എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി: ഈ മാസം 30ന് വീണ്ടും പരീക്ഷ

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം-30 ാം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും കണക്ക് പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്. 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ 31 ലേക്ക് മാറ്റി.

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 13 ചോദ്യങ്ങളാണ് ഇങ്ങനെ എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലും ട്യൂഷന്‍ സെന്ററിന് മുന്‍കൂട്ടി നല്‍കിയ ചോദ്യാവലിയിലും ഒരുപോലെ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നസ്ഥിതിക്ക് പുന:പരീക്ഷ നടത്താതിരുന്നാല്‍ കേസുമായി കോടതിയില്‍ ആരെങ്കിലും എത്തിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുന:പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്ത അധ്യാപകനെതിരെ നടപടിയുണ്ടാകും. ചോദ്യം ചോര്‍ന്നത് അന്വേഷിക്കാന്‍ ഉന്നതതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലിലായ അധ്യാപകന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ പഠിച്ച 38 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടി. വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയതിന് നല്‍കിയ സ്വീകരണത്തില്‍ ഈ അധ്യാപകനും സ്വീകരണം നല്‍കുകയുണ്ടായി. ഒരാഴ്ച സമയം പോലും മുന്നിലില്ലാതിരിക്കെ പുതിയ ചോദ്യപേപ്പര്‍ തയാറാക്കി അടിയന്തരമായി വീണ്ടും അച്ചടിച്ച് എല്ലാ പരീക്ഷ സെന്ററിലും എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

KCN

more recommended stories