ശശീന്ദ്രന്റെ രാജി; ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും

തിരുവനന്തപുരം: ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകില്ല എന്ന സൂചന നല്‍കി ശശീന്ദ്രന് ചുമതലയുണ്ടായിരുന്ന ഗതാഗതവകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി കൈകാര്യം ചെയ്യും. എന്‍.സി.പിയുടെ അവശേഷിക്കുന്ന എം.എല്‍.എ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.ഐ.എം നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിയാകുന്നത് പരിഗണിക്കുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കും. സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്ന് വിവരമുണ്ട്. ഇന്ന് സംപ്രേക്ഷണം ഒരു സ്വകാര്യ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തന്റെടുത്ത് സഹായമാവശ്യപ്പെട്ട് എത്തിയ യുവതിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായാണ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാകുന്നത്. ആരോപണം ശക്തമായതിനെത്തുടര്‍ന്നായിരുന്നു ശശീന്ദ്രന്‍ രാജിവെച്ചത്. ഇതിന് പിന്നാലെ ശശീന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

KCN

more recommended stories