മക്കളെ കുടിക്കാന്‍ വെള്ളം വേണം: തളങ്കര സ്വദേശിനികളുടെ ആവശ്യം വൈറലായി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 21-ാം വാര്‍ഡായ തളങ്കര ഹൊന്നമൂലയിലെ 35 ഓളം കുടുംബങ്ങള്‍ക്ക് വേണ്ടി രണ്ട് വര്‍ഷം മുമ്പ്് സ്ഥാപിച്ച ബോര്‍വെല്ലും ജലസംഭരണിയും മോട്ടോറും നോക്കുകുത്തിയായി. അടുത്ത് തന്നെ വൈദ്യുതി പോസ്റ്റ് ഉണ്ടായിട്ടുപോലും കണക്ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതി പാതിവഴിയിലായത്. വെള്ളത്തിന് വേണ്ടി അപേക്ഷിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ‘ഇപ്പം ശരിയാക്കിത്തരാം’ എന്ന പതിവ് പല്ലവി തന്നെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളും കുട്ടികളും പ്രതിഷേധ സൂചകമായി വെള്ളം വരാത്ത പൈപ്പിനു താഴെ കുടങ്ങളുമായി കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നിട്ടുപോലും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകനും ജി എച്ച് എം പ്രതിനിധിയുമായ ബുര്‍ഹാന്‍ തളങ്കര പറഞ്ഞു. യാതൊരു മുന്നൊരുക്കമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെയാണ് കുഴല്‍ കിണര്‍ കുഴിച്ചതെന്നും, കുഴല്‍ കിണറിനു ടാങ്കിനുമിടയില്‍ വൈദ്യുതി സംവിധാനം ഒരുക്കാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണമായിട്ടുള്ളതെന്നുമാണ് പരാതി. വൈദ്യുതി ശരിയായി വരുമ്പോഴേക്കും മോട്ടോറും ജലസംഭരണിയും നശിച്ചുകൊണ്ടിരിക്കുകയാണ്. വേനല്‍ കടുത്തതോടെ കുടിവെള്ളമില്ലാതെ ഈ പ്രദേശത്തെ ജനങ്ങള്‍ പരക്കം പായുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ടാങ്ക് സ്ഥാപിച്ചതിന്റെ രണ്ടാം വാര്‍ഷികമായ ഏപ്രില്‍ അഞ്ചിന് കാസര്‍കോട് നഗരസഭയ്ക്ക് മുന്നില്‍ കേക്ക് മുറിച്ച് വാര്‍ഷികം ആഘോഷിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കേക്ക് ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാര്‍ക്കും വിതരണം ചെയ്യും. പ്രതിഷേധ സമരത്തില്‍ സാദിഖ് പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. സൗദ, റജീന, റുക്സാന, സാഹില, ഷംല, റുക്സാന ഹൊന്നമൂല, ശാരദ, ജമീല, സൗമ്യ, രമ്യ, രാധ, സ്മിത, ഗിരിജ, ജമീല ഹൊന്നമൂല, ജയ, പുരുഷോത്തമന്‍, ഉമേഷ്, യൂനുസ് തളങ്കര എന്നിവരും സംബന്ധിച്ചു.

KCN

more recommended stories