര്‍ 7ന് കാണാമെന്ന് ആപ്പിളിന്റെ ക്ഷണക്കത്ത്

multi max copyസെപ്റ്റംബര്‍ 7ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് ആഗോള മാധ്യമങ്ങളെ അടക്കം ക്ഷണിച്ചിരിക്കുകയാണ് ആപ്പിള്‍. പുതിയ ഐഫോണിന്റെയും ആപ്പിള്‍ വാച്ചിന്റെയും പ്രഖ്യാപനമാണ് ആപ്പിള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനകള്‍ വീണ്ടും ശക്തമാവുകയാണ്.

ആപ്പിള്‍ ഔദ്യോഗികമായി ഉത്പന്നങ്ങളുടെ പ്രഖ്യാപനത്തെ കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും, പുതിയ ഐഫോണിനെ സംബന്ധിച്ച വിവരങ്ങള്‍ ഇത്തവണ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ഐഫോണ്‍ 6s ലും 6s Plus ലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അപ്‌ഡേറ്റ് മാത്രമായിരിക്കും സെപ്റ്റംബര്‍ 7 ന് അവതരിപ്പിക്കുക എന്നും ഒരു വിഭാഗം വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 2017 ല്‍ മാത്രമെ, പുതിയ ഐഫോണിനെ ആപ്പിള്‍ അവതരിപ്പിക്കുകയുള്ളു എന്നുള്ള വാദവും ശക്തമാണ്.

ബ്ലൂംബര്‍ഗ്‌സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രോസസ്സിങ്ങ് ചിപ്പിലും, ക്യാമറയിലും, ബാറ്ററിയിലും വിപ്ലവകരമായ മാറ്റങ്ങളോടെയാണ് പുതിയ ഐഫോണിനെ ആപ്പിള്‍ അവതരിപ്പിക്കുക. കൂടാതെ, ഐഫോണിന്റെ ഹൈഇന്റ് വേര്‍ഷനില്‍ ഇത്തവണ രണ്ട് സെക്കണ്ടറി ക്യാമറകളെയാണ് ആപ്പിള്‍ നിര്‍വചിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ സാധൂകരിക്കും വിധം പുതിയ ഐഫോണ്‍ ചിത്രങ്ങളും ടെക്ക് ലോകത്ത് പ്രചരിക്കുന്നുണ്ട്.

ഹെഡ് ഫോണ്‍ ജാക്കുകളെയും ഇത്തവണ ആപ്പിള്‍ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ, വയര്‍ലെസ് ഹെഡ് ഫോണുകളോട് കൂടിയുള്ള ഐഫോണിനൊപ്പം രണ്ട് ഓഡിയോ സ്പീക്കറുകളും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇത് എത്രമാത്രം ഉപയോക്താക്കളില്‍ സ്വാധീനം ചെലുത്തുമെന്നത് സംശയകരമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയക് ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യുവിന് നല്‍കിയ അഭിമുഖത്തില്‍ ഹെഡ് ഫോണ്‍ ജാക്കിന്മേലുള്ള ആപ്പിളിന്റെ പരീക്ഷണത്തെ സൂചിപ്പിച്ചിരുന്നു. വയര്‍ലെസ് ഹെഡ്‌ഫോണിലൂടെ മികച്ച ശബ്ദാനുഭവം ലഭിക്കുന്നത് വരെ മാത്രമെ, ഹെഡ്‌ഫോണ്‍ ജാക്കിന് ഐഫോണില്‍ സ്ഥാനമുണ്ടാവുകയുള്ളു എന്ന് സ്റ്റീവ് വോസ്‌നിയക് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഐഫോണിന്റെ പ്രഖ്യാപനം വിപണിയില്‍ ചലനം സൃഷ്ടിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയുമ്പോള്‍ 2015 ല്‍ ആപ്പിളിന്റെ വിപണി ഇടിഞ്ഞിരുന്നു.

 

KCN

more recommended stories