ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ലൈസന്‍സ് പുതുക്കുന്നതിനും ആധാര്‍ ബാധകമാണ്.ഒരാള്‍ ഒന്നിലേറെ ലൈസന്‍സ് സ്വന്തമാക്കുക തടയുക,ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് തടയുക, വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മ്മിക്കുന്നത് തടയുക എന്നിവയാണ് പുതിയ ശ്രമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധാറിലെ ബയോമെട്രിക് സംവിധാനം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തടയിടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമം.

ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ ആര്‍ടി ഓഫീസുകളില്‍ ശേഖരിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ഇതിനായി ആദ്യം ചെയ്യുന്നതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. സാരഥി എന്ന പേരിലുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ ഡാറ്റാബേസ് എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും ലഭ്യമാക്കും. ഒരാള്‍ ഒന്നിലേറെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൈവശമാക്കിയിട്ടുണ്ടോ എന്ന് ഇതിലൂടെ മനസിലാക്കാനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ഡ് കോപ്പി രജിസ്റ്ററുകളിലെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തിവരികയാണ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വ്യാജ ലൈസന്‍സുകള്‍ക്ക് അന്ത്യമാകുമെന്നും റോഡ് ഗതാഗത മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. 18 കോടി ലൈസന്‍സുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നാണ് ഔദ്യോഗിക രേഖകള്‍ കാണിക്കുന്നത്.

KCN

more recommended stories