രാജ്യസേവനത്തിനായി ഡിജിറ്റല്‍ ഇടപാടില്‍ പങ്കാളികളാകൂ: മോദി

ന്യൂഡല്‍ഹി:രാജ്യസേവനത്തിനായി ഡിജിറ്റല്‍ പണമിടപാടില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.പുതു ഇന്ത്യ എന്നത് ഒരു സര്‍ക്കാര്‍ പദ്ധതിയോ രാഷ്ട്രീയ വിഷയമോ അല്ല. നോട്ട് നിരോധനം പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള സുപ്രധാന ചുവടാണെന്നും മോദി പറഞ്ഞു. സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകളര്‍പ്പിച്ചാണ് പ്രധാനമന്ത്രി മന്‍ കി ബാത് ആരംഭിച്ചത്. ഇന്ത്യ ബംഗ്ലാദേശിലെ ജനതയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചമ്പാരന്‍ സത്യാഗ്രഹമാണ് മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ വ്യക്തിത്വവും നമുക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണ് എന്ന് കാട്ടിത്തന്നത്. ഭഗത് സിങ്ങും, സുഖ്‌ദേവും രാജ്ഗുരുവും മരണത്തെ ഭയപ്പെട്ടിരുന്നില്ല. അവര് ജീവിച്ചതും മരിച്ചതും രാജ്യത്തിന് വേണ്ടിയാണ്. അവര്‍ ഇന്നും രാജ്യത്തിന് പ്രചോദനമാണ്.

ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായി 100 ഡിജിധന്‍ മേളകള്‍ സംഘടിപ്പിക്കും. ഡെറാഡൂണില്‍ നിന്ന് ഗായത്രി എന്ന 11 ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സന്ദേശം ലഭിച്ചിരുന്നു. നദികള്‍ മലിനമാകുന്നതില്‍ രോഷാകുലയായിരുന്നു ആ കുട്ടി. കേവലം രോഷം പ്രകടിപ്പിക്കുക മാത്രമല്ല അതിനെതിരെ പ്രതികരിക്കാനും ആ കുട്ടി തയാറായി.അഴിമതിയേയും കള്ളപ്പണത്തേയും ജനങ്ങള്‍ തിരസ്‌കരിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു

KCN