സ്മാര്‍ട്ട്ഫോണ്‍ വിപണി: ആദ്യ അഞ്ചില്‍ നാലും ചൈനീസ് കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യം. 2016ലെ അവസാന പാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നാല് ചൈനീസ് കമ്പനികളാണുള്ളത്. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയതോടെ ആദ്യ അഞ്ചില്‍നിന്ന് ഇന്ത്യന്‍ കമ്പനികള്‍ പിന്തള്ളപ്പെട്ടു. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി പോലും ടോപ് 5ല്‍ ഇടംപിടിക്കാതെ പോകുന്നത്. വിപണിയുടെ നാലിലൊന്ന് വിഹിതവുമായാണ് 2016 അവസാന പാദത്തില്‍ സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. വില്‍പനയില്‍ 25.1 ശതമാനമാണ് സാംസങ് നേടിയത്. 10.7 ശതമാനവുമായി ഷവോമിയാണ് രണ്ടാംസ്ഥാനത്ത്. 9.9 ശതമാനം വിപണി വിഹിതവുമായി ലെനോവോ തൊട്ടുപിന്നിലുണ്ട്. ഓപ്പോ (8.6%), വിവോ (7.6%) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു കമ്പനികള്‍. ചൈനീസ് കമ്പനികളില്‍ ലെനോവോ മാത്രമാണ് മുന്‍പാദത്തെ അപേക്ഷിച്ച് വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയത്. ജിയോ ഉള്‍പ്പെടെയുള്ള കണക്ഷനുകളുടെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 4ജിയിലേക്ക് മാറിയപ്പോള്‍ 3ജി ഫോണുകളില്‍ കുടുങ്ങിയതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ പ്രധാനകാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു.

KCN

more recommended stories