കാത്തിരിപ്പിന് അറുതിയാവുന്നു. പൈനിക്കര പാലം പണി ഉടന്‍ തുടങ്ങും

palam-copyരാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച നിലവിലെ പാലം പൊളിച്ചുനീക്കി ഇതേ സ്ഥലത്ത് രണ്ട് മീറ്റര്‍ ഉയരം കൂട്ടിയാണ് പുതിയ പാലം നിര്‍മ്മിക്കുക. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി. രണ്ടാഴ്ച്ചക്കകം പണി ആരംഭിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എന്‍ജീനിയര്‍ അനില്‍ കുമാര്‍, ഓവര്‍സിയര്‍ മധു എന്നിവര്‍ സര്‍വേ നടപടികള്‍ക്ക് നേതൃത്യം നല്‍കി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എം. സൈമണ്‍, പി.ഗീത, പഞ്ചായത്തംഗങ്ങളായ സി. രേഖ, സെന്റി മോന്‍മാത്യു, വി.കുഞ്ഞിക്കണ്ണന്‍, കെ.എ.പ്രഭാകരന്‍, ബാബു കദളിമറ്റം, രത്‌നാകരന്‍ കൊട്ടോടി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. വീതി കുറഞ്ഞ പൈനിക്കര പാലത്തിലൂടെയുള്ള യാത്രാദുരിതത്തെ കുറിച്ച് മാതൃഭുമി കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. കൂടാതെ നിരവധി സംഘടനകളും പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്വപ്പെട്ട് സമരങ്ങളും നടത്തിയിരുന്നു. കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് യാത്രയ്ക്കും വ്യാപാര അവിശ്യത്തിനുമായ് നിര്‍മ്മിച്ച അഞ്ചു പാലങ്ങളില്‍ ഒടയംചാല്‍, ചുള്ളിക്കര, മുണ്ടോട്ട് പാലങ്ങളുടെ പുനര്‍നിര്‍മ്മാണം വര്‍ഷങ്ങള്‍ക്കു മുന്‍പ്തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കള്ളാര്‍ പാലത്തിന്റെ പണി കഴിഞ്ഞ വര്‍ഷവും പൂര്‍ത്തിയാക്കി. പൈനിക്കര പാലവും പൊളിച്ചുനീക്കി പുതിയ പാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും.

 

KCN

more recommended stories